കാഞ്ഞിരപ്പള്ളിയിൽ കാർ അപകടം. ഒരാൾ മരണപെട്ടു ; ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ .. രണ്ടുപേരുടെ ജീവൻ രക്ഷിച്ചത് കാറിന്റെ എയർ ബാഗ് ..
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ജനറൽ ആശുപത്രിപടിയിൽ ദേശീയ പാതയോരത്ത് കാർ നിയന്ത്രണം വിട്ട് ഇടിച്ച് കയറി ഒരാൾ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നു. തമ്പലക്കാട് സ്വദേശി കീച്ചേരിൽ രാജ്മോഹൻ നായരുടെയും ഇന്ദിരയുടെയും മകൻ ട്ടുട്ടു എന്ന് വിളിക്കുന്ന അഭിജിത്താണ് (33 ) മരിച്ചത്. തമ്പലക്കാട് ആലപ്പാട്ട് വയലിൽ വീട്ടിൽ ഗോപാലകൃഷ്ണൻ നായരുടെ മകൻ ദീപു അപകടത്തിൽ ഗുരുതര അവസ്ഥയിൽ മാർ സ്ലീവാ ആശുപത്രിയിൽ കഴിയുന്നു .
അപകടം നടക്കുമ്പോൾ വാഹനത്തിൽ അഞ്ചുപേർ ഉണ്ടായിരുന്നു. അഭിജിത്തിന്റെ സഹോദരി ആതിര, ആതിരയുടെ ഭർത്താവ് തെക്കേത്തുകവല വെട്ടുവേലിയിൽ വിഷ്ണു പ്രസാദ്, വിഷ്ണു പ്രസാദിന്റെ ബന്ധു പ്രണവ് ബാബു, അഭിജിത്തിന്റെ അയൽവാസി ദീപു എന്നിവർ ആയിരുന്നു കാറിൽ ഉണ്ടായിരുന്നത്.
ആതിരയുടെയുടെയും വിഷ്ണു പ്രസാദിന്റെയും വിവാഹം വ്യാഴാഴ്ച ആയിരുന്നു. ആതിരയുടെ വീട്ടിൽ നിന്നും വിഷ്ണുപ്രസാദിന്റെ ചിറക്കടവ് തെക്കേത്തുകവലയിലെ വീട്ടിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത് . വിഷ്ണു പ്രസാദ് ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. തമ്പലക്കാട് നിന്നും കാഞ്ഞിരപ്പള്ളി കുരിശുങ്കൽ വഴി, ജനറൽ ആശുപത്രി പടിയിൽ നിന്നും ചിറക്കടവ് റോഡിലേക്ക് അമിത വേഗത്തിൽ തിരിഞ്ഞപ്പോൾ , വാഹനം നിയന്ത്രണം തെറ്റി നേരെ റോഡ് സൈഡിലേക്ക് പാഞ്ഞുകയറി സ്കാൻറോൺ ലാബിന്റെ മുൻ വശത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.
അപകടത്തിൽ എയർ ബാഗ് തുറന്നതിനാൽ കാറിന്റെ മുൻ സീറ്റിൽ ഇരുന്നിരുന്ന പ്രണവ് ബാബുവും, വിഷ്ണു പ്രസാദും നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു . എന്നാൽ കാറിന്റെ പിൻ സീറ്റിൽ ഇരുന്നിരുന്ന മൂന്നുപേരും, ഇടിയുടെ ആഘാതത്തിൽ പുറത്തക്ക് തെറിച്ചുപോയിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിജിത് വൈകാതെ മരണത്തിന് കീഴടങ്ങി . ദീപുവിനെ ഗുരുതരാവസ്ഥയിൽ മാർ സ്ലീവാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
അപകട സമയത്ത് അതുവഴി വന്ന പാറത്തോട് സ്വദേശിയായ ലിബിനും, നഴ്സ് ആയ ഭാര്യ ജിനിയും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. റോഡിൽ ബോധരഹിതയായി കിടന്നിരുന്ന ആതിരയ്ക്ക് ജിനി സിപിആർ നൽകിയാണ് ജീവൻ രക്ഷിച്ചത്. ഏതാണ്ട് കാൽ മണിക്കൂറിന് ശേഷമാണ് പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകുവാൻ വാഹനം ലഭിച്ചത് . നിയമപാലകർ ഉൾപ്പെടെ കാഴ്ചക്കാരായി നോക്കിനിൽക്കുന്ന അവസ്ഥയായിരുന്നു അവിടെ ഉണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു . ഓടിക്കൂടിയവരിൽ പലരും അപകടത്തിൽ പെട്ടവരെ രക്ഷിക്കുവാൻ ശ്രമിക്കുന്നന്തിന് പകരം ഫോട്ടോയും വിഡിയോയും എടുക്കുന്ന തിരക്കിൽ ആയിരുന്നു.
അഭിജിത് ബാംഗ്ലൂരിൽ ജോലി ചെയ്യുകയായിരുന്നു. സഹോദരിയുടെ വിവാഹം പ്രമാണിച്ചു നാട്ടിൽ വന്നതായിരുന്നു. അഭിജിത്തിന്റെ സംസ്കാരം ഇന്ന് വൈകുന്നേരം ഏഴരയോടെ വീട്ടുവളപ്പിൽ നടക്കും .
