ചേനപ്പാടി കരക്കാർ ആറന്മുള ക്ഷേത്രത്തിൽ പാളത്തൈര് സമർപ്പിച്ചു
ചേനപ്പാടി പാർഥസാരഥി ഭക്തജനസമിതി ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ ജന്മാഷ്ടമി സദ്യയ്ക്കുള്ള പാളത്തൈര് ശനിയാഴ്ച സമർപ്പിച്ചു . ഞായറാഴ്ച അഷ്ടമിരോഹിണി നാളിൽ ഭഗവാന്റെ സന്നിധിയിൽ ഭക്തർക്ക് വിളമ്പിയ സദ്യയിലെ പ്രധാനവിഭവമാണ് പാളത്തൈര്.
വാഴൂർ തീർഥപാദാശ്രമത്തിൽ തയ്യാറാക്കിയ 1500 ലിറ്റർ തൈരും ഭക്തർ വഴിപാടായി സമർപ്പിച്ച തൈരുമാണ് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ സമർപ്പിച്ചത് .
വെള്ളിയാഴ്ച വാഴൂർ തീർഥപാദാശ്രമത്തിൽ 1500 ലിറ്റർ തൈരിനുള്ള പാലിൽ ഉറയൊഴിക്കൽ ആശ്രമകാര്യദർശി സ്വാമി ഗരുഡധ്വജാനന്ദ തീർഥപാദരുടെ കാർമികത്വത്തിൽ നടത്തി. ആശ്രമത്തിലെ ഗോശാലയിലെ പാൽ ഉപയോഗിച്ചുള്ള തൈരും ചേനപ്പാടിയിലെ ഭക്തർ വഴിപാടായി സമർപ്പിക്കുന്ന തൈരുമാണ് ആറന്മുളയിൽ എത്തിച്ചത് . പൂർവികർ പാളപ്പാത്രങ്ങളിൽ തൈര് കൊണ്ടുപോയി ഭഗവാന് സമർപ്പിച്ചിരുന്നതിനാലാണ് പാളത്തൈര് എന്നറിയപ്പെടുന്നത്. പൂർവികരുടെ രീതിയിൽ പാളപ്പാത്രങ്ങളിലും തൈര് എത്തിച്ചു. .
വാഴൂർ തീർഥപാദാശ്രമ കാര്യദർശി സ്വാമി ഗരുഡധ്വജാനന്ദ തീർഥപാദർ രക്ഷാധികാരിയായ പാർഥസാരഥി ഭക്തജനസമിതി ഘോഷയാത്രയായി തൈര് സമർപ്പണത്തിന് ശനിയാഴ്ച രാവിലെ പുറപ്പെട്ടു . പുലർച്ചെ ചേനപ്പാടിയിലെ ഇളങ്കാവ് ഭഗവതി ക്ഷേത്രം, ധർമശാസ്താ ക്ഷേത്രം, ഇടയാറ്റുകാവ് ദേവീക്ഷേത്രം, പൂതക്കുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കണ്ണമ്പള്ളിൽ ഭഗവതിക്ഷേത്രം, കുറ്റിക്കാട്ടുകാവ് ദേവീക്ഷേത്രം, കിഴക്കേക്കര ഭഗവതിക്ഷേത്രം, അഞ്ചുകുഴി പരാശക്തി ദേവസ്ഥാനം, മഹാലക്ഷ്മി കാണിക്കമണ്ഡപം എന്നിവിടങ്ങളിൽ വഴിപാടുകൾ നടത്തി.
ചേനപ്പാടി എസ്എൻഡിപി യോഗം ശാഖ, പരുന്തന്മല ശ്രീദേവി വിലാസം ഭജനസമിതി, വിഴിക്കിത്തോട് ഭജന സമിതി എന്നിവയുടെയും സഹകരണത്തോടെ പ്രത്യേകം അലങ്കരിച്ച് തയാറാക്കിയ വാഹനത്തിൽ തീർഥപാദാശ്രമത്തിൽ നിന്ന് തൈര് ചേനപ്പാടി കിഴക്കേക്കര ഭഗവതിക്ഷേത്ര സന്നിധിയിലെത്തിച്ചു. തുടർന്നു രാവിലെ ഒൻപതിന് അവിടെ നിന്ന് നാമസങ്കീർത്തന ഘോഷയാത്രയായി ആറന്മുള ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. എരുമേലി പൊലീസ് എസ് ഐ ഭദ്രദീപം തെളിച്ച് ഘോഷയാത്ര ഉദ്ഘാടനം ചെയ്തു . രാവിലെ 11 മണിയോടെ ആറന്മുള പാർഥസാരഥി ക്ഷേത്രനടയിൽ തൈര് സമർപ്പണം നടത്തി . ഘോഷയാത്രയെ പാർഥസാരഥി പള്ളിയോട സമിതിയുടെ നേതൃത്വത്തിൽ വഞ്ചിപ്പാട്ട് പാടി സ്വീകരിച്ചു.
