എരുമേലിയുടെ വികസനം ഇനി എങ്ങനെ? പുതിയ സർക്കാരിന്റെ നയം നിർണായകം.
എരുമേലി. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ എരുമേലിയിൽ തുടക്കമിട്ട വികസന പദ്ധതികളുടെ ഭാവി എന്താകുമെന്ന ആകാംക്ഷയിലാണു ജനങ്ങൾ.
ശബരിമല വിമാനത്താവളം
ആദ്യ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തുടക്കമിട്ടതും ഇപ്പോഴും സ്ഥലം ഏറ്റെടുപ്പിനുള്ള അടിസ്ഥാന നടപടികൾ പോലും പ്രതിസന്ധിയിൽ തുടരുന്നതുമായ ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളം, അധികാര മേൽക്കുന്ന യുഡിഎഫ് സർക്കാരിന്റെ നില പാടിനെ ആശ്രയിച്ചാകും മുന്നോട്ടുപോകുക.
ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുത്ത് ശബരിമല വിമാനത്താവളം നിർമിക്കുന്നതിൽ അനുകൂല നിലപാടാണ് യുഡിഎഫ് ഇതുവരെ പുലർത്തിപ്പോന്നത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിനു ഈ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് പിന്തുണയും നൽകി.
എന്നാൽ പദ്ധതിയുടെ ആദ്യഘട്ടത്തിൽ തന്നെ 2 തവണയാണ് എൽഡിഎഫ് സർക്കാർ പിൻവാങ്ങേണ്ടി വന്നത്. 2 തവണയും സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ പാലിക്കുന്നതിൽ ഉണ്ടായ വീഴ്ച മൂലം കോടതിയിൽ തിരിച്ചടി നേരിടുകയായിരുന്നു. മൂന്നാം തവണ ചെറുവള്ളി എസ്‌റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് സർക്കാരും മാനേജ്മെന്റ്റ് തമ്മിൽ പാലാ സബ് കോടതിയിൽ നടത്തി വന്ന കേസിൽ സർക്കാർ പരാജയപ്പെടുകയും എസ്‌റ്റേറ്റിന്റെ ഉടമസ്ഥാവകാശം അയന ചാരിറ്റബിൾ ട്രസ്റ്റിന് ആണെന്ന് കോടതി കണ്ടെത്തുകയും ചെയ്തു. ഇതോടെ എസ്റ്റേറ്റ് സ്ഥലം ഏറ്റെടുക്കൽ കൂടുതൽ പ്രതിസന്ധിയിലായി.
ശബരി റെയിൽ ?
എൽഡിഎഫ് സർക്കാരിന്റെ അവസാന സമയങ്ങളിലാണ് അങ്കമാലി – എരുമേലി ശബരി റെയിൽവേ നടപടികൾ ട്രാക്കിലായത്. ശബരി റെയിൽവേയുമായി ബന്ധപ്പെടുള്ള നടപടികൾ തുടരണമെങ്കിലും സർക്കാരിന്റെ നയപരമായ നിലപാട് നിർണായകമാകും. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിൽ പകുതി പണം കണ്ടെത്തേണ്ടത് സംസ്ഥാന സർക്കാരാണ്. യൂഡിഎഫ് പ്രതിപക്ഷത്ത് ആയിരുന്ന ഘട്ടത്തിൽ പദ്ധതിയുമായി സഹകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഭരണത്തിൽ വരുമ്പോഴും ഈ നിലപാട് ആണ് തുടരുന്നതെങ്കിൽ ശബരി റെയിൽവേ പദ്ധതിക്ക് തടസ്സങ്ങൾ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ.
എരുമേലി മാസ്‌റ്റർ പ്ലാൻ
മണ്ഡല മകരവിളക്ക് കാലത്ത് ലക്ഷക്കണക്കിനു തീർഥാടകർ എത്തുന്ന എരുമേലിയിൽ അടിസ്ഥാന സൗകര്യ വികസനവുമായി
ബന്ധപ്പെട്ടാണ് മാസ്‌റ്റർ പ്ലാൻ തയാറാക്കിയത്. കഴിഞ്ഞ 2 ബജറ്റുകളിലായി 10 കോടി രൂപയും മാറ്റിവച്ചിരുന്നു. തിരഞെഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മാസങ്ങൾക്ക് മുൻപ് പദ്ധതിയുടെ വിശദമായ രൂപരേഖയും തയാറാക്കി.
നഗരത്തിലെ സമാന്തര റോഡുകളുടെ വികസനം, എരുമേലി – പേരുത്തോട് പരമ്പരാഗത പാതയുടെ വികസനം, എരുമേലി ക്ഷേത്രത്തിനു സമീപം ശുചിമുറി കോംപ്ലക്സ്, പുതിയ ഓവർ ഹെഡ് ടാങ്ക്, എരുമേലി വലിയ തോട്ടിൽ പുതിയ തടയണ തുടങ്ങിയവയായിരുന്നു പദ്ധതി. എന്നാൽ ഈ പദ്ധതികൾ യാഥാർഥ്യമാക്കണമെങ്കിൽ പുതിയ സർക്കാരിന്റെയും പുതിയ എംഎൽഎയുടെയും ശക്തമായ ഇടപെടൽ വേണം.
പമ്പാവാലി,എയ്ഞ്ചൽവാലി പ്രശ്നം
എരുമേലി പഞ്ചായത്തിലെ പമ്പാവാലി, എയ്ഞ്ചൽവാലി വാർഡുകൾ ഉൾപ്പെടുന്ന ജനവാസ മേഖലകൾ വനം വകുപ്പിന്റെ രേഖകളിൽ പെരിയാർ കടുവാമൂഴി സങ്കേതത്തിന്റെ ഭാഗമായി മാറിയത് വലിയ ജനകീയ പ്രതിഷേധങ്ങൾക്കും കാരണമായിരുന്നു. ഈ പ്രതിഷേധങ്ങൾക്ക് മുന്നിൽ നിന്ന് പടനയിച്ചതു കോൺഗ്രസും യുഡിഎഫ് മുന്നണിയുമായിരു ന്നു.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മുൻപിലുള്ള ഈ പ്രശ്നത്തിൽ ഇപ്പോഴും പൂർണമായും പരിഹാരമായിട്ടില്ല. പമ്പാവാലിയും എയ്ഞ്ചൽവാലിയും പെരിയാർ കടുവ സങ്കേതത്തിന്റെ പരിധിയിൽ നിന്ന് നീക്കംചെയ്യുമ്പോൾ ഇതിനു പകരമായി പെരിയാർ കടുവാ സങ്കേതത്തിൽ നിന്ന് കുറവ് വരുന്ന 500 ഹെക്ടർ സ്ഥലം പകരമായി കണ്ടെത്തി നൽ കേണ്ടതുണ്ട്. ഈ നടപടികൾ പുതിയ സർക്കാരിന്റെ നയപരമായ നിലപാടിനെ ആശ്രയിച്ചാകും മുന്നോട്ടുപോകുക.
