KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഹൈക്കോടതി നിര്‍മ്മാണം തടഞ്ഞ എരുമേലിയിലെ വിവാദ വാപുര ക്ഷേത്രം പൊളിച്ച നിലയിൽ..

എരുമേലി : എരുമേലിയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ‘വാപുര സ്വാമി’ ക്ഷേത്രനിര്‍മ്മാണം തടഞ്ഞ് ഹൈക്കോടതി. സ്ഥലമുടമകള്‍ ബില്‍ഡിംഗ് പെര്‍മിറ്റിന് അപേക്ഷിച്ചിട്ടില്ലെന്ന് ഗ്രാമപഞ്ചായത്ത് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുള്‍പ്പെട്ട ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. എരുമേലി ഗ്രാമ പഞ്ചായത്തിന് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നിര്‍മാണം തടഞ്ഞത്.

എന്നാൽ വാപുര ക്ഷേത്രം അനധികൃത നിർമാണമെന്ന പരാതിയിൽ ഇടക്കാല വിധി നൽകിയ ഹൈക്കോടതി ഇന്ന് ഹർജി പരിഗണിക്കാനിരിക്കെ ക്ഷേത്രം പൊളിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച ക്ഷേത്രത്തിൽ പ്രതിഷ്ഠ ചടങ്ങുകൾ നടക്കാനിരിക്കെ ആണ് പുലർച്ചെ പൊളിച്ച നിലയിൽ കണ്ടത്. ബാലാലയ പ്രതിഷ്ഠയായി ഉയർന്ന തറയിൽ ചെറിയ ഒരു മുറി ആണ് ക്ഷേത്ര നിർമാണ ഭാഗമായി നിർമിച്ചിരുന്നത്. തറ ഒഴികെ ബാക്കി ഭാഗം പൂർണമായും ഇടിച്ചു പൊളിച്ചിട്ട നിലയിലാണ്.

സംഭവം സംബന്ധിച്ച് ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ടവർ ആരും തന്നെ പരാതി നൽകിയിട്ടില്ലന്ന് എരുമേലി പോലിസ് പറഞ്ഞു. എരുമേലി ടൗണിൽ പഴയ അയ്യപ്പാസ് സിനിമ തിയേറ്റർ പ്രവർത്തിച്ച സ്ഥലത്തിൽ ആണ് ക്ഷേത്രം നിർമാണം ആരംഭിച്ചിരുന്നത്. ഇതിനെതിരെ നോർത്ത് പറവൂർ സ്വദേശി പദ്മനാഭൻ നൽകിയ ഹർജിയിൽ ആണ് കഴിഞ്ഞ ദിവസം ഹൈക്കോടതി ഇടക്കാല വിധി നൽകിയത്. നിർമാണം അനുമതി തേടാതെ ആണെന്ന് ഹർജിയിൽ ഹൈക്കോടതി തേടിയ വിശദീകരണത്തിന് മറുപടിയായി എരുമേലി പഞ്ചായത്ത്‌ അറിയിച്ചിരുന്നു. ക്ഷേത്ര നിർമാണവുമായി ബന്ധമില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് ഹൈക്കോടതിയുടെ ചോദ്യത്തിന് മറുപടി നൽകിയിരുന്നു. ഇതേതുടർന്ന് ആണ് നിർമാണം കോടതി തടയുകയും നടപടികൾക്ക് പോലിസ് സംരക്ഷണം അനുവദിക്കുകയും ചെയ്ത കോടതി ഇന്ന് കേസ് പരിഗണിക്കുമെന്ന് അറിയിച്ചിരുന്നത്.

