KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ജെസ്‌ന തിരോധാന കേസ്: സിബിഐ സമർപ്പിച്ച എഫ്ഐആർ കോടതി അംഗീകരിച്ചു

തിരുവനന്തപുരം∙ ജെസ്‌ന മരിയ ജെയിംസ് തിരോധന കേസുമായി ബന്ധപ്പെട്ട് സിബിഐ സമർപ്പിച്ച എഫ്ഐആർ കോടതി അംഗീകരിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ നന്ദകുമാർ നായർ സമർപ്പിച്ച എഫ്ഐആർ അംഗീകരിച്ചത്. പ്രതിയുടെ പേരിന്റെ സ്ഥാനത്ത് അജ്ഞാതം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും കേസ് അന്വേഷണം നടത്തിയപ്പോഴും തിരോധാനത്തിനു പിന്നിലെ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. 2018 മാർച്ച് 23നാണ് പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ പൊലീസ് ജെസ്‌ന കേസ് റജിസ്റ്റർ ചെയ്‍തത്. മൂന്നു വർഷം കഴിഞ്ഞിട്ടും ഒരു വിവരവും ലഭിക്കാത്തത് കാരണമാണ് പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്, ജെസ്‌നയുടെ സഹോദരൻ ജെയ്സ് ജോൺ ജെയിംസ് എന്നിവരായിരുന്നു സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇതേത്തുടർന്ന് 2021 ഫെബ്രുവരി 19നാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

ജസ്‌നയുടെ തിരോധാനത്തിന് അന്തർ സംസ്ഥാന ബന്ധമുണ്ടെന്നു കരുതുന്നു എന്ന ഹൈക്കോടതിയിൽ വാദിച്ച സിബിഐ എന്നാൽ എഫ്ഐആറിൽ ഇക്കാര്യങ്ങൾ പരാമർശിച്ചിട്ടില്ല. 2018 മാർച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളജ് വിദ്യാർഥിനിയായ ജെസ്‌നയെ കാണാതാകുന്നത്.   

error: Content is protected !!