ഇടിമിന്നലിൽ വീട് കത്തിനശിച്ചു
ഇളമ്പള്ളി: വെള്ളിയാഴ്ച വൈകീട്ടുണ്ടായ ശക്തമായ ഇടിമിന്നലിൽ പള്ളിക്കത്തോട് പഞ്ചായത്ത് ആറാംവാർഡിൽ ഇളമ്പള്ളി നെയ്യാട്ടുശ്ശേരി കോട്ടേപ്പറമ്പിൽ ദിവ്യ സന്തോഷിന്റെ വീട് കത്തിനശിച്ചു. സംഭവസമയത്ത് ദിവ്യ ജോലിസ്ഥലത്തായിരുന്നു. വീടിന്റെ മുറ്റത്തിരുന്ന ബൈക്കും മര ഉരുപ്പടികളും കത്തിപ്പോയി.
വൈകീട്ട് നാലരയോടെയുണ്ടായ മഴയിലാണ് സംഭവം. ഭർത്താവ് മരിച്ച ദിവ്യ ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചുവന്നിരുന്നത്. സപ്ലൈകോയുടെ ഔട്ട്‌ലറ്റുകളിൽ സ്വകാര്യകമ്പനിയുടെ ജീവനക്കാരിയായി പ്രവർത്തിക്കുകയായിരുന്നു ദിവ്യ.
ഇടിമിന്നലിൽ വീട്ടിൽ തീയും പുകയും ഉയർന്ന ഉടൻ അയൽവാസികൾ പള്ളിക്കത്തോട് പോലീസിലും ഫയർഫോഴ്‌സിലും അറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തിയപ്പോഴേക്കും അയൽവാസികൾ ചേർന്ന് തീയണച്ചിരുന്നു.
വീടിന്റെ ഭിത്തിയും മേൽക്കൂരയിലെ ആസ്ബസ്‌റ്റോസ് ഷീറ്റുകളും കക്കൂസിലെ ക്ലോസെറ്റുൾപ്പെടെയും തകർന്നു. സന്തോഷ് കെട്ടിടനിർമാണ കരാറുകാരനായിരുന്നു. അക്കാലത്ത് ഉപയോഗിച്ചിരുന്ന പഴയ തടി ഉരുപ്പടികളും പഴയ ഫർണീച്ചറുകളും വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്നതും കത്തിനശിച്ചു.
