ചേനപ്പാടിയിൽ നിന്നും മുഖംമൂടി ധരിച്ച അജ്ഞാതർ കുട്ടിയെ തട്ടിക്കൊണ്ടുപോകുവാൻ ശ്രമിച്ചു എന്ന പരാതി വ്യാജമെന്ന് പോലീസ് .
എരുമേലി : ചേനപ്പാടിയിൽ നിന്നും 12 വയസുകാരനെ മുഖംമൂടി ധരിച്ച രണ്ടുപേർ തട്ടിക്കൊണ്ടുപോകുവാൻ ശ്രമിച്ചു എന്ന വാർത്ത നാടിനെയാകെ പരിഭ്രാന്തിയിലാക്കിയിരുന്നു. എന്നാൽ എരുമേലി പോലിസ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം മനോജിന്റെ നേതൃത്വത്തിൽ അന്വേഷിച്ച പോലിസ് സംഘം സംഭവത്തിന്റെ വാസ്തവം കണ്ടെത്തി പരാതി വ്യാജമാണെന്ന് തെളിയിച്ചു .
മാതാപിതാക്കൾ തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് വീട്ടിൽ നിന്നിറങ്ങി മാറി ഒളിച്ചിരുന്ന സംഭവം ആണ് തട്ടിക്കൊണ്ടുപോകൽ സംഭവം ആയി പ്രചരിപ്പിക്കപ്പെട്ടതെന്ന് പോലിസ് പറയുന്നു.
എരുമേലി പോലിസ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം മനോജിനും , വാർഡ് അംഗം ടി വി ഹർഷകുമാറിനും പോലിസ് ഉദ്യോഗസ്ഥർക്കും തോന്നിയ സംശയങ്ങളാണ് സംഭവം മെനഞ്ഞെടുത്ത കഥ മാത്രമാണെന്ന് ഉറപ്പായത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ ചേനപ്പാടിയിലാണ് സംഭവം. മുഖം മൂടി ധരിച്ച രണ്ട് പേർ കുട്ടിയുടെ വായ് പൊത്തിപ്പിടിച്ച് വീട്ടുമുറ്റത്തു നിന്നും റോഡിലേക്കുള്ള ഇടവഴിയിലൂടെ കൊണ്ടുപോയപ്പോൾ കുട്ടി കുതറി മാറി ഓടി രക്ഷപെട്ട് അടുത്തുള്ള ഒരു വീട്ടിൽ അഭയം പ്രാപിച്ചെന്നാണ് ബന്ധുക്കൾ നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്. സത്യാവസ്ഥ അറിയും മുമ്പേ ചിലർ വീട്ടുമുറ്റത്ത് നിന്നും രണ്ട് പേർ ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി ഫേസ്ബുക്കിൽ ലൈവിട്ടു. ചിലർ ഈ രീതിയിൽ വാർത്തകൾ പോസ്റ്റ് ചെയ്ത് പ്രചരിപ്പിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചരണത്തിന് പിന്നാലെ നാട്ടുകാരും പോലീസും എത്തി. സംഭവം വാസ്തവം ആണെന്ന് ബന്ധുക്കൾ പറഞ്ഞതോടെ പ്രദേശമാകെ തെരച്ചിലായി. ഇതിനിടയിൽ പോലീസിനും വാർഡ് അംഗത്തിനും സംശയം മണത്തു. സംഭവം ആസൂത്രിതമാണെന്ന് സംശയം ഇവരിൽ ഉയരുകയായിരുന്നു. തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിന്റെ ബലപ്രയോഗ ലക്ഷണങ്ങൾ കുട്ടിയുടെ ശരീരത്തിൽ കാണാനില്ലായിരുന്നു. കുട്ടി തനിയെ പോകുന്നതാണ് കണ്ടതെന്ന നാട്ടിലെ ഒരു വീട്ടമ്മയുടെ മൊഴിയും പ്രദേശത്ത് വഴിവിളക്കുകളുടെ പ്രകാശം ഉണ്ടായിരുന്നതും തട്ടിക്കൊണ്ടുപോകലിനുള്ള സാധ്യതയില്ലെന്ന സംശയത്തിന് ബലം നൽകുകയായിരുന്നു. ഇന്നലെ കൂടുതൽ അന്വേഷണം നടത്തി ചോദ്യം ചെയ്തതോടെ വാസ്തവം വ്യക്തമാകുകയായിരുന്നെന്ന് പോലിസ് പറഞ്ഞു.
