KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കൊടുങ്കാറ്റിൽ തകർന്ന് ചിറക്കടവ് പ്രദേശം ..

പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിലെ മൂന്നുവാർഡുകളിലായി വീശിയടിച്ച കൊടുങ്കാറ്റിൽ നാശമുണ്ടായത് മുപ്പത്തഞ്ചിലേറെ വീടുകൾക്ക്. രണ്ടുവീടുകൾ പൂർണമായി നശിച്ചു. മറ്റുള്ളവയുടെ മേൽക്കൂരയ്ക്കും മുറികൾക്കും മരങ്ങൾ വീണ് നാശമുണ്ടായി. നൂറുകണക്കിന് മരങ്ങളും കാർഷികവിളകളും നശിച്ചു. ആറ്, ഏഴ്, എട്ട് വാർഡുകളിലാണ് ഏറെ നഷ്ടം. മറ്റുപ്രദേശങ്ങളിൽ കൃഷിനാശമുണ്ട്. നിരവധി വൈദ്യുതിത്തൂണുകൾ മരങ്ങൾ വീണ് ഒടിഞ്ഞു.

ഞായറാഴ്ച വൈകീട്ടാണ് കൊടുങ്കാറ്റുണ്ടായത്. മിക്ക വീടുകളിലും ആളുകൾ ഉണ്ടായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് ഇവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടത്. വൻമരങ്ങൾ ചുവടോടെ മറിഞ്ഞ് വീടുകൾക്ക് മുകളിലേയ്ക്ക് വീണാണ് കൂടുതലും നാശനഷ്ടമുണ്ടായത്. പലരും സമീപ വീടുകളിലാണ് രാത്രി കഴിച്ചുകൂട്ടിയത്. പ്രദേശത്താകെ വൈദ്യുതിവിതരണം നിലച്ചതോടെ ഭീകരാന്തരീക്ഷമായിരുന്നു.

പറപ്പള്ളിക്കുന്നേൽ പി.എൻ.സോജന്റെ വീടിന്റെ മട്ടുപ്പാവിലെ കൃഷിയുടെ മഴ മറയും ജലസംഭരണിയും കാറ്റിൽ തകർന്നു. ഇദ്ദേഹം വാടകയ്ക്ക് നൽകിയിരുന്ന വീടിന്റെ മുകളിൽ മരം വീണ് തകർന്നു. പശുത്തൊഴുത്തും മരം വീണ് തകർന്നു.
മുട്ടത്ത് ചന്ദ്രശേഖരൻ നായരുടെ വീടും കിണറും മരം വീണ് നശിച്ചു. പുത്തൻകളത്തിൽ പ്രതീഷ് കുമാറിന്റെ വീടിന്റെ മേൽക്കൂരയിലെ ഷീറ്റുകൾ കാറ്റിൽ പറന്നു പോയി. പൂവത്തുങ്കൽ വിദ്യാസാഗറിന്റെ വീടിന് മുകളിലേക്ക് പുളിമരം വീണ് നാശമുണ്ട്. വലിയ പറപ്പള്ളിക്കുന്നേൽ ഷാജിയുടെ വീടിന് മുകളിലും മരം വീണു. ചെറുകുന്നത്ത് സി.പി.ശശിധരൻനായർ, ഈ രൂരിക്കൽ ഫിലോമിന, മറ്റപ്പള്ളിൽ ബൈജു എന്നിവരുടെ വീടുകൾക്കും മരം വീണ് നാശമുണ്ടായി.

അമ്പഴത്തിനാൽ എ.ആർ.പ്രസാദിന്റെ പറമ്പിലെ കപ്പ മുഴുവൻ കടപുഴകി വീണു.
വട്ടക്കുഴി ഭാഗത്ത് കുന്നപ്പള്ളിൽ (തേക്കും തോട്ടത്തിൽ) ദീപുവിന്റെ വീടിന് പുറകിൽ തോട്ടിലേക്ക് കയ്യാല ഇടിഞ്ഞ് വീടിന് സുരക്ഷാ ഭീഷണിയായി. സമീപത്തുള്ള പള്ളിവാതുക്കൽ പറമ്പിൽ രാജപ്പൻ പിള്ളയുടേയും എം. കെ. ഷാജിയുടേയും പുരയിടത്തിൽ ജാതിയും മറ്റ് മരങ്ങളും പിടന്ന് വീണു. താവൂർ എം.ബി.മോഹനന്റെ വീടിനും കൃഷിക്കും നാശമുണ്ട്.

റോഡിന് കുറുകെ വൻമരങ്ങൾ കടപുഴകി വീണതോടെ ഗതാഗതവും തടസ്സപ്പെട്ടു. നാട്ടുകാരും അഗ്നിരക്ഷാസേനാംഗങ്ങളും കെഎസ്ഇബി ജീവനക്കാരും സഹകരിച്ചാണ് മരങ്ങളും വൈദ്യുതിത്തൂണുകളും വൈദ്യുതിലൈനുകളും മാറ്റിയത്. തിങ്കളാഴ്ച പകൽ മുഴുവൻ മരം മുറിച്ചുനീക്കലും വൈദ്യുതി പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങളുമായിരുന്നു. ഏറെ പ്രദേശത്തും ഇനിയും വൈദ്യുതി പുന:സ്ഥാപിക്കാനുണ്ട്. പഞ്ചായത്തംഗങ്ങളായ കെ.ജി.രാജേഷ്, ശ്രീലത സന്തോഷ്, വില്ലേജ് ഓഫീസർ പ്രമോദ്, സ്‌പെഷ്യൽ വില്ലേജ് ഓഫീസർ ഷൈൻമോൻ, വില്ലേജ് അസിസ്റ്റന്റ് ഇ.കെ.സാം തുടങ്ങിയവർ നാശമുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു. തകർന്ന വീടുകളുടെ വിലനിർണയം പഞ്ചായത്ത് അധികൃതർ നിർണയിച്ചതിന് ശേഷം താലൂക്ക് ഓഫീസിലേക്ക് കൈമാറും.

മാവ്, പ്ലാവ്, ആഞ്ഞിലി, തേക്ക്, റബ്ബർ മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വീണു. വലിയ ജാതിമരങ്ങൾ കൂട്ടത്തോടെ നശിച്ച കർഷകരുണ്ട്. കപ്പത്തോട്ടങ്ങൾ പൂർണമായും നശിച്ചു. വാഴത്തോട്ടങ്ങളിലും വൻനാശമുണ്ട്.

error: Content is protected !!