KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിയിലെ വോളിബോൾ ഇൻഡോർ സ്റ്റേഡിയം തകർന്നുകിടക്കാൻ തുടങ്ങിയിട്ട് 12 വർഷമാകുന്നു ; ഇഴജന്തുക്കളുടെ ശല്യത്തിൽ സമീപവാസികൾ ദുരിതത്തിൽ .. എംഎൽഎ ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യം .

കാഞ്ഞിരപ്പള്ളി : പേട്ട ഗവ. സ്കൂൾ മൈതാനത്ത് നിർമിച്ച വോളിബോൾ ഇൻഡോർ സ്റ്റേഡിയം തകർന്നു കിടക്കാൻ തുടങ്ങിയിട്ട് 12 വർഷമാകുന്നു. പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ മേൽക്കൂര മുഴുവനായി നിലം പതിച്ച സ്റ്റേഡിയത്തിനു ചുറ്റും കാടുകളും നിറഞ്ഞു നിൽക്കുന്ന അവസ്ഥയാണ്. ഇഴജന്തുക്കളുടെ ശല്യത്തിൽ സമീപവാസികൾ ദുരിതത്തിലാണ്.

മൈതാനത്തിന്റെ സ്ഥലവും നഷ്ടമാക്കിക്കിടക്കുന്ന ഈ സ്റ്റേഡിയത്തിന്റെ ഭാഗങ്ങൾ എടുത്തുനിക്കണമെന്ന് ആവശ്യപ്പെട്ടിട്ട് ഇതുവരെ നടപടിയുണ്ടായിട്ടില്ല. കായികതാരങ്ങളെ വാർത്തെടുക്കൂന്നതിനായി നിർമിച്ച സ്റ്റേഡിയം ഇന്ന് സ്കൂളിന്റെ സൽപേരിനെ തന്നെ ബാധിക്കുന്ന രീതിയിലായി.

2014-ൽ പേട്ട ഗവണ്മെന്റ് സ്‌കൂളിനും ബി.എഡ്. സെന്ററിനും സമീപമാണ് വോളിബോൾ ഇൻഡോർ സ്റ്റേഡിയം നിർമിച്ചത്. ഉദ്ഘാടനം ചെയ്ത് നാലു മാസം കഴിഞ്ഞപ്പോൾ മേൽക്കൂര തകർന്നുവീണു. ആന്റോ ആന്റണി എം.പി.യുടെ 2011-12 വർഷത്തെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് 12 ലക്ഷംരൂപ ചെലവഴിച്ച് നിർമിച്ച സ്റ്റേഡിയം 2014 ഫെബ്രുവരി 28-നാണ് ഉദ്ഘാടനം ചെയ്തത്. 30 അടി ഉയരത്തിൽ 28 മീറ്റർ നീളത്തിൽ 16 മീറ്റർ വീതിയിൽ നിർമിച്ച സ്റ്റേഡിയത്തിന്റെ മേൽക്കൂര താങ്ങി നിർത്തിയ തൂണുകൾ തകർന്നാണ് മേൽക്കൂര നിലം പതിച്ചത്. വീഴ്ചയിൽ മേൽക്കൂരയ്ക്ക് കാര്യമായ കേടുപാടുകളുണ്ടായി ല്ല. പിന്നീട് പുനർനിർമിക്കാതെ വർഷങ്ങളായി ഉപയോഗയോഗ്യമല്ലാതെ കിടക്കുകയാണ് മേൽക്കൂര.

മേൽക്കൂരയോടു ചേർന്ന് കാട് മൂടിക്കിടക്കുന്നതിനാൽ പാമ്പുകളും ഇഴജന്തുക്കളും വളരാനുള്ള സാഹചര്യമുണ്ടെ ന്ന് സ്കൂൾ പി.ടി.എ. പറയു ന്നു. കഴിഞ്ഞ വർഷം ബി.എ ഡ്. കോളേജിന് സമീപം മൂർഖൻ പാമ്പിനെ കണ്ടെത്തിയിരുന്നു. പേട്ട ഗവ. സ്കൂൾ വളപ്പിൽ തന്നെയാണ് ഐ.എ ച്ച്.ആർ.ഡി. കോളേജും പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിനും ജനപ്രതിനികൾക്കും നവകേരളയാത്രയിലടക്കം പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല.

അഴിമതിയാരോപണത്തിൽ വിജിലൻസ് കേസുണ്ടെന്ന കാരണത്താലാണ് ഇതുവരെ മേൽക്കൂര എടുത്ത് നീക്കാത്തത്. എം.എൽ.എ. അടക്കമുള്ളവർ വിഷയത്തിൽ ഇടപെട്ട് തകർന്നുവീണ മേൽക്കൂര എടുത്തുനീക്കണമെന്നാണ് ആവശ്യമുയരുന്നത്.

error: Content is protected !!