KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കോരുത്തോട് കൊമ്പുകുത്തിയിൽ കാട്ടാന ആക്രമണം ; മൂന്നുപേർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

കോരുത്തോട് : കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തി, പെരുവന്താനം പഞ്ചായത്തിലെ മതമ്പ, കൊയാട്, കാനംമല തുടങ്ങിയ സ്ഥലങ്ങളിൽ കാട്ടാന ശല്യം അതിരൂക്ഷം. 30 ആനകളാണ് ഈ പ്രദേശങ്ങളിലായി ഉള്ളത്. ചെന്നാപ്പാറ കൊമ്പൻപാറയിൽ ഫെബ്രുവരിയിൽ സോഫിയ, പുരുഷോത്തമൻ എന്നിവരുടെ ജീവനെടുത്ത മോഴയാനയാണ് ഇപ്പോൾ കൊമ്പുകുത്തിയിൽ ആക്രമണം തുടരുന്നത്.

കൊമ്പുകുത്തിയിൽ കഴിഞ്ഞ ദിവസങ്ങളിൽ ജനവാസമേഖലയിൽ നടന്ന കാട്ടാനയുടെ ആക്രമണത്തിൽ മൂന്നുപേർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പുളിക്കൽ പദ്മനാഭപിള്ള, പടലിക്കാട്ട് ദാസൻ, ഭാര്യ പുഷ്പ എന്നിവരുടെ വീടുകളാണ് കാട്ടാന ആക്രമിച്ചത്.

വ്യാഴാഴ്ച രാത്രി 8.45-ഓടെ യാണ് പുളിക്കൽ പദ്‌മനാഭ പിള്ളയുടെ വീട് കാട്ടാന തകർത്തത്. ആന വരുന്നതുകണ്ട് പദ്‌മനാഭ പിള്ള നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടി. കാട്ടാന വീടിന്റെ കതക് കുത്തിപ്പൊളിച്ചു. കട്ടിൽ, ടെലിവിഷൻ, മേശ എന്നിവ നശിപ്പിച്ചു.

വെള്ളിയാഴ്ച രാത്രി വീടിന്റെ സിറ്റൗട്ടിൽ കയറിയ കാട്ടാനയുടെ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്കാണ് ദമ്പതിമാരായ 75 വയസ്സുള്ള പടലിക്കാട്ട് ദാസനും ഭാര്യ പുഷ്പയും രക്ഷപ്പെട്ടത്. ആന നാട്ടിൽ ഇറങ്ങിയ വിവരം അറിഞ്ഞ ദാസൻ അതിനെ തുരത്താൻ റബർ പാൽ ഉറയ്ക്കുന്ന ഡിഷ് അടിച്ച് ശബ്ദം ഉണ്ടാക്കിയിട്ടാണ് ഉറങ്ങിയത്. എന്നാൽ, ശനിയാഴ്ച പുലർച്ചെ 2 മണിയോടെ വീടിന് പുറത്ത് എന്തോ ഒടിക്കുന്ന ശബ്ദം കേട്ട്
ദാസന്റെ ഭാര്യ പുഷ്പ കതക് തുറന്നു. ആനയെ ഓടിക്കാൻ വീടിന് പുറത്തുവെച്ചിരുന്ന ഡിഷ് എടുത്ത് ശബ്ദമുണ്ടാക്കാമെന്ന്
കരുതി. ഡിഷുമായി തിരിച്ച് വീട്ടിലേക്ക് കയറുന്നതിനിടെ പുഷ്പയുടെ നേരേ കാട്ടാന പാഞ്ഞടുത്തു. വീടിന്റെ സിറ്റൗട്ടിൽ മുൻ കാൽ എടുത്തുവെച്ച ആന പുഷ്പയെ പിടികൂടുംമുമ്പ് ദാസൻ അവരെ ഹാളിലേക്ക് തള്ളിമാറ്റി. അദ്ഭുതകരമായിട്ടായിരുന്നു ഈ രക്ഷപ്പെടൽ.

ആനയെ മയക്കുവെടിവെച്ച് പിടികൂടി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കണമെന്ന് വാർഡ് മെമ്പർ ലതാ സുശീലൻ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് വനംമന്ത്രിക്ക് കത്ത് നൽകിയതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

error: Content is protected !!