എരുമേലിയുടെ പ്രിയ മുത്തശ്ശി മേപ്രായിൽ കുട്ടിയമ്മ നൂറ്റി പത്താം വയസ്സിൽ വിടവാങ്ങി..
എരുമേലി: പഴയ കാലത്തിന്റെ ഓർമ പുസ്തകമായിരുന്ന എരുമേലിയുടെ പ്രിയ കുട്ടിയമ്മ ഇനിയില്ല. 110 വയസിലെത്തിയ കനകപ്പലം നീറംപ്ലാക്കൽ (മേപ്രായിൽ ) ശോശാമ്മ മാത്തൻ (കുട്ടിയമ്മ) നിര്യാതയായി.
സ്വന്തം ജന്മ ദിനം ഉൾപ്പടെ പോയ കാലത്തിലെ ചരിത്ര സംഭവങ്ങൾ വർഷവും മാസവും തീയതിയും അടക്കം കൃത്യമായി ഓർത്തു വെച്ചിരുന്ന കുട്ടിയമ്മയുടെ ഓർമ ശക്തി ഏവരെയും അത്ഭുതപെടുത്തിയിരുന്നു. എരുമേലി പഞ്ചായത്തിലെ ഏറ്റവും മുതിർന്ന വോട്ടർ ആയിരുന്നു കുട്ടിയമ്മ. 1915 ഒക്ടോബർ ആറിനായിരുന്നു ജനനം. 13 വയസുള്ളപ്പോളായിരുന്നു വിവാഹം. എട്ട് മക്കളിൽ നാല് പേർ മരണപ്പെട്ടു. ഭർത്താവ് ചാക്കോ മാത്തൻ 29 വർഷം മുമ്പാണ് മരണപ്പെട്ടത്
ഗാന്ധിജിയെയും നെഹ്‌റുവിനെയും നേരിട്ട് കണ്ടത് ഉൾപ്പടെ പഴയ കാലത്തെ ഓർമകൾ കുട്ടിയമ്മ പങ്ക് വെച്ചിരുന്നു. ബാല്യത്തിൽ ആണ് ഗാന്ധിജിയെ കണ്ടത്. തിരുവല്ലയിൽ നെഹ്‌റു എത്തിയപ്പോൾ അടുത്ത് നിന്ന് കണ്ടു.
പിതാവ് മേപ്രായിൽ പാപ്പി പഴയ കാലത്തെ സർക്കാർ ഫോറസ്റ്റ് കോൺട്രാക്ടറായിരുന്നു. മേഖലയിലെ ആദ്യ സ്കൂളായ കനകപ്പലത്തെ എൻഎംഎൽപി സ്കൂളിലെ ആദ്യ വിദ്യാർത്ഥികളിൽ ഒരാളായിരുന്നു കുട്ടിയമ്മ. നാലാം ക്ലാസ് വരെയാണ് പഠിച്ചതെങ്കിലും ഇംഗ്ലീഷിൽ എഴുതാനും വായിക്കാനും വശമാക്കിയിരുന്നു.
പ്രായം 24 ആയപ്പോഴായിരുന്നു ആദ്യ വോട്ട്. അന്ന് 1952 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മൂവാറ്റുപുഴ മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥി ജോർജ് തോമസ് കൊട്ടുകാപ്പള്ളിയ്ക്ക് തന്റെ ആദ്യ വോട്ട് ചെയ്തത് കാള ചിഹ്നത്തിൽ ആയിരുന്നെന്ന് കുട്ടിയമ്മ പറഞ്ഞിട്ടുണ്ട്. ആ വോട്ട് ചരിത്രം കുട്ടിയമ്മ പങ്ക് വെച്ചത് പുതിയ തലമുറയ്ക്ക് അറിയാത്ത ശ്രദ്ധേയമായ വസ്തുത കൂടി പങ്ക് വെച്ചാണ്. അന്ന് ബൂത്തുകളിൽ ഓരോ സ്ഥാനാർത്ഥിക്കും ഓരോ നിറത്തിലുള്ള പെട്ടിയാണ് ഉണ്ടാവുകയെന്നും അതിലാണ് വോട്ട് ചെയ്ത് ഇടേണ്ടതെന്നും ഈ പെട്ടികൾ ഒന്നിച്ചു കൊണ്ടുവന്ന് ഓരോ സ്ഥാനാർത്ഥിയുടെയും വെവ്വേറെ തുറന്ന് എണ്ണിയാണ് വിജയിയെ പ്രഖ്യാപിച്ചിരുന്നതെന്നും പഴയ കാലം വീണ്ടെടുത്ത് കുട്ടിയമ്മ പങ്ക് വെച്ചിരുന്നു. 1969 ൽ പശുവും കിടാവും കോൺഗ്രസിന്റെ ചിഹ്നമായ ശേഷമാണ് ഇപ്പോഴത്തെ കൈപ്പത്തി ചിഹ്നമാകുന്നതെന്ന് പ്രായമേറിയിട്ടും മങ്ങാത്ത ഓർമകളിൽ കുട്ടിയമ്മ പറയുമായിരുന്നു.
2015 ൽ പെട്ടന്നുണ്ടായ അസുഖം മൂലം കിടപ്പിലായതിനാൽ അന്നത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിഞ്ഞില്ലന്നത് ഒഴിച്ചാൽ എല്ലാ തെരഞ്ഞെടുപ്പിലും കുട്ടിയമ്മ വോട്ട് ചെയ്തിരുന്നു. കുട്ടിയമ്മയുടെ സഹോദരൻ പി ജി മത്തായി രണ്ട് തവണ ജയിച്ച് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മകൻ ജോയി മേപ്രായിൽ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്.
കുട്ടിയമ്മ സംസ്കാരം പിന്നീട്. മക്കൾ : വർഗീസ്, ഫിലിപ്പോസ് ( ജോയ് മേപ്രാൽ, മുൻ എരുമേലി പഞ്ചായത്ത് വൈസ് പ്രസിഡന്റ്), ജോർജ് മാത്യു, തോമസ് മാത്യു,
