KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

യാത്രക്കാരൻ ബസ്സിൽ കുഴഞ്ഞുവീണു .. ഡ്രൈവർ അടിയന്തിരമായി ബസ്സ് തിരിച്ചു ഒരു കിലോമീറ്റർ തിരികെ ഓടിച്ചു രോഗിയെ ആശുപത്രിയിൽ എത്തിച്ചു ജീവൻ രക്ഷിച്ചു ..

കാഞ്ഞിരപ്പളളി: ലൈറ്റ് ഇട്ട് ഹോണടിച്ച് വളരെ വേഗത്തിൽ ഒരു കെ.എസ്.ആർ.ടി.സി ബസ് കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ പ്രധാന ഗേറ്റ് കടന്ന് അകത്തേക്ക് പ്രവേശിച്ചപ്പോൾ ആശുപത്രിൽ ഉണ്ടായിരുന്ൻ രോഗികളും, ജീവനക്കാരും കാര്യം അറിയാതെ അമ്പരന്നു. നിമിഷങ്ങൾക്കുള്ളിൽ ആശുപത്രിയിലെ എമർജൻസി വിഭാഗം ഉണർന്നു പ്രവർത്തിച്ചു . ഓടിയെത്തിയ അവർ ബസ്സിൽ കുഴഞ്ഞുവീണ് കിടന്നിരുന്ന മധ്യവയസ്കനെ ഐസിയുവിലാക്കി അടിയന്തിര ചികിത്സ നൽകി ..

കാര്യം അറിഞ്ഞപ്പോൾ ആശുപത്രിയിൽ ആ സമയത്ത് ഉണ്ടായിരുന്ന നിരവധിപേർ ബസ് ജീവനക്കാരുടെ അടുത്തെത്തി നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു .

യാത്രയ്ക്കിടയിൽ ബസ്സിനുള്ളിൽ കുഴഞ്ഞുവീണ യാത്രക്കാരന്റെ ജീവൻ രക്ഷിക്കുവാൻ അടിയന്തിരമായി ബസ്സ് തിരിച്ചു ഒരുകിലോമീറ്റർ തിരികെ ഓടിച്ചു രോഗിയെ ആശുപത്രിയിൽ എത്തിച്ചു ജീവൻ രക്ഷിച്ച കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാർ മാതൃകയായി.

പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ. ടി.സി നിലമ്പൂർ ഡിപ്പോയിലെ ബസിൽ പെരുമ്പാവൂരിൽ നിന്നും കയറിയ അമ്പത്തിനാലുകാരനും മുൻ സൈനികനുമായ എരുമേലി സ്വദേശിയുടെ ജീവൻ രക്ഷിക്കുവാനാണ് കെ.എസ്.ആർ. ടി.സി നിലമ്പൂർ ഡിപ്പോയിലെ ജീവനക്കാർ ശ്രമിച്ചത്.

ബസ് കാഞ്ഞിരപ്പളളി എരുമേലി റൂട്ടിൽ സഞ്ചരിക്കവേ കുളപ്പുറം എത്തിയപ്പോൾ യാത്രക്കാരനായ എരുമേലി സ്വദേശി അപസ്‌മാര ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും തുടർന്ന് ബസിൽ കുഴഞ്ഞു വീഴുകയുമായിരുന്നു. തുടർന്ന് രോഗിക്ക് അടിയന്തര ചികിത്സയൊരുക്കുവാൻ ഒരു കിലോമീറ്റെർ പിന്നിലുള്ള കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ എത്തിക്കുവാൻ ബസ് തിരികെ ഓടിക്കുവാൻ കെ.എസ്.ആർ. ടി.സി നിലമ്പൂർ ഡിപ്പോയിലെ ജീവനക്കാരായ കണ്ടക്ടർ ജയേഷ് ടി കെയും, ഡ്രൈവർ ഷെബീർ അലിയും തീരുമാനിക്കുകയായിരുന്നു.

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിക്ക് ആവശ്യമായ അടിയന്തര ചികിത്സ ന്യൂറോളജി വിഭാഗത്തിന് കീഴിൽ ലഭ്യമാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു. രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ബന്ധുക്കളെ ഫോണിൽ വിവരമറിയിച്ചതിനു ശേഷം ബസ് ജീവനക്കാർ യാത്ര തുടർന്നു

error: Content is protected !!