ബസ്സിന്റെ മുൻപിൽ കുടിവെള്ള പ്ലാസ്റ്റിക് കുപ്പികൾ വച്ച സംഭവം: നടപടി നേരിട്ട കെഎസ്ആർടിസി ഡ്രൈവർ കാഞ്ഞിരപ്പള്ളിയിൽ വച്ച് ഡ്യൂട്ടിയ്ക്കിടെ കുഴഞ്ഞു വീണു.
കാഞ്ഞിരപ്പള്ളി : ഫാസ്റ്റ് പാസഞ്ചർ ബസിന് മുൻപിൽ കുടിവെള്ള കാലിക്കുപ്പികളും മാലിന്യവും മന്ത്രി ഗണേഷ്‌കുമാർ കണ്ടെത്തിയ സംഭവത്തിൽ പൊൻകുന്നം ഡിപ്പോയിൽ നിന്നും നടപടി നേരിട്ട കെഎസ്ആർടിസി ഡ്രൈവർ ബസ് ഓടിച്ചു കൊണ്ടിരിക്കെ കുഴഞ്ഞ് വീണു.
കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ വച്ച് പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ ജയ്മോൻ ജോസഫാണ് കുഴഞ്ഞ് വീണത്. ഇയാളെ ഉടൻ തന്നെ കാഞ്ഞിരപ്പള്ളി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശിക്ഷ നടപടിയായി ജെയ്മോൻ ജോസഫിനെ തൃശ്ശൂർ ജില്ലയിലെ പുതുക്കാട് ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയതായി ആയിരുന്നു ആദ്യം ഉത്തരവ് വന്നത്. പിന്നീട് അത് മരവിപ്പിച്ചു എന്ന വാർത്തയും വിവിധ മാധ്യമങ്ങളിൽ ഇന്ന് വന്നിരുന്നു. അതോടെ ഏറെ ആശ്വാസത്തിൽ ആയിരുന്നു ജെയ്മോൻ. എന്നാൽ ശിക്ഷ ഉത്തരവ് മരവിപ്പിച്ചിട്ടില്ലായിരുന്നു. ബസ് ഓടിച്ചുകൊണ്ടിരിക്കവേ ജെയ്മോനെ പൊൻകുന്നം ഡിപ്പോയിൽ നിന്നും റിലീവ് ചെയ്തതായി ഫോണിൽ മെസ്സേജ് ലഭിച്ചപ്പോഴാണ് , അത് താങ്ങുവാൻ കഴിയാതെ ജെയ്മോൻ കുഴഞ്ഞു വീണത് . നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ജെയ്മോൻ. മരങ്ങാട്ടുപള്ളി, പാലക്കാട്ടുമല സ്വദേശിയാണ് 44 വയസുള്ള പുതിയമറ്റത്തിൽ വീട്ടിൽ ജയ്മോൻ ജോസഫ്.
സംഭവത്തിലുൾപ്പെട്ട ബസിലെ ഡ്രൈവർ ജെയ്മോൻ ജോസഫ്, വെഹിക്കിൾ സൂപ്പർവൈസർ കെ.എസ്.സജീവ്, മെക്കാനിക്കൽ വിഭാഗത്തിലെ ചാർജ്മാൻ വിനോദ് എന്നിവരെ സ്ഥലം മാറ്റിയാണ് ചീഫ് ഓഫീസിൽ നിന്ന് ഉത്തരവെത്തിയത്. ജെയ്മോൻ ജോസഫിനെ തൃശ്ശൂർ ജില്ലയിലെ പുതുക്കാട് ഡിപ്പോയിലേക്കും സജീവിനെ തൃശ്ശൂർ ഡിപ്പോയിലേക്കും വിനോദിനെ കൊടുങ്ങല്ലൂരിലേക്കുമാണ് മാറ്റിയത്. മൂന്നാംതീയതി വൈകിട്ടാണ് ആദ്യ ഉത്തരവെത്തിയത്. മരവിപ്പിച്ചതായുള്ള നിർദേശം ഞായറാഴ്ച വൈകീട്ട് ഫോണിലും എത്തിയെന്നായിരുന്നു വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത് .
ഈ മാസം ഒന്നാംതീയതിയാണ് നടപടിക്കിടയാക്കിയ സംഭവം. മുണ്ടക്കയത്ത് നിന്ന് രാവിലെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ആർഎസ് സി 700 നമ്പർ ബസിന് പിന്നാലെയെത്തിയ മന്ത്രി ബസിനെ മറികടന്നപ്പോൾ കൊല്ലം ആയൂരിൽ വെച്ചാണ് മുൻവശത്തെ ചില്ലിനോട് ചേർന്ന് കുടിവെള്ളക്കുപ്പികൾ നിരത്തിയിട്ടത് കണ്ടത്. പിന്നീട് മന്ത്രി ബസ് തടഞ്ഞുനിർത്തി പരിശോധിച്ചു. ബസ് വൃത്തിഹീനമാണെന്നും ശുചിയാക്കാറില്ലെന്നും അതിനാൽ റിപ്പോർട്ട് നൽകാനും മന്ത്രി സ്‌ക്വാഡിനോട് ആവശ്യപ്പെട്ടു. ബസ് വൃത്തിഹീനമാണെന്നും കഴുകിയിട്ടില്ലെന്നും അവർ റിപ്പോർട്ട് നൽകുകയും ചെയ്തു. തുടർന്നാണ് വകുപ്പുതല നടപടി.
സ്ഥലംമാറ്റം നേരിട്ട കെ.എസ്.സജീവ് കെഎസ്ആർടിഇഎ(സിഐടിയു) ജില്ലാട്രഷററാണ്. ഡ്രൈവർ ജയ്മോൻ ജോസഫ് ടിഡിഎഫ് അംഗവും മെക്കാനിക്ക് വിഭാഗം ജീവനക്കാരൻ ബിഎംഎസ് അംഗവും. യൂണിയനുകളുടെയും ജീവനക്കാരുടെയും അതൃപ്തി തിരിച്ചറിഞ്ഞാണ് തിരുത്തൽ വരുത്തിയതെന്നാണ് കരുതിയിരുന്നത് . ബസ് വൃത്തിയാക്കുന്നതിന് രണ്ട് ദിവസവേതനക്കാർക്കാണ് ചുമതല. അതിലൊരാൾ ചികിത്സയിലായതിനാൽ അവധിയിലാണ്. ഒരാൾ മാത്രമുള്ളതിനാൽ എല്ലാദിവസവും എല്ലാ ബസുകളും കഴുകാറില്ലെന്നും ഇവർ സൂചിപ്പിച്ചു. പഴയമോഡൽ ബസുകളിൽ കുടിവെള്ള കുപ്പികൾ സൂക്ഷിക്കാൻ റാക്കില്ലാത്തിനാൽ ജീവനക്കാർ കുപ്പികൾ മുൻചില്ലിന് സമീപം വെയ്ക്കാറുണ്ട്. ഇതാണ് നടപടിക്കിടയാക്കിയ വിഷയമെന്നാണ് ജീവനക്കാർ പറയുന്നത്.
