KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അറുപതിലേറെ വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കോതാമലയില്‍ കുടിവെള്ളമെത്തി

കാഞ്ഞിരപ്പള്ളി: അറുപതിലേറെ വര്‍ഷങ്ങള്‍ക്ക് ശേഷം കോതാമലയില്‍ കുടിവെള്ളമെത്തി. പാറത്തോട് ഗ്രാമപഞ്ചായത്തിലെ 18-ാം വാര്‍ഡില്‍ കോതാമലയിലെ 15 കുടുംബങ്ങള്‍ക്ക് വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കുടിവെള്ളമെത്തിച്ചിരിക്കുന്നത്. 25 ലക്ഷം രൂപയാണ് പദ്ധതിക്ക് ചെലവാക്കിയിരിക്കുന്നത്. പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളിലൊന്നാണ് ഈ പ്രദേശം. വാര്‍ഡംഗം ജോണിക്കുട്ടി മഠത്തിനകത്തിന്റെ ശ്രമഫലമായിട്ടാണ് ഏറെ പ്രതിസന്ധികളുണ്ടായിട്ടും ഇവിടെ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്.

ഒന്നരകിലോമീറ്ററോളം അകലെ കിണര്‍ നിര്‍മിച്ച് കോതാമലയ്ക്ക് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ടാങ്കിലേക്ക് എത്തിച്ചാണ് വീടുകളിലേക്ക് വെള്ളം നല്‍കുന്നത്. ദിവസ വേതനക്കാരായ തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. വര്‍ഷങ്ങളായി വേനല്‍ക്കാലത്ത് കിലോ മീറ്ററുകളോളം നടന്ന് തലച്ചുമടായിട്ടാണ് വെള്ളം എത്തിച്ചിരുന്നത്. അറുപതിലേറെ വര്‍ഷങ്ങളായിട്ടുള്ള കാത്തിരിപ്പാണ് സാധ്യമായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

കെ.ആര്‍.ഡബ്ല്യു.എസ്.എ.യ്ക്കായിരുന്നു പദ്ധതിയുടെ നിര്‍മാണ ചുമതല. പാറത്തോട് പഞ്ചായത്ത് ഹാളില്‍ അടുത്ത ദിവസം ഉച്ച കഴിഞ്ഞ് 3.30-ന് മന്ത്രി റോഷി അഗസ്റ്റിന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തും.

error: Content is protected !!