കുന്നേൽ സ്കൂൾ സ്നേഹസംഗമം – ഓർമ്മകളുടെ മൈതാനത്ത് തലമുറകളുടെ സംഗമം
കാഞ്ഞിരപ്പള്ളി / കുന്നും ഭാഗം : നൂറിലധികം വർഷം പഴക്കമുള്ള കാഞ്ഞിരപ്പള്ളി ഗവൺമെന്റ് ഹൈസ്കൂൾ മൈതാനത്ത് തലമുറകളുടെ സംഗമം നടന്നു. സ്പോർട്സ്കൂളായി ഉയർത്തിയതോടെ മൈതാനത്തിന്റെ രൂപവും ഭാവവും മാറുന്നതിനു മുമ്പ് ഡോക്ടർ എൻ. ജയരാജ് എംഎൽഎ
മുൻകൈ എടുത്തു നടത്തിയ ഫുട്ബോൾ ക്രിക്കറ്റ് ടൂർണമെന്റുകളോട് ചേർന്നാണ് കുന്നേൽ സ്കൂൾ മൈതാനത്തെ സ്നേഹിക്കുന്നവരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സംഗമം സംഘടിപ്പിച്ചത്. “കുന്നേൽ സ്കൂൾ സ്നേഹസംഗമം” എന്ന പേരിട്ട പരിപാടിയിൽ മുൻ അധ്യാപകരും കുന്നേൽ സ്കൂൾ ഗ്രൗണ്ടിൽ കളിച്ച ദേശീയ കായികതാരങ്ങളായവർ അടക്കം പങ്കെടുത്തു.
വലിയ ചെരിവും മൺകൂനകളും മാത്രമായിരുന്ന അന്നത്തെ സ്ഥലത്തെ, ഇന്നത്തെ ഗ്രൗണ്ട് ആക്കി മാറ്റിയതിന് പിന്നിലെ കഠിനാധ്വാനവും ബുദ്ധിമുട്ടും സ്നേഹ സംഗമത്തിൽ അനുസ്മരിച്ചു. 25 പൈസ നിരക്കിൽ കോളം വെട്ടുന്ന കാർഡുകൾ വിദ്യാർഥികൾക്ക് നൽകി വീടുകളിൽ പോയി പിരിവെടുത്ത് നിർമ്മിച്ചതാണ് ഇന്നത്തെ മൈതാനം. മൈതാനത്തിനു ചുറ്റും വളർന്നുനിന്ന ഫലവൃക്ഷങ്ങൾ കുട്ടികൾക്ക് വിശപ്പടക്കുവാനുള്ള വിഭവങ്ങൾ നൽകിയതായും സ്മൃതി സംഗമത്തിൽ പങ്കെടുത്തവർ പറഞ്ഞു .
മറ്റു സ്കൂളിൽ പഠിച്ചിരുന്ന വരും എന്നാൽ മൈതാനവുമായി ഹൃദയമടുപ്പമുണ്ടായിരുന്നവരും സ്മൃതി സംഗമത്തിൽ പങ്കെടുത്തു. നിർദിഷ്ട സ്പോർട്സ് സ്കൂളിൽ ക്രിക്കറ്റ് ഗ്രൗണ്ട് ഇല്ലെങ്കിലും ക്രിക്കറ്റ് പ്രേമികൾക്കായി കാഞ്ഞിരപ്പള്ളിയിൽ തന്നെ ക്രിക്കറ്റ് ഗ്രൗണ്ട് ഒരുക്കുമെന്നും ഇതിനായി സ്ഥലം കണ്ടെത്തി എന്നും മറുപടി പ്രസംഗത്തിൽ ഡോക്ടർ എൻ ജയരാജ് അറിയിച്ചു. കുന്നേൽ സ്കൂൾ സ്നേഹ സംഗമം പ്രോഗ്രാം കോഡിനേറ്റർ ആന്റണി മാർട്ടിൻ പരിപാടിക്ക് സ്വാഗതം ആശംസിച്ചു. അഡ്വക്കേറ്റ് ഗിരീഷ് എസ് നായർ അഡ്വക്കേറ്റ് സുമേഷ് ആൻഡ്രൂസ് ബേബിച്ചൻ എർത്തയിൽ, മുൻ അധ്യാപകരായ സന്തോഷ് കുമാർ സി ആർ, കൃഷ്ണപിള്ള വലിയേടത്തു, കെ ജെ ദേവസ്യ, അനിൽകുമാർ വെട്ടിക്കാപള്ളി, ബിനോയി മുണ്ടുവേലിക്കുന്നൽ ബാലചന്ദ്രൻ ഉറുമ്പിൽ, ശ്രീകാന്ത് പുത്തൻവീട്ടിൽ, പ്രൊഫസർ എം ടി ജോണി, തങ്കച്ചൻ പേഴ ത്തുവയലിൽ, ജോസുകുട്ടി വെട്ടിക്കാട്ട്, ജോയ് മുണ്ടുവേലിക്കുന്നൽ എന്നിവർ പ്രസംഗിച്ചു.
