KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കുട്ടികളുടെ വലിയ ആഗ്രഹം സാധിച്ചു : കിസുമം സ്‌കൂളിലെ പ്ലസ് വൺ വിഭാഗത്തിലെ 15 വിദ്യാർഥികൾ ആദ്യമായി തിയേറ്ററിൽ പോയി സിനിമ കണ്ടു.

മുണ്ടക്കയം : ജീവിതത്തിൽ ആദ്യമായി തിയേറ്ററിൽ പോയി സിനിമ കണ്ടതിൻറെ ആവേശത്തിലാണ് കിസുമം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിഭാഗത്തിലെ 15 വിദ്യാർഥികൾ. ഒരിക്കൽ ക്ലാസെടുക്കുന്ന സമയത്ത് അവിചാരിതമായി ഒരു കുട്ടിയോട് ‘നീ അവസാനം തിയേറ്ററിൽ പോയി കണ്ട സിനിമ ഏതാണ് ‘ എന്ന അധ്യാപകനായ വിജേഷിന്റെ ചോദ്യമാണ് കുട്ടികളുടെ ജീവിതത്തിലെ വഴിത്തിരിവായത്. ‘ഞാൻ തിയേറ്ററിൽ പോയി സിനിമ കണ്ടിട്ടില്ല മാഷേ.’ എന്നവൻ നിഷ്കളങ്കമായി പറഞ്ഞു.

അങ്ങനെ സിനിമ കണ്ടവരും കാണാത്തവരും എത്രയെന്ന് കണ്ടെത്തുവാൻ സ്കൂളിൽ ഒരു സർവേ നടത്താൻ തീരുമാനമായി. സർവേയിലെ പ്രധാന ചോദ്യം നിങ്ങൾ അവസാനമായി തിയേറ്ററിൽ പോയി കണ്ട സിനിമ ഏതാണ്? എന്നതായിരു ന്നു. ‘തിയേറ്ററിൽ പോയി സിനിമ കണ്ടിട്ടില്ല’ എന്ന ഉത്തരം പറഞ്ഞ 17 പേരോടും വ്യക്തിപരമായി സംസാരിച്ചു. അവർക്ക് തിയേറ്ററിൽ സിനിമകണ്ടുള്ള അനുഭവങ്ങളേയില്ലെന്ന് ബോധ്യപ്പെട്ടു. ഇതിലേക്ക് വേണ്ട പണം നമുക്കെടുക്കാം എന്ന് സഹപ്രവർത്തകർ വിജിത്തിനോട് പറഞ്ഞു. ആവശ്യം ഉന്നയിച്ച് അധ്യാപകൻ വാട്‌സ്ആപ്പ് സന്ദേശം ഇട്ടതോടെ ഒറ്റദിവസം കൊണ്ട് 10,500 രൂപ അക്കൗണ്ടിൽ എത്തി. കൂട്ടുകാർ ഇല്ല എന്ന കാരണത്താൽ തിരഞ്ഞെടുക്കപ്പെട്ട 17-പേരിൽ രണ്ടുകുട്ടികൾ ഒഴിവായി.

സ്കൂളിലെ പാചകജോലി ചെയ്യുന്ന പൊന്നമ്മയും ശുചീകരണജോലി ചെയ്യുന്ന മോളിയും കുട്ടികൾക്കൊപ്പം തിയേറ്ററിലെത്തി. മുണ്ടക്കയം ആർഡി സിനിമാസിൽ വ്യാഴാഴ്ച രണ്ടുമണിക്ക് “ബാഹുബലി ദ എപ്പിക് ” എന്ന സിനിമയാണ് കുട്ടികൾ ജീവിതത്തിൽ ആദ്യമായി തീയേറ്ററിൽ ഇരുന്ന് ആസ്വദിച്ച് കണ്ടത്.

ഒരിക്കൽ പോലും ബിരിയാണി കഴിച്ചിട്ടില്ലാത്ത ചില കുട്ടികൾക്ക് ചിക്കൻ മന്തിയും വാങ്ങിക്കൊടുത്താണ് അധ്യാപകർ അവരെ വിടുകളിൽ എത്തിച്ചത്. റീജണൽ ഡെപ്യൂട്ടി ഡയറക്ടർ കെ. സുധ, അധ്യാപികയായ ഷെറിൻ വർഗീസ് എന്നിവർ പൂർണപിന്തുണയുമായി അധ്യാപകനായ വി. വിജേഷിനൊപ്പം ഉണ്ടായിരുന്നു.

error: Content is protected !!