യുഡിഎഫിനു ഭൂരിപക്ഷമുള്ള എരുമേലി ഗ്രാമ പഞ്ചായത്തിൽ എൽഡിഎഫ് പ്രസിഡന്റ്
എരുമേലി : പട്ടിക വർഗ സംവരണമായ പ്രസിഡന്റ് സ്ഥാനത്തേക്ക് പട്ടിക വർഗ അംഗം ഇല്ലാത്തതിനാൽ 14 അംഗ യുഡിഎഫ് വിട്ടു നിന്നത് മൂലം കഴിഞ്ഞ ദിവസം ക്വോറം ഇല്ലാതെ മുടങ്ങിയ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തിങ്കളാഴ്ച ക്വോറം നിർബന്ധമില്ലാതെ നടന്നപ്പോൾ പ്രസിഡന്റായി ഭൂരിപക്ഷമില്ലാത്ത ഇടതുപക്ഷം. സിപിഎം അംഗം അമ്പിളി സജീവൻ ആണ് വോട്ടെടുപ്പിലൂടെ പ്രസിഡന്റായത്.
24 അംഗങ്ങൾ ആണ് മൊത്തം. ഇതിൽ ഭൂരിപക്ഷമായ 14 അംഗ യുഡിഎഫ് തിങ്കളാഴ്ചയും വിട്ടു നിന്നു. ബാക്കി 10 അംഗങ്ങളിൽ എൽഡിഎഫിന്റെ ഏഴും ബിജെപിയുടെ രണ്ടും ഉൾപ്പടെ ഒമ്പത് പേരാണ് പങ്കെടുത്തത്. ഇവരിൽ ഏഴ് പേരുള്ള എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായി അമ്പിളി സജീവനും രണ്ട് അംഗങ്ങളുള്ള ബിജെപിയുടെ സ്ഥാനാർത്ഥിയായ കെ കെ രാജനും പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ഥാനാർത്ഥികളായി നിർദേശിക്കപ്പെട്ടതോടെ വരണാധികാരി വോട്ടെടുപ്പ് നടത്തി. ഏഴ് വോട്ട് അമ്പിളി സജീവനും രണ്ട് വോട്ട് കെ കെ രാജനും നേടി. കൂടുതൽ വോട്ട് നേടിയ അമ്പിളി സജീവനെ പ്രസിഡന്റ് ആയി വരണാധികാരി പ്രഖ്യാപിച്ച ശേഷം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ചുമതല നൽകി. യോഗം ഇതോടെ പിരിഞ്ഞു
എൽഡിഎഫ് പ്രവർത്തകർ പുതിയ പ്രസിഡന്റിനൊപ്പം ആഹ്ലാദ പ്രകടനം നടത്തിയ സമയത്ത് പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ എത്തിയിരുന്നു. അദ്ദേഹം അമ്പിളി സജീവനെ അഭിനന്ദിച്ചു . യുഡിഎഫ് നടത്തിയ വർഗീയ പ്രചരണം മൂലമാണ് എൽഡിഎഫ് ഭൂരിപക്ഷമില്ലാത്ത അവസ്ഥയിൽ എത്തിയതെന്നും, എന്നാൽ അർഹമായ കരങ്ങളിൽ ആണ് പ്രസിഡന്റ് പദവി വന്നുചേർന്നതെന്നും അദ്ദേഹം പറഞ്ഞു.
