റോഡ് മണ്ണിട്ട് ഉയർത്തി; മഴയത്ത് മണ്ണും മെറ്റലും ഒഴുകുന്നു, റോഡരികിലെ താമസക്കാർ ബുദ്ധിമുട്ടിൽ.
മണിമല : പ്ലാക്കൽപ്പടി-വെള്ളാവൂർ റോഡ് വീതികൂട്ടി നവീകരിച്ചപ്പോൾ നിർമ്മാണ പ്രവർത്തനത്തിൽ അപാകങ്ങളേറെ. വീതികൂട്ടാൻ സമീപത്തെ ഭൂവുടമകളുടെ സമ്മതപത്രം വാങ്ങിയപ്പോൾ പറഞ്ഞിരുന്ന കാര്യങ്ങൾ നടപ്പാക്കാത്തതിനാൽ ജനങ്ങൾ ബുദ്ധിമുട്ടിലാകുന്നു. റോഡ് ഉയർത്തുന്ന ഏതാനും ഭാഗങ്ങളിൽ ഓടകൾ നിർമിച്ച് സ്ലാബിട്ടു നൽകുമെന്ന് അറിയിച്ചിരുന്നു.ഇത് ചെയ്തില്ല.
റോഡ് ഉയർത്തിയ ഭാഗത്ത് ഓട നിർമിക്കാത്തതിനാൽ മണ്ണിട്ടുയർത്തിയ ഭാഗത്തെ മണ്ണും മെറ്റലും ടാറിങ്ങും ഇളകി സമീപത്തെ വീടിന്റെ വഴിയിലൂടെ ഒഴുകി വെള്ളം കെട്ടിക്കിടന്ന് കിണർ മലിനമായി. പൊട്ടുകുളം കവലയ്ക്ക് സമീപമുള്ള വീട്ടിലെ കിണറാണ് മലിനമായത്. പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന പ്രകാരം 12 കോടിരൂപ ചെലവിലാണ് ഏഴുകിലോമീറ്റർ ദൂരം റോഡ് നവീകരിച്ചത്. നിർമാണം പൂർത്തിയായിട്ട് മാസങ്ങൾ മാത്രമേ ആയുള്ളൂ.
