KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാളകെട്ടിയിൽ മാലിന്യം നീക്കി പ്രതിജ്ഞ ചൊല്ലി വനപാലകരും നാട്ടുകാരും.

കണമല : ലോക പരിസ്ഥിതി ദിനത്തിൽ മാതൃകയായി പമ്പാവാലിയിൽ വനം വകുപ്പും നാട്ടുകാരും. വനമേഖലയിലൂടെയുള്ള റോഡിന്റെ ഇരുവശങ്ങളിലും നാളുകളായി ചിതറി കിടന്ന പ്ലാസ്റ്റിക് വസ്തുക്കളും ബോട്ടിലുകളും ശേഖരിച്ച് വേർതിരിച്ചു മാറ്റി പുനരൂപയോഗത്തിന് നൽകിയാണ് മാതൃക പകർന്നത്. വന സംരക്ഷണ സമിതി ആണ് വിപുലമായ ശുചീകരണം സംഘടിപ്പിച്ചത്.

വനപാലകരും വന സംരക്ഷണ സമിതി അംഗങ്ങളും ചേർന്ന് ചാക്കുകളിൽ റോഡിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു. ഇനിയൊരിക്കലും പ്ലാസ്റ്റിക് സാധനങ്ങൾ വലിച്ചെറിയില്ലന്നും കത്തിക്കില്ലന്നും സൂക്ഷിച്ചു വെച്ച് സംസ്ക്കരണ പ്രക്രിയയ്ക്ക് കൈമാറുമെന്നും ശുചീകരണ പരിപാടിയിൽ എല്ലാവരും പ്രതിജ്ഞ ചൊല്ലി. പ്ലാച്ചേരി ഫോറസ്റ്റ് ഓഫിസിലെ ജീവനക്കാരും ശുചീകരണത്തിൽ പങ്കെടുത്തു.

കാളകെട്ടി ക്ഷേത്രത്തിന്റെ ആർച്ച് വാതിൽ മുതൽ മൂക്കൻപെട്ടി – കുഴിമാവ് റോഡിൽ ആനക്കല്ല് വരെയുള്ള ഭാഗത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ആണ് നീക്കിയത്. ശബരിമല തീർത്ഥാടന ഭാഗമായി ഇതുവഴി ആണ് അയ്യപ്പ ഭക്തർ ശബരിമല കാനന യാത്ര ചെയ്യുന്നത്. ശുചീകരണത്തിന് നേതൃത്വം നൽകി പങ്കെടുത്ത ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ വിനോദ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. വന സംരക്ഷണ സമിതി ചെയർമാനും പഞ്ചായത്ത്‌ അംഗവുമായ എം എസ് സതീശ് അധ്യക്ഷനായിരുന്നു. വി പി മോഹനൻ, എ കെ രാധാകൃഷ്ണൻ, ഗീതമ്മ ഗോപാലകൃഷ്ണൻ, എം എസ് സന്തോഷ്‌, ശാരദ അയ്യപ്പൻ, ബിജു, കെ കെ ഭാസ്കരൻ എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.

error: Content is protected !!