KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊൻകുന്നം-മണിമല റോഡിൽ, ചെറുവള്ളി വയലിൽപ്പടിയിൽ മൂന്നുമണിക്കൂറിനിടെ രണ്ട് അപകടങ്ങൾ

പൊൻകുന്നം: പുനലൂർ -മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പൊൻകുന്നം-മണിമല റോഡിൽ ചെറുവള്ളി വയലിൽപ്പടിയിൽ മൂന്നുമണിക്കൂറിനിടെ രണ്ട് അപകടങ്ങൾ . ആർക്കും വലിയ പരിക്കില്ല. ശനിയാഴ്ച രാവിലെ അഞ്ചിനായിരുന്നു ആദ്യത്തെ അപകടം. റോഡിൽ ബ്രേക്ക് ചെയ്ത് തെന്നിമാറിയ കാർ റോഡരികിലെ തേക്കുമരത്തിലിടിച്ച് വട്ടം തിരിഞ്ഞ് നിന്നു. കാറിന്റെ ഒരുവശം മരത്തിൽ ഇടിച്ചതിനെ തുടർന്ന് തകർന്നു. മലപ്പുറത്ത് നിന്ന് പത്തനംതിട്ടയ്ക്ക് പോകുകയായിരുന്നു യാത്രക്കാർ .

ഇതേ സ്ഥലത്ത് പരിസരവാസികൾ രാവിലത്തെ അപകടത്തിൽ തകർന്ന കാറിനരികിൽ നിൽക്കവേയാണ് ബൊലേറോ റോഡിൽ നിന്ന് തെന്നിമാറി അപകടത്തിൽപ്പെട്ടത്. ഈ വാഹനത്തിന്റെ മുൻവശം ചെറിയതോതിൽ തകർന്നതൊഴിച്ചാൽ മറ്റ് അപകടമുണ്ടായില്ല. ആൾക്കാർ കൂടിനിൽക്കുന്നിടത്തേക്ക് എത്താതിരുന്നതിനാൽ ദുരന്തമൊഴിവായി. ഇതിലെ യാത്രക്കാർ നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് റാന്നിക്ക് പോകുകയായിരുന്നു.

രണ്ടാഴ്ച മുൻപും ഇതേ സ്ഥലത്ത് കാർ റോഡിൽ നിന്ന് തെന്നിമാറി റോഡരികിലെ ആഴമുള്ള കാനയുടെ മുകളിലൂടെ കടന്ന് പറമ്പിൽകയറി മരത്തിലിടിച്ചാണ് നിന്നത്. മഴസമയത്തായിരുന്നു ശനിയാഴ്ചത്തെ അപകടം. ഇവിടെ റോഡിന്റെ ചെരിവ് അപകടങ്ങൾക്ക് കാരണമാകുന്നതായി പരിസരവാസികൾ പറഞ്ഞു. സമീപത്തെ ഓടയുടെ അരികിൽ അപകടസൂചനാ തൂണുകളോ ക്രാഷ്ബാരിയറോ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

error: Content is protected !!