ശ്രീ അയ്യപ്പൻ അന്തിയുറങ്ങിയതെന്ന് വിശ്വസിക്കപ്പെടുന്ന പുരാതന തറവാടായ പുത്തൻവീട് തൊട്ടടുത്താണ്. ഇതിന് അടുത്ത് വാപുര ക്ഷേത്രം നിർമിക്കണമെന്ന് ജ്യോതിഷ പണ്ഡിതന്‍ ഇരിങ്ങാലക്കുട പദ്മനാഭ ശര്‍മയുടെ നേതൃത്വത്തിൽ നടന്ന അഷ്ടമംഗല ദേവപ്രശ്നത്തിൽ തീരുമാനിച്ചത്. പഴയ തിയേറ്റർ ആയിരുന്ന കെട്ടിടം വിലയ്ക്ക് വാങ്ങിയ ആൾ ഈ സ്ഥലം ബാങ്കിൽ പണയപ്പെടുത്തിയിരുന്നു. തുക അടയ്ക്കാഞ്ഞതിനെ തുടർന്ന് ബാങ്ക് അധികൃതർ ഈ സ്ഥലം ലേലം ചെയ്തു. ബാങ്കിൽ നിന്നും സ്ഥലം ലേലത്തിൽ പിടിച്ചവർ തിരുവനന്തപുരം ഗൗരീശപട്ടം സ്വദേശി ജോഷിയുടെ പേരിലാണ് ആധാരം ചെയ്തത്. ശബരിമല സീസണിൽ ഈ സ്ഥലത്ത് വരുമാനവും ലാഭവും കിട്ടാൻ സ്ഥലം പാർക്കിംഗ് ഗ്രൗണ്ട് ആക്കിയിരുന്നു. എന്നാൽ ഇവിടേക്ക് വാഹനങ്ങൾ എത്തുന്നത് കുറവായതിനാൽ പാർക്കിംഗ് വ്യാപാരം നഷ്ടമായിരുന്നു. ഇതിന് ശേഷം ആണ് വാപുര ക്ഷേത്ര നിർമാണത്തിലേക്ക് കാര്യങ്ങൾ എത്തിയത്.

കേന്ദ്രമന്ത്രി സുരേഷ് ഗോപി ആണ് കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ്. മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിൽ നടന്ന ചടങ്ങുകൾക്ക് ഭദ്രദീപം കൊളുത്തിയത്. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാനാധ്യക്ഷന്‍ വിജി തമ്പി, മാര്‍ഗദര്‍ശക മണ്ഡല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി സദ്സ്വരൂപാനന്ദ, മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, ബദരിനാഥ് മുന്‍ റാവല്‍ജി ഈശ്വര പ്രസാദ് നമ്പൂതിരി, ശബരിമല ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍, സ്വാമി അയ്യപ്പദാസ്, ഗോവ മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് രാമന്‍ നായര്‍, മുന്‍ മാളികപ്പുറം മേല്‍ശാന്തി പുതുമന മനുനമ്പൂതിരി, മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകരായ എസ്. സേതുമാധവന്‍, വി.കെ.വിശ്വന്‍ നാഥന്‍, എ. ഗോപാലകൃഷ്ണന്‍, ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത പ്രചാരകന്‍ എ. വിനോദ്, എ.ആര്‍. മോഹന്‍, രജത് സ്വാമി പളനി, സൂര്യകാലടി സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാട്, വാസ്തു വിദഗ്ധന്‍ മനോജ് നായര്‍, ആര്‍ക്കിടെക്ട് പ്രശാന്ത് ജി. സുരേഷ് കുമാര്‍, സന്ദീപ് സേനന്‍, ബ്രഹ്മചാരി ഭാര്‍ഗവറാം, താന്ത്രികാചാര്യന്‍ സതീശ് ഭട്ടതിരി, പറവൂര്‍ ജ്യോതിസ്, ശരത് ഹരിദാസ്, കാലടി കൃഷ്ണന്‍ നമ്പൂതിരി, പ്രതീഷ് വിശ്വനാഥ്, അഡ്വ. കൃഷ്ണരാജ് തുടങ്ങി വിവിധ ഹൈന്ദവ സംഘടനാ നേതാക്കളും ആചാര്യന്‍മാരും പങ്കെടുത്തിരുന്നു.

error: Content is protected !!