KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി പ്രപ്പോസിൽ വാഴത്തോട്ടത്തിൽ കാട്ടുപന്നികൂട്ടത്തിന്റെ ആക്രമണം ; 65 വാഴകൾ കുത്തിമലർത്തി

എരുമേലി: മൂന്ന് മാസമായ 65 ഏത്ത വാഴകൾ കാട്ടുപന്നികൾ കുത്തിമലർത്തി അവയുടെ പിണ്ടികൾ പൊളിച്ചു തിന്നു. മുന്നൂറോളം ഏത്ത വാഴകൾ ഉണ്ടായിരുന്ന പറമ്പിൽ ഒരു ഭാഗത്തെ 65 വാഴകൾ ആണ് ഇങ്ങനെ നശിപ്പിക്കപ്പെട്ടത്. എരുമേലി പ്രപ്പോസ് വാർഡിൽ മണിപ്പുഴ വട്ടോൻകുഴിയിൽ കണയങ്കൽ മോൻസിമോൻ ജോസഫിന്റെ വാഴ കൃഷി ആണ് കാട്ടുപന്നികൾ നശിപ്പിച്ചത്. കഴിഞ്ഞ ദിവസം അർദ്ധ രാത്രിയിൽ ആണ് സംഭവം. പന്നികൾ പറമ്പിൽ കടക്കാതിരിക്കാൻ പറമ്പിൽ അതിരുകൾ ചുറ്റി മഞ്ഞ നിറമുള്ള പടുത വലിച്ചു കെട്ടി മറച്ചിരുന്നതാണ്. ഇത് പൊളിച്ചു കീറി ആണ് പന്നികൾ പറമ്പിലേക്ക് കടന്നത്.

മാസങ്ങൾക്ക് മുമ്പ് ഇതേ പറമ്പിൽ നട്ടുവളർത്തി കൊണ്ടിരുന്ന നാളികേര തൈകൾ പന്നികൾ കുഴികളിൽ നിന്ന് മാന്തി പുറത്തെടുത്ത് പന്നികൾ തിന്നു നശിപ്പിച്ചിരുന്നു. പന്നി ശല്യം മൂലം ഇത്തവണ കപ്പ കൃഷി ഒഴിവാക്കി ആണ് അടുത്ത ഓണത്തിനുള്ള വിപണിയിൽ കുലകൾ വിൽക്കാൻ വേണ്ടി മൂന്ന് മാസം മുമ്പ് ഏത്ത വാഴ കൃഷി തുടങ്ങിയതെന്ന് മോൻസിമോൻ ജോസഫ് പറഞ്ഞു. കപ്പയും തെങ്ങും പന്നികൾ നശിപ്പിച്ച പോലെ ഇപ്പോൾ വാഴ കൃഷിയും നശിപ്പിച്ചിരിക്കുകയാണ്. ഇങ്ങനെ ആയാൽ കർഷകർ എങ്ങനെ ജീവിക്കുമെന്ന് മോൻസിമോൻ ജോസഫ് ചോദിക്കുന്നു. കൃഷി ചെയ്യുന്നത് നഷ്ടപരിഹാരം വാങ്ങാൻ വേണ്ടി മാത്രം ആയി മാറുന്ന സ്ഥിതിയിൽ മേഖലയിൽ കാർഷിക രംഗം വന്യ ജീവികൾ മൂലം തകിടം മറിഞ്ഞിട്ട് നാളുകളായി.

error: Content is protected !!