KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പഞ്ചായത്ത് അംഗം പ്രകാശ് പള്ളിക്കൂടം മുങ്ങി, കോൺഗ്രസിന്റെ അവിശ്വാസപ്രമേയം വിജയിച്ചില്ല, എരുമേലി പഞ്ചായത്തിൽ എൽഡിഎഫിന് തുടർഭരണം..

എരുമേലി : എരുമേലിയിലെ കോൺഗ്രസിന്റെ കഷ്ടകാലം തുടരുന്നു.. ഭൂരിപക്ഷമുണ്ടായിട്ടും എരുമേലി ഗ്രാമപ്പഞ്ചായത്തിൽ നിർഭാഗ്യം മൂലം നഷ്ടപ്പെട്ട പ്രസിഡന്റ് സ്ഥാനം തിരികെപ്പിടിക്കാൻ കോൺഗ്രസിന് അവസരം വീണ്ടും കിട്ടിയപ്പോൾ അപ്രതീക്ഷിത നീക്കത്തിലൂടെ വീണ്ടും ഭരണം നഷ്ടമായി. ഇത്തവണ കോൺഗ്രസിലെ ഏറ്റവും വിശ്വസ്തൻ എന്ന് കരുതിയിരുന്ന മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും, നിലവിൽ എരുമേലി പഞ്ചായത്തിലെ ഇരുമ്പൂന്നിക്കര വാർഡ് അംഗവുമായ പ്രകാശ് പള്ളിക്കൂടം കാലുമാറിയതോടെ കോൺഗ്രസിന് അത് അപ്രതീക്ഷിത അടിയായി മാറി . ഇത്തവണ ആരും കാലുമാറാതിരിക്കുവാൻ അംഗംങ്ങൾക്ക് വിപ്പ് കൊടുക്കുവാൻ ഏറ്റവും മുൻപന്തിയിൽ നിന്നതും പ്രകാശ് പള്ളിക്കൂടം ആയിരുന്നു എന്നതിനാൽ, അദ്ദേഹത്തിന്റെ കാലുമാറ്റം കോൺഗ്രസ് നേതാക്കൾക്ക് അവിശ്വസനീയമായിരുന്നു. തലേദിവസം വൈകുന്നേരം വരെ പാർട്ടിക്കൊപ്പം അവിശ്വാസം വിജയിക്കുന്നതിനുള്ള തന്ത്രങ്ങൾ മെനയുവാൻ ഒപ്പമുണ്ടായിരുന്ന പ്രകാശിനെ രാത്രിയോടെ കാണാതാവുകയായിരുന്നു. ഫോൺ വിളികളിൽ കിട്ടായതോടെ നേതാക്കൾക്ക് അപകടം മണത്തുവെങ്കിലും, വോട്ടെടുപ്പിന് വരുമെന്ന പ്രതീക്ഷ നേതാക്കൾക്ക് ഉണ്ടായിരുന്നതിനാൽ അവസാന നിമിഷം വരെ എല്ലാവരും പ്രതീക്ഷയോടെ കാത്തിരുന്നു. സമയ പരിധി കഴിഞ്ഞിട്ടും ഈ അംഗം വന്നില്ല. ഇതോടെ നിയമനുസൃത ക്വോറമായ 12 അംഗങ്ങൾ ഇല്ലാത്തതിനാൽ അവിശ്വാസം അവതരിപ്പിക്കാൻ അനുമതി നിഷേധിച്ച് വരണാധികാരി യോഗം പിരിച്ചുവിടുകയായിരുന്നു.

.

ഭൂരിപക്ഷമുണ്ടായിട്ടും എരുമേലി ഗ്രാമപ്പഞ്ചായത്തിൽ നിർഭാഗ്യം മൂലം നഷ്ടപ്പെട്ട പ്രസിഡന്റ് സ്ഥാനം തിരികെപ്പിടിക്കാൻ യു.ഡി.എഫ്. നൽകിയ അവിശ്വാസ പ്രമേയം ബുധനാഴ്ചയായിരുന്നു അവതരിപ്പിക്കുവാൻ തീരുമാനിച്ചിരുന്നത് . എരുമേലി ഗ്രാമപ്പഞ്ചായത്തിൽ 11 സീറ്റ് വീതം തുല്യനിലയിലായിരുന്നു യു.ഡി.എഫും എൽ.ഡി.എഫും. യു.ഡി.എഫ്. വിമതനായി മത്സരിച്ച സ്വതന്ത്രൻ വിജയിക്കുകയും യു.ഡി.എഫിനൊപ്പം ചേരുകയും ചെയ്തതോടെ യു.ഡി.എഫ്. ഭരണമുറപ്പിച്ചനിലയിലായിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ ഒരംഗത്തിന്റെ വോട്ട് അസാധുവാകുകയും സീറ്റുനില തുല്യമായതിനാൽ നറുക്കെടുപ്പിൽ എൽ.ഡി.എഫിലെ തങ്കമ്മ ജോർജുകുട്ടി പ്രസിഡന്റാവുകയുമായിരുന്നു.

ഭരണം ആറുമാസം തികച്ചതോടെ, യു.ഡി.എഫ് അവിശ്വാസത്തിന് നോട്ടീസ് നൽകി . കോൺഗ്രസിന്റെ പഞ്ചായത്ത്‌ അംഗം പ്രകാശ് പള്ളിക്കൂടം പങ്കെടുക്കാഞ്ഞത് മൂലം അവിശ്വാസ പ്രമേയം അവതരിപ്പിക്കാനായില്ല. എൽഡിഎഫ് അംഗങ്ങളും കോൺഗ്രസിലെ ഒരു അംഗവും വിട്ടുനിന്നു. ഒരു സ്വതന്ത്രൻ ഉൾപ്പെടെ കോൺഗ്രസ്‌ അംഗങ്ങൾ 11 പേരാണ് പങ്കെടുത്തത്. 23 അംഗങ്ങൾ ഉള്ള ഭരണസമിതിയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ നിയമനുസൃത ക്വോറമായ 12 അംഗങ്ങൾ ഇല്ലെന്ന് അറിയിച്ച് പഞ്ചായത്ത്‌ കമ്മറ്റി യോഗം വരണാധികാരി പിരിച്ചുവിട്ടു. അതോടെ എൽഡിഎഫിന് തുടർഭരണം ലഭിച്ചു.

ഇന്നലെ രാവിലെ 11 ഓടെയാണ് അവിശ്വാസ പ്രമേയ അവതരണത്തിനായി ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി എസ് ഫൈസൽ വരണാധികാരിയായി പഞ്ചായത്ത്‌ ഓഫിസിൽ യോഗം ചേർന്നത്. തലേദിവസം രാത്രി മുതൽ കോൺഗ്രസിലെ ഒരംഗത്തെ കാണാതായിരുന്നു. ഇരുമ്പൂന്നിക്കര വാർഡ് അംഗം പ്രകാശിനെയാണ് കാണാതായത്. ഈ അംഗം അവസാന നിമിഷം വരുമെന്ന് പ്രതീക്ഷിച്ചാണ് കോൺഗ്രസ്‌ അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തത്. സമയ പരിധി കഴിഞ്ഞിട്ടും ഈ അംഗം വന്നില്ല. ഇതോടെ അവിശ്വാസം അവതരിപ്പിക്കാൻ അനുമതി നിഷേധിച്ച് യോഗം പിരിച്ചുവിടുകയായിരുന്നു. ഇക്കാര്യം അറിഞ്ഞ് ഓഫിസിന് പുറത്ത് കാത്തുനിന്ന എൽഡിഎഫ് പ്രവർത്തകർ ആഹ്ലാദം മുഴക്കി. സിപിഎം കുതിരക്കച്ചവടം നടത്തിയെന്ന് തുടർന്ന് നടന്ന വാർത്താ സമ്മേളനത്തിൽ കോൺഗ്രസ്‌ നേതൃത്വം ആരോപിച്ചു. ഒരു വോട്ട് അസാധു ആക്കിയത് മൂലമാണ് കഴിഞ്ഞ തവണയും പ്രസിഡന്റ് സ്ഥാനം നഷ്‌ടമായത്.

error: Content is protected !!