KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അപകടങ്ങളുടെ കുത്തിറക്കമായി കണ്ണിമല മഠംപടി ഇറക്കം : വീണ്ടും അപകടം : ചരക്കുമായി ലോറി മറിഞ്ഞു

എരുമേലി: കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടതെങ്കിൽ ആ സ്ഥാനത്ത് ഇന്നലെ ചരക്ക് ലോറി. ശബരിമല സീസണാകുമ്പോൾ അപകടങ്ങളുടെ പരമ്പര. അപകടങ്ങളുടെ കുത്തിറക്കമായി കണ്ണിമല മഠംപടി ഇറക്കം. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ആണ് ലോറി മറിഞ്ഞ് അപകടമുണ്ടായത്. അപകടത്തിൽ ഡ്രൈവർക്ക് നിസാര പരിക്കേറ്റു. ലോറി കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് പുറകോട്ട് ഉരുണ്ട് മറിയുകയായിരുന്നു. കൊല്ലത്ത് നിന്നും കുമളിയിലേക്ക് കശുവണ്ടി തോടുമായി പോയ ലോറിയാണ് മറിഞ്ഞത്.

കഴിഞ്ഞ അഞ്ചിനാണ് ഇവിടെ കെഎസ്ആർടിസി ബസ് ഇറക്കത്തിൽ ബ്രേക്ക്‌ തകരാർ മൂലം ക്രാഷ് ബാരിയറിൽ ഇടിച്ച ശേഷം എതിർവശത്തെ റബർ തോട്ടത്തിലേക്ക് കയ്യാല ഇടിച്ചു തകർത്ത് കയറിയത്. ഈ അപകടത്തിൽ ആർക്കും പരിക്കില്ല.

പൂഞ്ഞാർ എരുമേലി സംസ്ഥാന പാതയിലാണ് കണ്ണിമലയിലെ എസ് ആകൃതിയിലുള്ള ചെങ്കുത്തായ കയറ്റം. ദുർഘടമായ വളവാണ് ഇറക്കത്തിലും കയറ്റത്തിലും ഒരേ പോലെ അപകടം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. വളവ് തിരിഞ്ഞു കയറി ചെങ്കുത്തായ കയറ്റം കയറുമ്പോൾ ഭാരമേറിയ വാഹനങ്ങൾ ഏറെ പ്രയാസകരമായാണ് സഞ്ചരിക്കുന്നത്. ഇറക്കത്തിലാണെങ്കിൽ വളവിൽ എത്തുമ്പോൾ വേഗത തീരെ കുറച്ചാൽ മാത്രമാണ് അപകടരഹിതമായി സഞ്ചരിക്കാനാവുക. അമിത ഭാരം കയറ്റി വരുന്ന വലിയ വാഹനങ്ങൾ താഴ്ന്ന ഗിയറിൽ സഞ്ചരിക്കുന്നത് അപകടമായി മാറും.

അപകട വളവ് മാറ്റാനുള്ള നടപടി നിർദിഷ്‌ട ഭരണിക്കാവ് – മുണ്ടക്കയം 183 എ ദേശീയ പാതയുടെ നിർമാണത്തിലുണ്ടാകുമെന്നാണ് മരാമത്ത് അധികൃതർ പറയുന്നത്. നാലുവരി പാതയായി വിഭാവനം ചെയ്തിട്ടുള്ള ഈ പാതയുടെ നിർമാണം ആരംഭിച്ചിട്ടില്ല. ഇതിന് ഇനിയും കാലതാമസമുണ്ടാകുമെന്നാണ് അറിയുന്നത്. അത് വരെ അപകടത്തിന്റെ മുനമ്പിലൂടെ യാത്ര ചെയ്യേണ്ട സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു. നിർദിഷ്‌ട പാതയ്ക്ക് എരുമേലി- മുണ്ടക്കയം റൂട്ടിൽ ഉൾപ്പടെ സ്ഥലമേറ്റെടുക്കലിന് വിഞ്ജാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
നിലവിൽ ഈ വളവിൽ അപകടങ്ങൾ കുറയ്ക്കാൻ താൽക്കാലികമായി കരിങ്കല്ലുകൊണ്ട് സംരക്ഷണഭിത്തിയും ക്രാഷ്ബാരിയർ സ്ഥാപിക്കലും മാത്രമാണ് നടന്നിട്ടുള്ളത്. എസ് ആകൃതിയിലുള്ള ഈ വളവിൽ സമാന്തര റോഡ് നിർമിക്കണമെന്ന് നാട്ടുകാർ നിരന്തരമായി ആവശ്യമുയർത്തുന്നുണ്ട്. ഇക്കഴിഞ്ഞ ശബരിമല സീസൺ ഉൾപ്പടെ കഴിഞ്ഞകാല ശബരിമല സീസണുകളിലായി ഒട്ടേറെ അപകടങ്ങളാണ് സംഭവിച്ചത്. ശബരിമല സീസണുകളിൽ രാത്രിയും പകലും പോലിസ് കാവൽ നിന്നാണ് വാഹനങ്ങൾ കടത്തി വിട്ടിരുന്നത്. എന്നിട്ടും അപകടങ്ങൾ സംഭവിച്ചിരുന്നു.

error: Content is protected !!