ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം : പദ്ധതിപ്രദേശത്ത് റവന്യൂവകുപ്പിന്റെ പരിശോധനക്ക് തുടക്കമായി
എരുമേലി : നിർദ്ദിഷ്ട ശബരി ഗ്രീൻഫീൽഡ് വിമാനത്താളപദ്ധതിക്കായി കണ്ടെത്തിയ ഭൂമിയിൽ റവന്യൂവകുപ്പിന്റെ പരിശോധനക്ക് തുടക്കമായി . പദ്ധതിക്കായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിലും റൺവേക്കായി ഏറ്റെടുക്കുന്ന എരുമേലി, മണിമല പഞ്ചായത്തുകളിലെ സ്വകാര്യഭൂമിയുമാണ് പരിശോധിക്കുന്നത്. മണിമല വില്ലേജിലെ ചാരുവേലി ഭാഗത്താണ് ഫീൽഡ് സർവേ തുടങ്ങിയത്. പദ്ധതിക്കായി കണ്ടെത്തിയ ഭൂമിയിൽ നിശ്ചയിച്ച അതിർത്തി പരിശോധിച്ചതിനുശേഷം ഓരോരുത്തരുടെയും ഭൂമി സബ്‌ഡിവിഷൻചെയ്ത് രേഖകൾ തയ്യാറാക്കും.സർവേക്കുശേഷം സ്ഥലം ഏറ്റെടുക്കൽ നടപടികൾക്ക് മുമ്പായി 19(1) വിജ്ഞാപന മുണ്ടാവും.
ഇതിനുശേഷം ഭൂവുടമകളുടെ അഭിപ്രായം കേൾക്കും. ഉടമകൾ സ്ഥലത്തിന്റെ ഉടമസ്ഥാവകാശമുൾപ്പെടെയുള്ള രേഖകൾ ഹാജരാക്കണം. തിട്ടപ്പെടുത്തിയതിൽ പൂർണമായി ഏറ്റെടുക്കുന്ന വസ്തുക്കളുടെ ആധാരം റവന്യൂ വകുപ്പ് ഓഫീസിൽ സൂക്ഷിക്കും. വസ്തുവിൽ ഏറ്റെടുക്കുന്നത് കഴിഞ്ഞു ഭൂമിയുണ്ടെങ്കിൽ ഏറ്റടുത്ത ഭൂമിയുടെ അളവ് ആധാരത്തിൽ കുറവുചെയ്ത് ഉടമ അതിര് കൃത്യമാക്കും. ഉടമയ്ക്ക് ഭൂമിയിൽ ഉടമസ്ഥാവകാശം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവെയ്പും.
4 മാസം കൊണ്ട് ഫീൽഡ് സർവേ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് റവന്യൂ വകുപ്പ് വാല്യുവേഷൻ അസിസ്റ്റന്റ് എം. അരുൺ അറിയിച്ചു.
ബുധനാഴ്ച പരിശോധിച്ചത് ചാരുവേലിയിൽ റൺവേക്കുശേഷം 450 മീറ്റർ ലൈറ്റ് പോയിന്റ് വരുന്നഭാഗമാണ്. മറുസൈഡിൽ 900 മീറ്റർ ലൈറ്റ് പോയിന്റ് വരും. മുക്കട റോഡിൽനിന്നാവും റൺവേയുടെ പ്രവേശനഭാഗം. അവസാനഭാഗം ഓരുങ്കൽക്കടവിനുസമീപം ചക്കാലയ്ക്കൽ പുരയിടമാണ്. ഇവിടമാണ് ടേക്കോഫ് പോയിന്റിനുശേഷം സിഗനൽ ലൈറ്റ് വരുന്നയിടം.
റവന്യൂ വകുപ്പ് നിയോഗിച്ച 5 താൽക്കാലിക സർവേയർമാരും ഒരു റവന്യു സർവേയറും ഉൾപ്പെടെ 6 പേരാണ് സർവേ സംഘത്തിലുള്ളത്. 2 താൽക്കാലിക സർവേയർമാരെ കുടി നിയമിച്ച് സർവേ വേഗത്തിലാക്കും. മണിമല വില്ലേജിലെ സർവേ പൂർത്തിയാക്കിയ ശേഷമാണ് എരുമേലി തെക്ക് വില്ലേജിലേക്ക് പ്രവേശിക്കുന്നത്. ഓരോ സ്ഥലത്തും സർവേ നടത്തുമ്പോൾ അടുത്തുള്ള സ്ഥലം ഉടമകളെ അറിയിക്കും. നിലവിൽ ഈ വില്ലേജുകളിൽ ഡിജിറ്റൽ സർവേ നടക്കുന്നുണ്ട്. റവന്യു സർവേ പൂർത്തിയായ ശേഷം ഈ രേഖകൾ ഡിജിറ്റൽ സർവേയുമായി ഒത്തുനോക്കും. എരുമേലി തെക്ക്, മണിമല വില്ലേജുകളിൽനിന്ന് -1039.876 ഹെക്ടർ സ്ഥലമാണ് ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത് .
ഏറ്റെടുക്കുന്ന സ്ഥലങ്ങൾ :
ഏറ്റെടുക്കേണ്ട സ്ഥലങ്ങൾ സംബന്ധി ച്ച് ഏജൻസി തയ്യാറാക്കിയ സ്കെച്ച് അനുസരിച്ച് അതിരടയാളങ്ങൾ കൃത്യമാക്കുന്ന പ്രവൃത്തി ബുധനാഴ്ച തുടങ്ങി. ഇതുപൂർത്തിയായ ശേഷമേ ഏറ്റെടുക്കേണ്ട ഓരോ സ്ഥലങ്ങളും സർവേ നമ്പർ പ്രകാരം അളന്നുതിരിക്കൂ.
എരുമേലി തെക്ക് വില്ലേജിലെ ബ്ലോക്ക് നമ്പർ 23ൽ ഉൾപ്പെട്ട 366 പേരുടെയും മണിമല വില്ലേജിൽ ബ്ലോക്ക് നമ്പർ 19ൽ ഉൾപ്പെട്ട 73 പേരുടെയും സ്ഥലങ്ങൾ കൂടാതെ ബ്ലോക്ക് നമ്പർ 22ൽ ഉൾപ്പെട്ട, ഗോസ്റ്റൽ ഫോർ ഏഷ്യയും (ചെറുവള്ളി എസ്റ്റേറ്റ്) സർക്കാരും തമ്മിൽ ഉടമ സ്ഥാവകാശ തർക്കം നിലനിൽ ക്കുന്ന 811.4200 ഹെക്ടർ സ്ഥലം, 22-ാം നമ്പർ ബ്ലോക്കിൽ ഉൾപ്പെട്ട 42.5800 ഹെക്ടർ സ്ഥലം, 22-ാം ബ്ലോക്കിൽ ഉൾ പ്പെട്ട മലയാളം പ്ലാന്റേഷൻ ലിമിറ്റഡും സർക്കാരും തമ്മിൽ ഉടമസ്ഥാവകാശ തർക്കം നിലനിൽക്കുന്ന 1.8300 ഹെക്ടർ സ്ഥലം, മണിമല വില്ലേജിൽ 21-ാം ബ്ലോക്കിൽ ഉൾപ്പെട്ടതും ഗോസ്റ്റൽ ഫോർ ഏഷ്യയും സർക്കാരും തമ്മിൽ ഉടമസ്ഥാവകാശ തർക്കം നിലനിൽക്കുന്ന 60.4375 ഹെക്ടർ സ്ഥലം എന്നിവയാണ് ഏറ്റെടുക്കുന്നത്.
