KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

18.02 കോടി രൂപയുടെ കൃഷിനാശം

കോട്ടയം: ജില്ലയിൽ കഴിഞ്ഞ മൂന്നുദിവസങ്ങളിലുണ്ടായ മഴക്കെടുതിയിൽ കാർഷികമേഖലയിൽ 18.02 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ ബീനാ ജോർജ് അറിയിച്ചു. ഈരാറ്റുപേട്ട, കടുത്തുരുത്തി, പാലാ, പാമ്പാടി, വൈക്കം, വാഴൂർ ബ്ലോക്കുകളിലായി 1118.75 ഹെക്ടറിൽ കൃഷിനശിച്ചു. 3,969 കർഷകർക്കാണ് നഷ്ടമുണ്ടായത്.

ഏറ്റവും കൂടുതൽ നാശം വൈക്കം ബ്ലോക്കിലാണ്. 2800 കർഷകരുടെ 1054.66 ഹെക്ടറിലെ വിളകളാണ് ഇവിടെ നശിച്ചത്. പാമ്പാടിയിൽ 22.80, ഈരാറ്റുപേട്ടയിൽ 21.24, വാഴൂരിൽ 17.60 ഹെക്ടറിലെ കൃഷി നശിച്ചു. കടുത്തുരുത്തിയിൽ ഒരു ഹെക്ടറിലും പാലായിൽ 1.45 ഹെക്ടറിലുമാണ് കൃഷി നാശം.

ക്ഷീരമേഖലയിൽ നഷ്‌ടം 18 ലക്ഷം രൂപ 

ക്ഷീരമേഖലയിൽ 18 ലക്ഷം രൂപയുടെ നാശമുണ്ടായതായി ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിൽവി മാത്യു അറിയിച്ചു. പ്രാഥമിക കണക്കാണിത്. കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, ഏറ്റുമാനൂർ ബ്ലോക്കുകളിലാണ് നഷ്ടം നേരിട്ടത്. ഒൻപതു തൊഴുത്ത്‌ പൂർണമായും 11 എണ്ണം ഭാഗികമായും തകർന്നു. രണ്ടു പശു ചത്തു. നൂറു ചാക്ക് കാലിത്തീറ്റയും ആയിരം കിലോ വൈക്കോലും നനഞ്ഞ് നശിച്ചു. നാലര ഏക്കർ തീറ്റപ്പുൽക്കൃഷി തോട്ടം വെള്ളത്തിൽ മുങ്ങി. ദുരന്ത സാഹചര്യത്തിൽ 2500 ലിറ്റർ പാൽ സംഭരിക്കാനും വിതരണം ചെയ്യാനും സാധിക്കാതെ സാമ്പത്തിക നഷ്ടമുണ്ടായി. കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ പ്രവർത്തിക്കുന്ന ക്ഷീരസംഘങ്ങളുടെ കെട്ടിടങ്ങൾക്കും പാൽ പരിശോധനാ ഉപകരണങ്ങൾക്കും നാശമുണ്ടായി.

വിളകളുടെ വിവരങ്ങൾ വിസ്തൃതി അടിസ്ഥാനത്തിൽ 

നെല്ല്-1070.800 ഹെക്ടർ, ഏലം-100 ഹെക്ടർ, കപ്പ -12 ഹെക്ടർ, പച്ചക്കറി -5.340 ഹെക്ടർ,പൈനാപ്പിൾ -0.04 ഹെക്ടർ, ഇവയ്ക്കുപുറമേ തെങ്ങ് (124 എണ്ണം), വാഴ (17412), റബ്ബർമരങ്ങൾ (976), കവുങ്ങ് (30), കൊക്കോച്ചെടികൾ (45), കാപ്പിച്ചെടികൾ (450), കുരുമുളക് (530), ജാതിമരം (144), ഗ്രാമ്പൂ (60) എന്നിവയ്ക്കും നാശം സംഭവിച്ചു.

error: Content is protected !!