സ്കൂൾ ഫിറ്റ്നസ് പരിശോധന: കർശന നിർദേശങ്ങളിൽ വലഞ്ഞ് സ്കൂൾ അധികൃതർ.
സ്കൂളുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടുന്നതിന് ഇത്തവണ വേണ്ടത് ആറ് വകുപ്പുകളുടെ എൻ.ഒ.സി.. മോട്ടോർ വാഹന വകുപ്പ്, ആരോഗ്യം, വനം, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, അഗ്നിരക്ഷാ വിഭാഗം തദ്ദേശസ്വയം ഭരണം എന്നീ വകുപ്പുകളുടെ അനുമതിയാണ് വേണ്ടത്. തദ്ദേശസ്ഥാപന അസി. എൻജിനിയറാണ് ഫിറ്റ്നസ് നൽകേണ്ടത്.
സ്കൂളുകളിൽ അഗ്നിശമനോപകരണം സ്ഥാപിക്കണമെന്നത് പുതിയ നിർദേശമാണ്. സർക്കാർ സ്കൂളുകളിൽ പഞ്ചായത്തുകൾ ഇതിനുള്ള പണം കണ്ടെത്തേണ്ടിവരും.
ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അനുമതി വേണമെങ്കിൽ മിക്ക സ്കൂളുകളും വയറിങ് ഏതാണ്ട് പൂർണമായും മാറ്റേണ്ടിവരും.
പരിശോധനയ്ക്ക് ആവശ്യത്തിന് ജീവനക്കാരില്ലെന്നാണ് കളക്ടറുടെ യോഗത്തിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വിഭാഗം അറിയിച്ചത്. അഗ്നിരക്ഷാസേനാ വാഹനങ്ങൾക്ക് സ്കൂൾ പരിസരത്ത് എത്താനുള്ള സൗകര്യമുണ്ടാകണമെന്നാണ് മറ്റൊരു പ്രധാന നിബന്ധന.
വിപുലമായ സുരക്ഷാ ക്രമീകരണമാണ് ആരോഗ്യവകുപ്പും നിർദേശിക്കുന്നത്. ശുദ്ധജല സ്രോതസ്സുകളുടെ ഗുണനിലവാരം പരിശോധിച്ച് സർട്ടിഫിക്കറ്റ് വാങ്ങണം. വാട്ടർ ടാങ്കുകൾ നിർബന്ധമായും വൃത്തിയാക്കണം. കുട്ടികൾക്ക് അയൺ ഫോളിക് ഗുളിക ലഭ്യത ഉറപ്പാക്കണം. പാചകത്തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്.
അതേസമയം സ്കൂളുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം പരിഹരിക്കാൻ കളക്ടർ ഇടപെട്ടു. ഫിറ്റ്നസ് പരിശോധനയ്ക്ക് ബന്ധപ്പെട്ട വകുപ്പുകൾ സ്കൂൾ അധികൃത lരിൽനിന്ന് ഫീസ് ഈടാക്കരുതെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. എല്ലാ സ്കൂളുകളും എൻ.ഒ.സി.ക്കുവേണ്ടി ആറ് വകുപ്പുകൾക്ക് ഉടൻ അപേക്ഷ നൽകണമെന്ന് കളക്ടർ നിർദേശിച്ചു.
മേയ് 25-നകം എല്ലാ സ്കൂ ളുകളിലെയും അറ്റകുറ്റപ്പണി പൂർത്തിയാക്കി വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പാക്കണമെന്നും തീരുമാനമായി. ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വേഗത്തിലാക്കാനുള്ള തീരുമാനം.
ഒരു സ്കൂളിൽ കുറഞ്ഞത് രണ്ട് അഗ്നിശമനോപകരണങ്ങൾ സ്ഥാപിക്കണം. ഓഫീസിലും പാചകപ്പുരയിലുമാണ് ഇവ സ്ഥാപിക്കേണ്ടത്. സർക്കാർ സ്‌കൂളുകളുടെ അറ്റകുറ്റപ്പണി അതത് തദ്ദേശ സ്ഥാപന അധികൃതരുടെ നേതൃത്വത്തിൽ നടത്തണം. സ്കൂൾവളപ്പിലെ അപകടകരമായ മരങ്ങൾ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ വെട്ടി മാറ്റണം. ജലസ്രോതസ്സുകളുടെ സമീപമുള്ള സ്കൂളുകൾക്ക് സംരക്ഷണഭിത്തിയില്ലെങ്കിൽ ഉടൻ കെട്ടണം. വനംവകുപ്പ് സ്കൂൾ പരിസരം വൃത്തിയാണെന്ന് പരിശോധി ച്ച് ഉറപ്പുവരുത്തണം. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് പരിശോധനയ്ക്ക് സ്കൂൾ അധികൃതർ ട്രഷറിയിൽ കെ.എസ്.ഇ.ബി.യുടെ പേരിൽ 550 രൂപ അടയ്ക്കണമായിരുന്നു. ഇത് ഇപ്പോൾ ഒഴിവായി.
സ്കൂളുകൾ പാലിക്കേണ്ട നിബന്ധനകൾക്ക് ചെക്ക്ലിസ്റ്റ് ഉണ്ടാക്കിയിട്ടുണ്ടെങ്കിലും വിവിധ വകുപ്പുകൾക്ക് കൃത്യമായ ഉത്തരവോ നിർദേശമോ നൽകാത്തത് ഏറെ പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു. ചൊവ്വാഴ്ചയും കളക്ടർ യോഗം വിളിച്ചിട്ടുണ്ട്. എത്ര സളുകൾക്ക് വിവിധ വകുപ്പുകളുടെ എൻ.ഒ. സി. കിട്ടിയെന്നതുസംബന്ധിച്ച് വിവരം കള ക്ടർ ചോദിച്ചിട്ടുണ്ട്.
