എരുമലയിൽ അയ്യപ്പഭക്തനെ മർദ്ദിച്ച താൽക്കാലിക ഭക്ഷണശാലയിലെ ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു
എരുമേലി : ഭക്ഷണശാലയിൽ അമിത വില ചോദ്യം ചെയ്ത അയ്യപ്പ ഭക്തനെ മർദ്ദിച്ച രണ്ട് പേർക്കെതിരെ കേസെടുത്തെന്ന് എരുമേലി പോലിസ് അറിയിച്ചു. മർദ്ദന സംഭവത്തിന്റെ സിസി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് കേസെടുത്തിരിക്കുന്നത്. കനകപ്പലം ശ്രീനിപുരം സ്വദേശികളുമായ നടുപ്പറമ്പിൽ നന്ദു, സഹോദരൻ ജിത്തു എന്നിവർക്കെതിരെ ആണ് കേസ്. മലപ്പുറം തിരൂരങ്ങാടി സ്വദേശി സുമേഷ് ആണ് മർദ്ദനമേറ്റെന്ന് കാട്ടി എരുമേലി പോലീസിൽ പരാതി നൽകിയിരുന്നത്.
എരുമേലി വലിയമ്പലത്തിലെ നടപ്പന്തലിലെ താൽക്കാലിക ഭക്ഷണശാലയിൽ കഴിഞ്ഞ ദിവസം സുമേഷ് ഉൾപ്പടെ തീർത്ഥാടക സംഘം ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു സംഭവം. ആറ് ചായയ്ക്കും ഒരു പാക്കറ്റ് ബിസ്‌കറ്റിനുമായി 140 രൂപ വാങ്ങിയെന്നും ഇത് അമിത വിലയാണെന്ന് പറഞ്ഞ് സുമേഷ് വിലവിവര പട്ടിക കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ കടയിലെ രണ്ട് പേർ മര്‍ദ്ദിച്ചെന്നും ദൃശ്യങ്ങൾ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും സുമേഷ് നൽകിയ പരാതിയിൽ പറയുന്നു.
നിലവിലുള്ള ക്രിമിനൽ നിയമ നടപടികൾ ഭാരതീയ ന്യായ സംഹിതയിലേക്ക് മാറിയ പ്രകാരമുള്ള രീതിയിൽ ആണ് കേസെടുത്തിരിക്കുന്നതെന്ന് പോലിസ് അറിയിച്ചു. പുതിയ നിയമ പ്രകാരം പ്രതികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഒരാഴ്ചയ്ക്കകം സ്റ്റേഷനിൽ ഹാജരാകാനാണ് നോട്ടീസ്. മർദ്ദനമേറ്റ അയ്യപ്പ ഭക്തനും ഹാജരാകണം. ഇദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുകയും ഇദ്ദേഹം പ്രതികളെ തിരിച്ചറിയുകയും വേണമെന്ന് പോലിസ് പറഞ്ഞു.
അതേസമയം പരാതിയ്ക്ക് രസീത് ആവശ്യപ്പെട്ടപ്പോൾ നിരസിച്ചെന്നും ഏറെ സമയം പോലിസ് സ്റ്റേഷനിൽ കാത്തിരുന്നിട്ടും അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കാൻ പോലിസ് തയ്യാറായില്ലന്നും സുമേഷ് പറയുന്നു. ശബരിമല തീർത്ഥാടന കേന്ദ്രങ്ങളിൽ വിലവിവര പട്ടിക പ്രദർശിപ്പിക്കാത്ത കച്ചവട സ്ഥാപനങ്ങൾക്കെതിരെയും അമിത വില ഈടാക്കുന്നത് സംബന്ധിച്ചും പോലിസ് എസ്എച്ച്ഒ യും പഞ്ചായത്ത് സെക്രട്ടറിയും സ്വമേധെയാ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശം ഉണ്ടെന്നും ഇത് എരുമേലിയിൽ പാലിക്കുന്നില്ലന്നും അയ്യപ്പ സേവാ സമാജം സംസ്ഥാന സെക്രട്ടറി മനോജ് എസ് നായർ ആരോപിച്ചു.
