പെരുമഴയും, ശക്തമായ കാറ്റും, കാതടപ്പിക്കുന്ന ഇടിമിന്നലും, ഒരു മണിക്കൂർ നാട് സ്തംഭിച്ചു ..
കാഞ്ഞിരപ്പള്ളി : ഒരു മണിക്കൂറിലേറെ നേരം നിർത്താതെ പെയ്ത പെരുമഴയ്ക്കൊപ്പം ശക്തമായ കാറ്റും , ഒപ്പം കാതടപ്പിക്കുന്ന ഇടിമിന്നലും .. നാടാകെ ഒരു മണിക്കൂറോളം സ്തംഭിച്ചു . മരങ്ങൾ വീണ് വൈദ്യൂതി കമ്പികൾ പലയിടത്തും പൊട്ടിവീണതോടെ, പ്രദേശത്തെ വൈദ്യൂതി വിതരണം പൂർണമായും നിലച്ചു, മരങ്ങൾ വീണ് പലയിടത്തും ഗതാഗതം സ്തംഭിച്ചു . മരങ്ങൾ ഒടിഞ്ഞുവീണ് നിരവധി വീടുകൾ തകർന്നു . കാഞ്ഞിരപ്പള്ളി , ചിറക്കടവ്, പൊൻകുന്നം മേഖലയിൽ കനത്ത നാശമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് .
ചിറക്കടവ് കിഴക്കുംഭാഗം ഗ്രാമദീപം പ്രദേശത്ത് ഞായറാഴ്ച പെയ്ത കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്‌ടം.
വലിയ പറപ്പള്ളിക്കുന്നേൽ പി ആർ ഷാജിയുടെ വീടിന് മുകളിൽ കവുങ്ങ് മരംവീണ് വീടിന് ഭാഗീകമായ നാശനഷ്ടമുണ്ടായി.ഗ്രാമദീപം വായനശാലക്ക് സമീപം മുട്ടത്ത് ചന്ദ്രശേഖരൻ നായരുടെ വീടിന് മുകളിൽ മരം കടപുഴകി വീണു. വീടിന് നാശനഷ്ടമുണ്ടായി. കുടുംബാഗംങ്ങൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഗ്രാമദീപം വായനശാലയ്ക്ക് സമീപം പൂവത്തുങ്കൽ വിദ്യാസാഗറിന്റെ വീടിന് മുകളിലും മരം വീണ് വലിയ നാശനഷ്ടമുണ്ടായി , ചെറുകുന്നത്ത് സി പി ശശിധരൻ നായരുടെ വീടിന് മുകളിലും മരം വീണ് നാശനഷ്ടമുണ്ടായി.
താവൂർ എം ബി മോഹനന്റെ വീടിന് മുന്നിലേക്ക് വൈദ്യുതി പോസ്റ്റ് ചാഞ്ഞ് വീണു. പറപ്പള്ളിക്കുന്നേൽ പി എൻ സോജന്റെ പുരയിടത്തിലും നിരവധി വൃക്ഷങ്ങൾ കടപുഴകുകയും കൃഷി നാശമുണ്ടാവുകയും ചെയ്തു. സമീപം തടത്തിൽ പുത്തൻ വീട്ടിൽ പ്രദീഷ് കുമാറിന്റെ വീടിന് മുകളിൽ മരം കടപുഴകി വീണ് വീടിന് നാശമുണ്ടായി. അമ്പഴത്തിനാൽ പ്രസാദിന്റെ കൃഷിയിടത്തിലെ കപ്പ കൃഷി നശിച്ചു.
വട്ടക്കുഴി ഭാഗത്ത് കുന്നപ്പള്ളിൽ (തേക്കും തോട്ടത്തിൽ) ദീപുവിന്റെ വീടിന് പിന്നിലെ തിട്ട ഇടിഞ്ഞ് വീണു.വിടിന് സുരക്ഷാ ഭീഷണിയായി. പള്ളിവാതുക്കൽ പറമ്പിൽ രാജപ്പൻ പിള്ളയുടേയും എം കെ ഷാജിയുടേയും പുരയിടത്തിൽ ജാതിയും മറ്റ് മരങ്ങളും കടപുഴകി വീണു.
