മദ്യലഹരിയിൽ ഓടയുടെ ഗ്രില്ലിൽ കാൽ കുടുങ്ങി : പോലീസും നാട്ടുകാരും ഒരുമിച്ച് പരിശ്രമിച്ച് രക്ഷപെടുത്തി.
മുക്കൂട്ടുതറ : മദ്യലഹരിയിൽ റോഡരികിൽ നടന്നുപോകുന്നതിനിടെ ഓടയ്ക്ക് മുകളിൽ ഇരുമ്പ് പൈപ്പുകൾ കൊണ്ടുള്ള ഗ്രിൽ സ്ലാബിൽ പൈപ്പുകളുടെ ഇടയിൽ കാൽ പാദം കുടുങ്ങി വീണുകിടന്ന തമിഴ്നാട് സ്വദേശിയെ പോലീസും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി . രക്ഷപെട്ട ഉടനെ തമിഴ്നാട് സ്വദേശി സ്ഥലത്തുനിന്നും ഓടി സ്ഥലം വിട്ടു.
ഏറെ സമയം പണിപ്പെട്ട് കമ്പിപ്പാര കൊണ്ട് ഗ്രിൽ ഇളക്കി ഉയർത്തിയാണ് കാൽ പുറത്ത് എടുത്ത് ഇയാളെ രക്ഷിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെ മുക്കൂട്ടുതറ ടൗണിൽ പാലത്തിന് അടുത്തുള്ള ട്രാൻസ്‌ഫോർമറിന് സമീപമാണ് സംഭവം. പ്രദേശത്ത് ആക്രി സാധനങ്ങൾ പെറുക്കി വിറ്റ് ഉപജീവനം നടത്തുന്ന ഗോവിന്ദ സ്വാമി എന്ന് പേരുള്ള തമിഴ്നാട് സ്വദേശി ആണ് അപകടത്തിൽ പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു. കാൽ പുറത്തെടുത്ത ശേഷം ഇയാൾ ഓടിപ്പോയത് മദ്യ ലഹരിയിലായതിനാൽ പോലീസിനെ ഭയന്നായിരിക്കുമെന്നാണ് കരുതുന്നത്.
മുക്കൂട്ടുതറ റൂട്ടിൽ ശബരിമല തീർത്ഥാടന സേവന ഡ്യൂട്ടിയിലായിരുന്ന പൊൻകുന്നം പോലിസ് സ്റ്റേഷനിലെ എസ് ഐ പി കെ ചാക്കോ, എ എസ് ഐ അനോജ് കുമാർ, സിവിൽ പോലിസ് ഓഫിസർ എം കെ രാജീവ് എന്നിവരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
