എരുമേലിയിൽ കൊച്ചമ്പലത്തെയും വാവര് പള്ളിയെയും ബന്ധിപ്പിച്ച് ഫ്ലൈ ഓവർ നിർമ്മാണം : പദ്ധതി ഉപേക്ഷിക്കണമെന്ന് ഹിന്ദു സംഘടനകൾ
എരുമേലി : എരുമേലി മാസ്റ്റർ പ്ലാൻ പദ്ധതിയിൽ, കൊച്ചമ്പലത്തിൽ നിന്നും വാവര് പള്ളിയിലേക്ക് പ്രവേശിക്കുന്ന തീർത്ഥാടകർ സെൻട്രൽ ജംഗ്ഷനിൽ റോഡ് മുറിച്ചു കിടക്കുന്നതുമൂലം ഉണ്ടാകുന്ന ഗതാഗത തടസ്സം പരിഹരിക്കുന്നതിന് കൊച്ചമ്പലത്തെയും വാവര് പള്ളിയെയും ബന്ധിപ്പിച്ച് ഫ്ലൈ ഓവറും നിർമ്മിക്കുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചിരുന്നു.
എന്നാൽ ശബരിമല തീർത്ഥാടന കാലത്ത് എരുമേലി ടൗണിലെ തിരക്ക് നിയന്ത്രിക്കാനെന്ന പേരിൽ പേട്ട കൊച്ചമ്പലത്തിൽ നിന്നും നൈനാർ(വാവര്)പള്ളിയിലേക്ക് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന മേൽപ്പലം പദ്ധതി അശാസ്തീയമാണെന്നും, ഇത് എരുമേലിയുടെ താളം തെറ്റിക്കുമെന്നും വിവിധ ഹൈന്ദവ സംഘടന നേതാക്കൾ, എരുമേലി മീഡിയ സെന്ററിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൊച്ചമ്പലത്തിൽ വരുന്ന ഭക്തരെല്ലാ വരും നൈനാർ പള്ളിയിലും നിർബന്ധ മായി കയറി പോകണമെന്ന് പറയുന്നത് നീതിയല്ല. കാരണം അമ്പലത്തിൽ വരുന്നവരെല്ലാം പള്ളിയിൽ കയറുന്നവരല്ല. എന്നാൽ മേൽപ്പാലം നിർമ്മിച്ച് എല്ലാവരേയും നൈനാർ പള്ളിയിൽ കയറ്റി വിടണമെന്ന ഗൂഢോദ്ദേശമാണ് പദ്ധതിക്ക് പിന്നിലെന്ന് നേതാക്കൾ ആരോപിച്ചു. പേട്ട കെട്ടാൻ വരുന്നവരും, തിരികെ പോകുന്നവരും ഒരേ വഴിയിൽ തന്നെയാണ് നടക്കുന്നത്. പിന്നെങ്ങനെയാണ് തിരക്ക് കുറയുന്നതെന്നും നേതാക്കൾ ചോദിച്ചു. എരുമേലിയിലെ തിരക്ക് നിയന്ത്രിക്കണമെങ്കിൽ ടൗണിന് ചുറ്റുമുള്ള സമാന്തര റോഡുകൾ പൂർണ്ണമായും സഞ്ചാരയോഗ്യമാക്കുകയാണ് ആദ്യം വേണ്ടത്. തിരക്ക് നിയന്ത്രിക്കാൻ അയ്യപ്പ ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാതെ അശാസ്ത്രീയമായ നിർമ്മാണ പദ്ധതികൾക്ക് കഴിയില്ല. രാഷ്ട്രീയം കലർത്തിയുള്ള വികസന പദ്ധതികൾ എരുമേലിക്ക് ഗുണം ചെയ്യില്ല. എരുമേലി യുടെ വിശ്വാസവുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾക്ക് എല്ലാവരുമായും തുറന്ന ചർച്ച ആവശ്യമാണ്. നൈനാർ(വാവര്)പള്ളിയിൽ കയറുന്നതിനോ വഴിപാട് നടത്തുന്നതിനോ ആരും എതിരല്ല, എന്നാൽ കൊച്ചമ്പലത്തിൽ വരുന്ന എല്ലാ വരും പള്ളിയിൽ നിർബന്ധമായും കയറണമെന്ന് പറയുന്നതിന് പിന്നിൽ ഗൂഢോ ദ്ദേശം തന്നെയാണുള്ളത്.
ദേവസ്വം ബോർഡിന്റെ അനാസ്ഥ കൊണ്ട് ശബരിമല-പമ്പ മാസ്റ്റർ പ്ലാൻ പദ്ധതികൾക്കായി അനുവദിച്ച കോടികൾ പാഴായി. വികസന പദ്ധതികൾക്ക് പണം മുടക്കാത്ത ദേവസ്വം ബോർഡ് ആരെങ്കി ലും കൊണ്ടുവരുന്ന പദ്ധതികൾ ഒരു ചർച്ചയും കൂടാതെ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ഇത് ദേവസ്വം ബോർഡിന്റെ കൈ കഴുകൽ നടപടിയാണ്. എരുമേലിയിലെ അശാസ്ത്രീയ നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് ദേവസ്വം ബോർഡ്, ജില്ലാ ഭരണകുടം, പഞ്ചായത്ത് അധിക്യതരെ വിഷയം ധരിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു. അടുത്ത മാസം പകുതിയോടെ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ എരുമേലിയിൽ യോഗം ചേർന്ന് കാര്യങ്ങൾ വിശദീകരിക്കുമെന്നും നേതാക്കൾ പറഞ്ഞു.
വാർത്താ സമ്മേള നത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ എസ് ബിജു, ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ്, ഹിന്ദു ഐക്യവേദി ജില്ല സംഘടന സെക്രട്ടറി സി.ഡി മുരളി, അഖില ഭാരത അയ്യപ്പ സേവാസംഘം എരുമേലി യൂണിറ്റ് പ്രസിഡന്റ് അനിയൻ എരുമേലി എന്നിവർ പങ്കെടുത്തു.
