തമിഴ്നാട്ടിൽ കവർച്ച ചെയ്ത 22 പവൻ എരുമേലിയിൽ 17 ലക്ഷത്തിന് വിറ്റു : രണ്ട് പേർ അറസ്റ്റിൽ.
എരുമേലി : കവർച്ച ചെയ്തു കിട്ടിയ സ്വർണം വിറ്റ് ആഡംബര ജീവിതം. സംശയം തോന്നിയവർ നൽകിയ വിവരങ്ങളിലൂടെ അന്വേഷണം തുടങ്ങിയ പോലിസ് പ്രതികളെ പിടികൂടി വിറ്റ സ്വർണം കണ്ടെടുത്തു . തമിഴ്നാട് തുത്തുക്കുടി പോലിസ് ആണ് എരുമേലി പോലീസിന്റെ സഹായത്തോടെ മോഷ്ടാക്കളെ അറസ്റ്റ് ചെയ്തത്. എരുമേലി ചെറുവള്ളി എസ്റ്റേറ്റ് അഞ്ചാം ഡിവിഷനിൽ താമസിക്കുന്ന അജിത് കുമാർ (29),സുഹൃത്തും തമിഴ്നാട് തുത്തുക്കുടി സ്വദേശിയുമായ ഭരത് (22) എന്നിവർ ആണ് അറസ്റ്റിലായത്.
തുത്തുക്കുടി സൗത്ത് പോലിസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞയിടെ ബൈക്കിൽ വന്ന് സ്ത്രീകളുടെ കഴുത്തിൽ നിന്നും സ്വർണ മാല പറിച്ചു കടന്നുകളയുന്ന സംഘത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചപ്പോഴാണ് മുനിയസ്വാമി കോവിൽ സ്ട്രീറ്റ് ഭാഗത്ത് ഭരത് എന്ന യുവാവിന്റെ ആഡംബര ജീവിതം സംബന്ധിച്ച് നാട്ടുകാരിൽ ചിലർ നിർണായക സൂചനകൾ നൽകിയതെന്ന് തുത്തുക്കുടി പോലിസ് പറഞ്ഞു. ഇയാളെ കസ്റ്റഡിയിലാക്കി ചോദ്യം ചെയ്തതോടെ ആണ് അന്വേഷണം കേരളത്തിൽ കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റിൽ അജിത് കുമാറിലേക്ക് എത്തിയത്.
തമിഴ്നാട് സ്വദേശിയും എസ്റ്റേറ്റിൽ താമസക്കാരനുമായ അജിത് കുമാർ അടുത്ത സുഹൃത്തും ബന്ധുവുമാണെന്നും പിടിച്ചു പറിച്ചെടുത്ത സ്വർണ മാലകൾ അജിത് കുമാർ മുഖേനെ എരുമേലി ടൗണിലുള്ള സ്വകാര്യ സ്ഥാപനത്തിൽ വിറ്റെന്നുമായിരുന്നു മൊഴി. 17 ലക്ഷം രൂപയാണ് സ്വർണം വിറ്റ് ഇവർ നേടിയത്. ഈ തുക പങ്കിട്ട് ആഡംബര ജീവിതം നയിക്കുകയായിരുന്നു പ്രതികളെന്ന് പോലിസ് പറഞ്ഞു. ഇന്നലെ ഭരതുമായി എത്തി എസ്റ്റേറ്റിൽ നിന്ന് അജിത് കുമാറിനെ എരുമേലി പോലീസിന്റെ സഹായത്തോടെ പിടികൂടിയ തുത്തുക്കുടി പോലിസ് എരുമേലി ടൗണിലെ സ്വർണ പണയ സ്ഥാപനത്തിൽ ഇരു പ്രതികളെയും എത്തിച്ച് തെളിവെടുപ്പ് നടത്തി സ്വർണം കണ്ടെടുത്ത ശേഷം പ്രതികളുമായി തമിഴ്‌നാട്ടിലേക്ക് പോയി. 160 ഗ്രാം സ്വർണം ആണ് കണ്ടെടുത്തതെന്ന് എരുമേലി പോലിസ് പറഞ്ഞു.
