KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി ശബരിമല പാതയിൽ മൂന്ന് അപകടങ്ങൾ.

എരുമേലി : അപകടങ്ങളിൽ നിന്ന് മോചനമില്ലാതെ ഇത്തവണയും ശബരിമല സീസൺ. ചൊവ്വാഴ്ച മൂന്ന് അപകടങ്ങളിലായി നാല് പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല.

വിഴുക്കിത്തോട് – പൊൻകുന്നം ബൈപാസ് റോഡിൽ അന്നദാന കൗണ്ടറിന് സമീപമാണ് ആദ്യ അപകടം. കാറിൽ ഇടിച്ച് ലോറി മറിയുകയായിരുന്നു. ഇതേ റോഡിൽ കുറുവാമുഴി – എരുമേലി പാതയിൽ അമ്പലവളവിൽ ടെലിഫോൺ പോസ്റ്റിൽ കാർ ഇടിച്ചാണ് അടുത്ത അപകടം. എരുമേലി ടൗണിൽ ടി ബി റോഡിലേക്ക് കെഎസ്ആർടിസി ജങ്ഷനിൽ നിന്ന് തടികളുമായി കയറ്റം കയറുന്നതിനിടെ തടികൾ റോഡിലേക്ക് ഉരുണ്ടു വീണാണ് മൂന്നാമത്തെ അപകടം.

കാഞ്ഞിരപ്പള്ളിയിൽ നിന്ന് വരികയായിരുന്ന കാറും എരുമേലിയിൽ നിന്നുമെത്തിയ ചരക്ക് ലോറിയുമാണ് വിഴുക്കിത്തോട് ഭാഗത്ത്‌ ഇടിച്ചത്. അമിത വേഗത്തിൽ എത്തിയ കാർ ഇടിച്ചതോടെ ലോറി റോഡിൽ വട്ടം മറിഞ്ഞു. ഫയർ ഫോഴ്സ്, പോലിസ് എത്തി ഗതാഗത തടസം നീക്കി. ശബരിമല ദർശനം കഴിഞ്ഞു അമ്മയും സഹോദരനുമായി മടങ്ങുകയായിരുന്നു മലപ്പുറം തിരൂർ സ്വദേശി യുവാവ് ഡ്രൈവ് ചെയ്ത കാർ നിയന്ത്രണം തെറ്റി കൊരട്ടി റോഡിൽ അമ്പല വളവ് ഭാഗത്ത്‌ ടെലിഫോൺ പോസ്റ്റിൽ ഇടിച്ചാണ് രണ്ടാമത്തെ അപകടം. ഇവർക്ക് നിസാര പരിക്കുണ്ട്. തടികൾ കയറ്റി വന്ന പിക്ക് അപ്പ് വാൻ ടി ബി റോഡിൽ കയറ്റത്ത് വെച്ച് ഭാരം മൂലം മുൻഭാഗം പൊങ്ങുകയും ഇതോടെ പിന്നിൽ നിന്നും തടികൾ റോഡിലേക്ക് വീണുമാണ് മൂന്നാമത്തെ അപകടം. ക്രയിൻ യൂണിറ്റ് ഉപയോഗിച്ച് തടികളും വാനും നീക്കി ഗതാഗതം പുനസ്ഥാപിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.

error: Content is protected !!