കൂവപ്പള്ളി കൂട്ടായ്മക്ക് അഞ്ച് വയസ്സ്
കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കൂട്ടായ്മ കരുതലിന് 5 വയസ്സ്. കഴിഞ്ഞ 5 വർഷം തുടർച്ചയായി വെള്ളിയാഴ്ചകളിൽ 3 അഭയ കേന്ദ്രങ്ങളിൽ സൗജന്യമായി ഉച്ച ഭക്ഷണം വിളമ്പിയാണ് കൂട്ടായ്മ കരുണയുടെ കാവലാളുകളാകുന്നത്. സാമൂഹിക പ്രവർത്തകനായ ടോമി പന്തലാനിയുടെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹായത്തോടെയാണ് ഭക്ഷണ വിതരണം.
കൂവപ്പള്ളി സെന്റ് ജോസഫ്‌സ് പള്ളിയിൽ ഇടവക വികാരിയായിരുന്ന ഫാ. ഇമ്മാനുവൽ മടുക്കക്കുഴി 2020 ജൂൺ മാസത്തിൽ തുടക്കമിട്ട സേവനമാണ് ടോമി പന്തലാനിയുടെ നേതൃത്വത്തിൽ വലിയൊരു കൂട്ടായ്മയായി ഇന്നും തുടർന്നു വരുന്നത്. ഇടവകയിലെ കുടുംബങ്ങളിൽ നിന്നു വെള്ളിയാഴ്ചകളിൽ പൊതിച്ചോർ ശേഖരിച്ചു കാഞ്ഞിരപ്പള്ളി ബത്‌ലഹേം ആശ്രമത്തിൽ നൽകിയാണ് തുടക്കം. കോവിഡ് കാലത്ത് നിയന്ത്രണങ്ങൾ വന്നതോടെ പള്ളിയുടെ നേതൃത്വത്തിലുള്ള ഭക്ഷണ വിതരണം ബുദ്ധിമുട്ടായി. ഇതോടെ ടോമി പന്തലാനിയുടെ നേതൃത്വത്തിൽ ഭക്ഷണ വിതരണം ഏറ്റെടുത്തു. ടോമി വീട്ടിൽ പ്രത്യേക അടുക്കള നിർമിച്ചു ഭക്ഷണം തയാറാക്കി നൽകാൻ തുടങ്ങി. പള്ളി അധികൃതരുടെയും സുമനസ്സുകളുടെയും സഹായവും ലഭിച്ചതോടെ ഭക്ഷണ വിതരണം മുടങ്ങാതെ തുടർന്നു.
അഞ്ചിലിപ്പ് അഭയഭവൻ, ആനിത്തോട്ടം നല്ലയിടയൻ ആശ്രമം, കപ്പാട് ദേവമാതാ സെന്റർ എന്നിവിടങ്ങളിൽ ഭക്ഷണം നൽകുന്നു. 3 ആശ്രമങ്ങളിലുമായി ജീവനക്കാർ ഉൾപ്പെടെ 150 പേർക്കാണു നാലു കൂട്ടം കറിയും കൂടാതെ മത്സ്യ, മാംസ വിഭവമോ കുട്ടി ഊണ് നൽകുന്നത്. വിശേഷ ദിവസങ്ങളിൽ വിഭവ സമൃദ്ധമാകും. ആറാം വർഷത്തിലേക്കു കടക്കുമ്പോൾ കൊരട്ടിയിലുള്ള ആശ്രമത്തിലേക്കും അടുത്ത ദിവസം മുതൽ ഭക്ഷണം നൽകാമെന്ന് ഏറ്റുകഴിഞ്ഞു.
ടോമിക്കൊപ്പം സെന്റ് ജോസഫസ് പള്ളി വികാരി ഫാ. മാത്യു പുതുമന, ഫാ. ജോസഫ് ഇടിയാകുന്നേൽ, പഞ്ചായത്തംഗങ്ങ ളായ ബിജോജി തോമസ്, ആന്റണി ജോസഫ്, ഏലിയാമ്മ ജോസഫ് എന്നിവരാണ് നിലവിൽ ഭക്ഷണ വിതരണത്തിന് നേതൃ ത്വം നൽകുന്നത്. കൂട്ടായ്മയുടെ 5-ാം വാർഷികത്തോടനുബന്ധി ച്ച് നടത്തിയ യോഗത്തിൽ കഴിഞ്ഞ 5 വർഷത്തെ വരവുചെലവ് കണക്കുകൾ അവതരിപ്പിച്ചു. 20 ലക്ഷം രൂപ ചെലവായതിൽ 13 ലക്ഷത്തോളം രൂപ സുമനസ്സുകളുടെ സഹായത്തോടെ ലഭിച്ചു. 7 ലക്ഷം രൂപ ടോമി പന്തലാനിയാണു മുടക്കിയത്.
യോഗത്തിൽ ഫാ. മാത്യു പുതുമന അധ്യക്ഷത വഹിച്ചു. ടോമി ജോസഫ് പന്തലാനിക്കൽ, പഞ്ചായത്തംഗങ്ങളായ ബിജോജി തോമസ്, ആന്റണി ജോസഫ്, ഏലിയാമ്മ ജോസഫ് എന്നിവർ പ്രസംഗിച്ചു.
