അതിഥിത്തൊഴിലാളികൾ മടങ്ങി വന്നില്ല..പാതിവഴിയിൽ നിലച്ച് നിർമ്മാണങ്ങൾ..
വോട്ടുചെയ്യാൻ നാട്ടിലേക്ക് മടങ്ങിയ അതിഥിത്തൊഴിലാളികളുടെ മടങ്ങിവരവ് വൈകിയതോടെ കാഞ്ഞിരപ്പള്ളി മേഖലയിലെ നിർമാണമേഖലയിൽ സ്തംഭനം. ബംഗാൾ, അസം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനും തീവ്രവോട്ടർപ്പട്ടിക പരിഷ്കരണത്തിനുമായി നാട്ടിലേക്കുപോയ അതിഥിത്തൊഴിലാളികളിൽ ചെറിയ ശതമാനം മാത്രമാണ് ഇതിനകം മടങ്ങിയെത്തിയത്.
അതിഥിത്തൊഴിലാളികളുടെ മടക്കം വൈകുന്നതിനാൽ നിർമാണം ഉൾപ്പെടെ എല്ലാ തൊഴിൽ മേഖലകളിലും തൊഴിലാളിക്ഷാമം രൂക്ഷമാണ്. തൊഴിലാളികളെ ആവശ്യത്തിന് കിട്ടാതായതോടെ ഉയർന്ന കൂലി നൽകി പലരെയും കൂട്ടിക്കൊണ്ട് പോവുകയാണ്. മേസ്‌തിരിക്ക് 1,150 രൂപയും ഹെൽപ്പർക്ക് 950 രൂപയുമാണ് നേരത്തെ നൽകി വന്നിരുന്നത്. ഇത് 1300 രൂപ വരെയായി ഉയർന്നിട്ടുണ്ട്. . കാലവർഷം എത്തും മുന്‌പേ തീർക്കേണ്ട നിർമാണ പ്രവർത്തനങ്ങൾ തൊഴിലാളിക്ഷാമംമൂലം പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. സ്‌കൂൾ തുറക്കാനായതുകൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നിരവധി ജോലികളും തീർക്കാനുണ്ട്. ചില കൺസ്ട്രക്‌ഷൻ കന്‌പനികൾ ബംഗാൾ, അസം നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രത്യേകം ബസ് ഏർപ്പെടുത്തി തൊഴിലാളികളെ വോട്ടുചെയ്യാനയച്ചിരുന്നു.
ഇങ്ങനെപോയവരാണ് മടങ്ങിയെത്താത്തവരിൽ കൂടുതലും. മുപ്പതോളം തൊഴിലാളികളുണ്ടായിരുന്ന കരാറുകാർക്ക് കീഴിൽ ഇപ്പോൾ പത്തിൽ താഴെ തൊഴിലാളികൾ മാത്രമാണുള്ളത്. കാർഷിക മേഖലയിലും തൊഴിലാളികളുടെ ക്ഷാമമുണ്ട്. വേണ്ടത്ര തൊഴിലാളികളെ കിട്ടാത്തത് പൈനാപ്പിൾ കൃഷിക്കും തിരിച്ചടിയായിട്ടുണ്ട്. പാചകവാതകക്ഷാമം രൂക്ഷമായതും തൊഴിലാളികൾക്ക് ബുദ്ധിമുട്ടായി. തീവ്രവോട്ടർപ്പട്ടിക പരിഷ്‌കരണം ആരംഭിച്ചതുമുതൽ തൊഴിലാളികളുടെ മടക്കം ആരംഭിച്ചിരുന്നു. നാട്ടിലെത്തി വോട്ടർപട്ടിക പരിഷ്കരണ നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ പൗരത്വം നഷ്ട്‌ടപ്പെടുമെന്ന ഭീതിയാണ് കൂട്ടപലായനത്തിന് കാരണമായത്.
