കാഞ്ഞിരപ്പള്ളി ബൈപാസിന്റെ റീടെണ്ടര്‍ ക്ഷണിച്ചു
കാഞ്ഞിരപ്പള്ളി ബൈപാസിന്റെ റീടെണ്ടര്‍ വിളിച്ചതായി ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. ആദ്യം നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത കമ്പനി നിര്‍മ്മാണം പുരോഗതി കൈവരിക്കാത്തതിനാല്‍ കിഫ്ബി കരാറില്‍ നിന്ന് പ്രസ്തുത കരാറുകാരനെ ഒഴിവാക്കി ഉത്തരവായിരുന്നു. തുടര്‍ന്ന് കിഫ്ബിയുടെ പ്രത്യേക ടെക്‌നിക്കല്‍ ഇവാലുവേഷന്‍ കമ്മിറ്റി വിളിച്ചുകൂട്ടി അടിയന്തരപ്രാധാന്യത്തോടെ സാങ്കേതിക അനുമതി ലഭ്യമാക്കുന്നതിന് ചീഫ് വിപ്പ് ഡോ.എന്‍.ജയരാജിന്റെ ശ്രമഫലമായിട്ടാണ് ഇപ്പോള്‍ അന്തിമ അനുമതി ലഭിച്ചതും റീ ടെണ്ടര്‍ ആയതും.
78.69 കോടി രുപയാണ് പദ്ധതിക്കായി ആകെ ഭരണാനുമതി കിഫ്ബിയില്‍ നിന്ന് ലഭിച്ചിട്ടുള്ളത്. 24.76 കോടി രൂപയാണ് സ്ഥലമേറ്റെടുക്കലിന് ആകെ ചെലവായിട്ടുള്ളത്. റോഡ് രൂപീകരിക്കുന്നതിനും ഫ്‌ളൈഓവര്‍ നിര്‍മ്മാണത്തിനുമായി ആകെ കണക്കാക്കിയ തുക 26.17 കോടി രൂപയായിരുന്നു. ഇപ്പോള്‍ പുതുക്കിയ നിരക്ക് പ്രകാരം 35.30 കോടി രൂപയാണ് എസ്റ്റിമേറ്റ് തയാറാക്കിയിരിക്കുന്നത്. ഡിസംബര്‍ ഒന്നിന് ടെണ്ടര്‍ തുറക്കും. എത്രയും വേഗം പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ മറ്റ് നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് എല്ലാ ശ്രമങ്ങളും നടന്നുവരുന്നതായും ചീഫ് വിപ്പ് അറിയിച്ചു.
