നിയന്ത്രണം തെറ്റി പാഞ്ഞ തീർത്ഥാടക വാഹനം ഇടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു ; കാൽനടയാത്രികൻ പരിക്കുകളോടെ രക്ഷപെട്ടു .. അബ്ദുൽ ജലീലിനെ മരണം കവർന്നപ്പോൾ തലനാരിഴയ്ക്ക് രക്ഷപെട്ടു ലൂയിസ് ഡേവിഡ്.
എരുമേലി : ആക്ടീവ സ്കൂട്ടറിൽ വരികയായിരുന്ന അബ്ദുൽ ജലീൽ കാറിടിച്ച് തെറിച്ചു പോകുമ്പോൾ മരണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു ലൂയിസ് ഡേവിഡ്. പിന്നിലൂടെ കാർ പാഞ്ഞുവരുന്നത് കണ്ട് പെട്ടന്ന് ഒഴിഞ്ഞു മാറിയ ലൂയിസിന് നിസാര പരിക്കേറ്റപ്പോൾ ലൂയിസിനെ തട്ടിവീഴ്ത്തിയ ശേഷം കാർ പാഞ്ഞെത്തി ഇടിച്ചത് അബ്ദുൽ ജലീലിനെയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ അബ്ദുൽ ജലീലിനെ ഉടൻ തന്നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഞായറാഴ്ച രാവിലെ ആറരയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. എരുമേലി ചരള റോഡിൽ ഗ്യാസ് ഗോഡൗൺ മുമ്പ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ മുന്നിൽ വെച്ചാണ് സംഭവം. തുമരംപാറയിൽ താമസിക്കുന്ന കോട്ടയം കുമ്മനം സ്വദേശി ഖദീജപറമ്പിൽ അബ്ദുൽ ജലീൽ (62) ആണ് അപകടത്തിൽ ദാരുണമായി മരണപ്പെട്ടത്. അപകടത്തിൽ നിന്ന് അദ്‌ഭുതകരമായി രക്ഷപെട്ട ലൂയിസ് ഡേവിഡ് അപകടത്തിന്റെ ദൃക്‌സാക്ഷിയാണ്.
എരുമേലി പ്രപ്പോസ് സ്വദേശിയും ബിജെപി ഭാരവാഹിയുമായ ലൂയിസ് രാവിലെ ടൗണിൽ നിന്ന് പത്രങ്ങൾ വാങ്ങിയ ശേഷം പ്രപ്പോസിലേക്ക് നടന്നുപോകുമ്പോൾ ആണ് കാർ പിന്നിലൂടെ പാഞ്ഞെത്തിയത്. തമിഴ് നാട്ടിൽ നിന്നും ശബരിമല ദർശനത്തിന് പോവുകയായിരുന്ന സംഘമായിരുന്നു കാറിൽ. അപകടത്തിൽ ഇവർക്ക് നിസാര പരിക്കുണ്ട്.
അമിത വേഗത്തിൽ ആണ് കാർ വന്നതെന്ന് ലൂയിസ് പറഞ്ഞു. റോഡിന്റെ അരികിലൂടെ നടക്കുകയായിരുന്ന തന്റെ നേർക്ക് കാർ പാഞ്ഞേത്തുമ്പോൾ ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോഴേക്കും കാർ തൊട്ടടുത്ത് എത്തിയിരുന്നെന്ന് ലൂയിസ് പറഞ്ഞു. പെട്ടന്ന് ഒഴിഞ്ഞു മാറുമ്പോഴേക്കും കാറിന്റെ മുന്നിലെ ഒരു വശം തന്റെ കയ്യിലും മുഖത്തുമായി തട്ടിയെന്നും താൻ റോഡിലേക്ക് തെറിച്ചു വീണെന്നും തുടർന്ന് വലിയൊരു ശബ്ദം കേട്ട് നോക്കുമ്പോൾ സ്കൂട്ടറും ഒരാളും ദൂരേക്ക് തെറിച്ചു പോകുന്നതാണ് കണ്ടതെന്നും ലൂയിസ് പറഞ്ഞു.
അല്പസമയം കഴിഞ്ഞ ശേഷമാണ് ലൂയിസിന് സമനില വീണ്ടെടുക്കാനായത്. തുടർന്ന് പോലിസ് ക്രൈം സ്റ്റോപ്പർ നമ്പരിൽ ലൂയിസ് വിളിച്ചു വിവരം അറിയിച്ചതോടെ ആണ് അബ്ദുൽ ജലീലിനെ ആശുപത്രിയിൽ എത്തിച്ചത്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അബ്ദുൽ ജലീൽ മരണപ്പെട്ടിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം അബ്ദുൽ ജലീലിന്റെ മൃതദേഹം വൈകിട്ട് കോട്ടയം കുമ്മനം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തി. അമിത വേഗതയ്ക്കും ഇതുമൂലമുണ്ടായ അപകടത്തിനും മരണത്തിനും കാർ ഡ്രൈവറെ പ്രതിയാക്കി കേസെടുത്തെന്ന് എരുമേലി പോലിസ് അറിയിച്ചു.
