KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഓണാഘോഷങ്ങൾ അടിച്ചുപൊളിക്കുവാൻ “കാളവണ്ടി ഇവന്റ് മാനേജ്മെൻറ്” കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി : കാളവണ്ടി കണ്ടിട്ടില്ലാത്ത പുതുതലമുറയ്ക്ക് കൗതുകമുയർത്തി “കാളവണ്ടി ഇവന്റ് മാനേജ്മെൻറ്” കാഞ്ഞിരപ്പള്ളി ചേനപ്പാടിയിൽ. മൂന്നര പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം ചേനപ്പാടി ഗ്രാമത്തിലെ കുന്നപ്പള്ളി തറവാടിന്റെ വീട്ടുമുറ്റത്ത് കാളവണ്ടിയുടെ മണിചിലങ്കയുടെ ശബ്ദം വീണ്ടും ഉയർന്നുതുടങ്ങി.

കുന്നപ്പള്ളി വീട്ടിൽ കാലങ്ങളായി കാളവണ്ടി ഉപയോഗിച്ചിരുന്നുവെങ്കിലും, മൂന്നര പതിറ്റാണ്ട് മുൻപുവരെ കാളവണ്ടി വീട്ടിലേക്ക് വേണ്ട അരി സാധനങ്ങൾ ഉൾപ്പെടെയുള്ള സാധനസാമഗ്രികൾ കയറ്റിയിറക്കുവാനാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ എത്തിയിരിക്കുന്ന പുതിയ കാളവണ്ടിയും കാളകളും ഇവന്റ് മാനേജ്മെന്റിന്റെ ഭാഗമായി ആവശ്യക്കാർക്ക് വാടകയക്കു കൊടുക്കുവാനാണ് ഉദ്ദേശിക്കുന്നത് .

ചേനപ്പാടി ഗ്രാമത്തിലെ പുറപ്പ കുന്നപള്ളി വീട്ടിലെ മത്തായിക്കാണ് 35 വർഷം മുൻപുവരെ കാളവണ്ടിയുണ്ടായിരുന്നത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ മക്കളായ തങ്കച്ചനും ബാബുവും ചേർന്നാണ് രണ്ടര ലക്ഷം രൂപ നൽകി ഇടുക്കി ജില്ലയിലെ ചേറ്റുകുഴിയിൽ നിന്നും കാളവണ്ടി വാങ്ങിയത്. കാളയ്ക്ക് ഒന്നര ലക്ഷം രൂപ ഇതിനു പുറമേ നൽകി. വിവാഹം, വ്യാപാര സ്ഥാപനങ്ങളുടെ അനൗൺസ്മെൻറ്റ്, സാംസ്ക്കാരിക ഘോഷയാത്ര എന്നിവയ്ക്കു കാളവണ്ടി ബുക്കിംഗ് ലഭിച്ചു കഴിഞ്ഞു.

പണ്ടുകാലത്ത് പല ചരക്ക് സാധനങ്ങളും തടിയും സിമൻന്റ്മൊക്കെ കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന കാളവണ്ടിക്ക്, മിനിലോറി, ഓട്ടോറിക്ഷാ എന്നിവയുടെ വരവോടു കൂടി ഓട്ടം ഇല്ലാതായതതോടെയാണ് കാളവണ്ടി യുഗം അവസാനിച്ചത്. പുത്തൻ തലമുറയ്ക്ക് അജ്ഞാതമായ കാളവണ്ടിയും കാളയും മണി മുഴക്കി ചേനപ്പാടി ഗ്രാമത്തിൽ കൂടി കുതിച്ചു പായുന്നത് കാണുവാൻ , നാട്ടുകാർ മാത്രമല്ല, അന്യനാട്ടിൽ നിന്നും ആളുകൾ എത്തുന്നുണ്ട് .

error: Content is protected !!