കാഞ്ഞിരപ്പള്ളിയുടെ ബ്ലോക്ക് മാറ്റുവാൻ പുതിയ ഗതാഗത പരിഷ്‌കാരങ്ങൾ
കാഞ്ഞിരപ്പള്ളി: ഏറെ വർഷങ്ങളായി കാഞ്ഞിരപ്പള്ളി അഭിമുഖീകരിക്കുന്ന ഗതാഗത കുരുക്കിന് പരിഹാരവുമായി ചില പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുവാൻ നിർദേശങ്ങൾ . പുതിയ പഞ്ചായത്ത് ഭരണസമിതി ടൗണിലെ കുരുക്കഴിക്കാൻ പദ്ധതികളുമായി രംഗത്തിറങ്ങാ൯ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇന്നലെ കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ഗതാഗത പരിഷ്‌കരണ യോഗം ചേർന്നു. ജനപ്രതിനിധികൾ. മോട്ടോർ വാഹന വകുപ്പ് , പോലീസ് – റവന്യൂ ഉദ്യോഗസ്ഥർ, ബസ് ഉടമകൾ, വ്യാപാരികൾ, ഓട്ടോ- ടാക്സി യൂണിയൻ പ്രതിനിധികൾ, തൊഴിലാളികൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർ യോഗത്തിൽ പങ്കെടുത്തു.
കാഞ്ഞിരപ്പള്ളി കുരിശുങ്കൽ മുതൽ പൂതക്കുഴി വരെ നീണ്ടു നിൽക്കുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി നിരവധി നിർദേശങ്ങൾ യോഗത്തിൽ ഉയർന്നു. നിർദേശങ്ങൾ പഠിച്ച് പരിശോധിച്ചശേഷം ഒരാഴ്‌ചയ്ക്കുള്ളിൽ വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തിൽ ചേരുന്ന
യോഗത്തിൽ ടൗണിൽ എന്തൊക്കെ ഗതാഗത പരിഷ്‌കരണം നടപ്പാക്കണമെന്ന് തീരുമാനിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല അറിയിച്ചു,
കാഞ്ഞിരപ്പള്ളി ടൗണിൽ പലയിടത്തും സിസിടിവി കാമറകൾ ഇല്ലാത്തത് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. പഞ്ചായത്ത്, വ്യാപാരികൾ എന്നിവരുടെ സഹകരണത്തോടെ കൂടുതൽ കാമറകൾ സ്ഥാപിച്ച് പോലീസ് സ്റ്റേഷനിൽ ദൃശ്യങ്ങൾ ലഭ്യമാക്കിയാൽ കുറ്റകൃത്യങ്ങൾ കുറയുമെന്നണ് പോലീസിന്റെ വാദം.
ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് വയർലെസ് സെറ്റ് നൽകും. കൂടുതൽ പോലിസ് ഉദ്യോഗസ്ഥരെ ട്രാഫിക് ഡ്യൂട്ടിക്കായി നിയോഗിക്കും .
ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കുകൾ ഓൺലൈനായി ശേഖരിക്കുമെന്നും ഓട്ടോറിക്ഷാ തൊഴിലാളികൾക്കും ബസ് ജീവനക്കാർക്കും യൂണിഫോം നിർബന്ധമാക്കുമെന്നും പോലീസ് അറിയിച്ചു.
സാധനങ്ങൾ വാങ്ങാൻ എത്തുന്നവരുടെ വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യാൻ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവരുടെ വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്‌താൽ പിഴ അടക്കേണ്ട സ്ഥിതി ഒഴിവാക്കണമെന്നും വ്യാപാരികൾ യോഗത്തിൽ ആവശ്യപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് വൈസ് പ്രസിഡന്റ് സുനിൽ തേനംമാക്കൽ ജില്ലാ പഞ്ചായത്തംഗം തോമസ് കുന്നപ്പള്ളി,
കാഞ്ഞിരപ്പള്ളി എസ്എച്ച്ഒ സി.കെ. മനോജ്, എംവിഡി ജോഷി തോമസ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ബെന്നിച്ചൻ കുട്ടൻച്ചിറ, ടി കെ ജയൻ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രധാന നിർദേശങ്ങൾ :
പേട്ടക്കവലയിൽ മുണ്ടക്കയം ഭാഗത്തേക്കും പൊൻകുന്നം ഭാഗത്തേക്കും ബസ്സ്റ്റോപ്പ് ഒരേ സ്ഥലത്തായത് ആയത് ഗതാഗത തടസം സൃഷ്ടിക്കുന്നുണ്ട്. അതിനാൽ പൊൻകുന്നം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് നിലവിലെ സ്ഥലത്തുനിന്നു പിന്നോട്ടു മാറ്റണം.
. ബസ് സ്റ്റോപ്പുകളിൽ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാൽ ഇതൊഴിവാക്കാൻ ബോർഡ് സ്ഥാപിക്കണം.
പൂതക്കുഴി മുതൽ കുരിശുകവല വരെ ദേശീയപാതയുടെ വശത്തും ഈരാറ്റുപേട്ട റോഡിലും അനധികൃത പാർക്കിങ് നടത്തുന്നവർക്ക് പിഴയിടണം.. അനധികൃത പാർക്കിംഗ് ഒഴിവാക്കാൻ ബോർഡ് സ്ഥാപിക്കും.
. കുരിശുങ്കൽ ജംഗ്ഷനിലെ ബസ് സ്റ്റോപ്പുകളിൽ ബസ് നിർത്തുമ്പോൾ ഉണ്ടാകുന്ന ബ്ലേക്ക് മാറ്റാൻ ക്രമീകരണം ഏർപ്പെടുത്തും.
. വഴിയോര കച്ചവടങ്ങൾ ഒഴിവാക്കണം
. വ്യാപാര സ്ഥാപനങ്ങളിലേക്ക് ലോഡ് ഇറക്കുന്നതിന് സമയക്രമം വേണം.
. വാഹന പാർക്കിംഗിനായി കൂടുതൽ സ്ഥലങ്ങൾ കണ്ടെത്താൻ അറിയിപ്പുകൾ നൽകണം.
. ബസ് സ്റ്റാൻഡിൽ പോലീസ സാന്നിധ്യം വേണം.
. പാർക്കിംഗിനായി ടൗണിൽ ലഭ്യമായ സ്ഥലങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കുന്നുവെന്നു ഉറപ്പുവരുത്തും.
. പൊൻകുന്നം ഭാഗത്തുനിന്നു വരുന്ന ബസുകൾ കുരിശു കവലയിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് പുത്തനങ്ങാടി ജംഗ്ഷനലൂടെ ബസ് സ്റ്റാൻഡിൽ എത്തുന്ന വിധം ക്രമീകരിക്കുന്നതിന്റെ സാധ്യതകൾ പരിശേധിക്കും.
