ചിറക്കടവിന്റെ നഷ്ടം ; പ്രിയപ്പെട്ട ചെല്ലപ്പൻ പിള്ള ആശാൻ ഇനി ഓർമയിൽ മാത്രം
ചിറക്കടവ്: വെള്ളമുണ്ടും വെള്ളഷർട്ടും വളഞ്ഞ കാലൻകുടയുമായി പതിവായി കണ്ടിരുന്ന ചിറക്കടവ് മൂങ്ങത്ര കൈപ്പനാനിക്കൽ ചെല്ലപ്പൻ പിള്ള (76) എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട ആശാൻ ഇനി ഓർമയിൽ മാത്രം. വാർധക്യസഹജമായ അസുഖത്താൽ കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം. ഡ്രൈവിങ് ആശാൻ, വോളിബോൾ പരിശീലകൻ, കളരി ആശാൻ, തിരുമ്മുകാരൻ, ആയുർവേദ വൈദ്യൻ തുടങ്ങി ചിറക്കടവുകാരുടെ മനസിൽ ചെല്ലപ്പൻ പിള്ളയ്ക്ക് വിവിധ ഭാവങ്ങളുണ്ട്.
ഏറെക്കാലം സ്വകാര്യ കാറുകളുടെ ഡ്രൈവറായിരുന്ന ഇദ്ദേഹം നാട്ടിൽ നിരവധി പേർക്ക് ഡ്രൈവിങ് ആശാനായി. സമീപപ്രദേശങ്ങളിലെല്ലാം വോളിബോൾ ടീമുകളുണ്ടായിരുന്നപ്പോൾ 1980-കളിൽ ചിറക്കടവിൽ അത്തരം സംഘങ്ങളില്ല. വോളി പ്രേമിയായ ചെല്ലപ്പൻപിള്ള ഒരുപറ്റം ചെറുപ്പക്കാരെ സംഘടിപ്പിച്ച് ചി റക്കടവ് യുപി സ്കൂൾ മൈതാനത്ത് പരിശീലനം നൽകി. പൊൻകുന്നം, കാഞ്ഞിരപ്പള്ളി മേഖലകളിലെ പ്രൊഫഷണൽ ടീമുകളോട് ഏറ്റുമുട്ടി വിജയം നേടാൻ ചിറക്കടവിന്റെ സ്വന്തം ടീമുണ്ടാക്കായി വോളി ആശാനായി ഇദ്ദേഹം.
വെള്ളമുണ്ടും വെള്ളഷർ ട്ടും വളഞ്ഞ കാലൻകുടയുമായി നാട്ടിൽ നിത്യകാഴ്ചയായിരുന്ന ചെല്ലപ്പൻ പിള്ള നാളുകളായി അസുഖം മൂലം വീട്ടിൽ ഒതുങ്ങിക്കൂടുകയായിരുന്നു.
കളരി അഭ്യാസങ്ങൾ നാട്ടിലെ ചെറുപ്പക്കാർക്ക് പകർന്ന ഇദ്ദേഹം നല്ലൊരു തിരുമ്മുകാരനുമായിരുന്നു. അത്യാവശ്യം ആയുർവേദ ചികിത്സയുമുണ്ടായിരുന്നു. ആയുർവേദ മരുന്നും കുഴമ്പും വാ ങ്ങാൻ ആശാനെ തേടി മറ്റുനാടുകളിൽ നിന്നും ആൾക്കാർ എത്തിയിരുന്നു.
