വന്യമൃഗങ്ങളെ വനത്തിൽ തുറന്നുവിടുമ്പോൾ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മിഷൻ.
മുണ്ടക്കയം : നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ പിടികൂടി വനത്തിൽ തുറന്നുവിടുമ്പോൾ സുതാര്യതയും ജനങ്ങളുടെ സുരക്ഷയും പാലിക്കപ്പെടണം എന്ന് മനു ഷ്യാവകാശ കമ്മിഷൻ ഉത്തരവ്. വനങ്ങളോട് ചേർന്ന് താമസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടാകാതിരിക്കാനുള്ള ബാധ്യത വനംവകുപ്പിന് ഉണ്ടെന്നും ഇത്തരം നടപടികൾ സ്വീകരിക്കുമ്പോൾ പ്രാദേശിക ജനങ്ങളുമായി ആശയവിനിമയം
നടത്തണമെന്നും ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നൽകിയ ഉത്തരവിൽ പറയുന്നു. മനുഷ്യ-വന്യജീവി സംഘർഷം ലഘുകരിക്കുന്നതിന് വനംവകു പ്പ് കൂടുതൽ ശക്തവും ശാസ്ത്രീയവുമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.
കോരുത്തോട് പഞ്ചായത്തിലെ വിവിധ ജനവാസമേഖലകളിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ വന്യമൃഗങ്ങളെ തുറന്നുവിടുന്നതു കാരണം ജീവനും സ്വത്തിനും ആശങ്കയുണ്ടെന്ന് കാട്ടി പൊതു പ്രവർത്തകനായ പി.എൻ. വേണുക്കുട്ടൻ നായർ സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരന്റെ ആക്ഷേപങ്ങൾ ഗൗരവമായി പരിഗണിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി ഭാവിയിൽ ഇത്തരം ആശങ്കകൾ ആവർത്തിക്കാതിരിക്കാനുള്ള വ്യക്തമായ കർമപദ്ധതി നടപ്പിലാക്കണമെന്ന് കമ്മിഷൻ കോട്ടയം ഡിവിഷനൽ ഫോറസ്‌റ്റ് ഓഫിസർക്കും പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷൻ ഡപ്യൂട്ടി ഡയറക്ടർക്കും പമ്പ റേഞ്ച് ഫോറസ്റ്റ് ഓഫിസർക്കും നിർദേശം നൽകി.
അതേസമയം, ശബരിമലയിലും പമ്പയിലും നിന്ന് തീർഥാടകർക്ക് ഭീഷണിയായി മാറിയ കാട്ടുപന്നികളെ ചീഫ് ഫോറസ്‌റ്റ് ഓഫിസറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടി എരുമേലി റേഞ്ചിന് കീഴിലുള്ള വട്ടമല റിസർവ് വനത്തിന്റെ ഉള്ളിൽ മാത്രമാണ് കൊണ്ടുവിട്ടതെന്ന് പെരിയാർ ടൈഗർ റിസർ വ് വെസ്‌റ്റ് ഡിവിഷൻ ഡപ്യൂട്ടി ഡയറക്ടർ കമ്മിഷനെ അറിയിച്ചിരുന്നു.
