ശരീരത്തിനും മനസ്സിനും ഉണർവേകി കുട്ടികൾക്ക് അവധിക്കാലം ആഘോഷിക്കുവാൻ അവസരം ഒരുക്കി സൈനികൻ.
എരുമേലി. ദീർഘകാല സൈനീക ജീവിതത്തിന് ശേഷം നാട്ടിലെത്തിയ സലിമോന് ലക്ഷ്യങ്ങളിൽ പ്രധാനമായുണ്ടായിരുന്നത് തന്റെ ചുറ്റുപാടുമുള്ള കുട്ടികളെ സമൂഹത്തിനുതകും വിധം ആക്കുക എന്നുള്ളതായിരുന്നു. തന്റെ സൈനീക ജീവിതത്തിൽ ഏറെക്കാലവും പരിശീലകൻ എന്നതായിരുന്നു സലിമോന്റെ നിയോഗം.ആ നിയോഗത്തിന്റെ തുടർച്ചയാണ് നാട്ടിലെ കുട്ടികൾക്ക് ഇപ്പോൾ ലഭിക്കുന്നത്. തികച്ചും സൗജന്യമായി കുട്ടികൾക്ക് കായിക, മാനസിക പരിശീലനം എന്ന ഒരു ചെറു വാട്സ്ആപ് സന്ദേശം ഇത്ര വിജയിക്കുമെന്ന് സലിമോനും കരുതിയില്ല.
കനകപ്പലം എം റ്റി എച്ച് സ്കൂൾ മൈതാനത്ത് നിരവധി കുട്ടികളാണ് പുലർച്ചെ സലിമോന്റെ കീഴിൽ ശാരീരിക പരിശീലനം നടത്തുന്നത്.ഇത് കഴിഞ്ഞാൽ കുട്ടികൾക്ക് ഇഷ്ടമായ ഫുട്ബോൾ, ക്രിക്കറ്റ്, സൈക്കിളിംഗ് എന്തുമാവാം. യോഗ പരിശീലനം, മയക്കുമരുന്നിനെതിരെയുള്ള ബോധവൽക്കരണം എല്ലാം ഉൾകൊള്ളിച്ച പരിശീലനം ആയതിനാൽ രക്ഷിതാക്കൾക്കും കുട്ടികളെ വിടാൻ പൂർണ സമ്മതം. രാവിലെ ആറുമണി മുതലാണ് പരിശീലനം.
പാതിരാത്രി വരെ ഫോണോ ടി വി യോ കണ്ടിരുന്നുശേഷം രാവിലെ പത്തുമണിയായാലും ഉണരാൻ മടിക്കുന്ന കുട്ടികൾക്ക് ഇപ്പോൾ പുലർച്ചതന്നെ കൂട്ടുകാരുമൊത്ത് സ്കൂൾ മൈതാനെത്തെത്താൻ ഉത്സാഹമാണെന്നാണ് രക്ഷിതാക്കളുടെയും പക്ഷം.സമയത്ത് ഭക്ഷണം, ഉറക്കം എല്ലാം കുട്ടികൾ ശീലമാക്കുന്നു.
ഓരോ വർഷവും എത്തുന്ന നൂറുകണക്കിന് പുതു സൈനീകരുടെ ഇഷ്ട പരിശീലകൻ കൂടിയായിരുന്നു സലിമോൻ. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്ത കാലയളവിൽ അവിടെയെല്ലാം അതാത് കാലാവസ്ഥക്ക് ചേരുന്ന നൂറുകണക്കിന് മരങ്ങൾ വച്ചുപിടിപ്പിച്ച് മേലുദ്യോഗസ്ഥരുടെ അടക്കം അനുമോദനങ്ങൾ നേടി. നാട്ടിൽ വന്നശേഷം തൊട്ടടുത്ത സ്ഥലങ്ങൾ പാട്ടത്തിനെടുത്ത് പലവിധ കൃഷികളും ചെറു കച്ചവടസ്ഥാപനവും നടത്തുന്നു.
ഭാര്യ അജിതയും പുലർച്ചെ നടക്കാനായി ഒപ്പം കൂടുന്നു. മൂത്ത മകൻ ബാംഗ്ലൂരിലും മകൾ മാളു ഇംഗ്ലണ്ടിലും ജോലി ചെയ്യുന്നു.ഇളയ മകൻ അപ്പു കാഞ്ഞിരപ്പള്ളി സെൻറ് ഡോമിനിക് കോളേജിൽ ബിരുദ വിദ്യാർത്ഥിയുമാണ്.
