പ്രസിഡന്റ് തിരഞ്ഞെടുപ്പ് ; വ്യക്തമായ ഭൂരിപക്ഷം ഉണ്ടെങ്കിലും എരുമേലി പഞ്ചായത്തിൽ യുഡിഎഫ് വിട്ടുനിൽക്കും
എരുമേലി : പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശനിയാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മാത്രം പങ്കെടുത്താൽ മതിയെന്ന് അംഗങ്ങൾക്ക് യുഡിഎഫ് വിപ്പ് നൽകി. ഇതോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് റദ്ദാകുമെന്നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് യോഗം മാത്രം നടക്കുമെന്നും വ്യക്തമായി.
24 അംഗങ്ങൾ ഉള്ള എരുമേലി പഞ്ചായത്ത് ഭരണസമിതിയിൽ 14 അംഗങ്ങൾ ഉള്ള യുഡിഎഫ് വിട്ടു നിന്നാൽ ക്വോറം തികയില്ല. പകുതി അംഗങ്ങളായ 12 പേർ പങ്കെടുത്താൽ ആണ് ക്വോറമാവുക. പ്രസിഡന്റ് സ്ഥാനം പട്ടിക വർഗ സംവരണമാണ്. യുഡിഎഫിൽ പട്ടിക വർഗ പ്രതിനിധിയില്ല. ഇത് കൊണ്ടാണ് യുഡിഎഫ് വിട്ടു നിൽക്കാൻ തീരുമാനം കൈക്കൊണ്ടത്.
യുഡിഎഫ് വിട്ടു നിൽക്കുന്നതോടെ ക്വോറമില്ലന്ന് അറിയിച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വരണാധികാരി റദ്ദാക്കി പ്രഖ്യാപിക്കുന്നതിലേക്ക് എത്തും. ഉച്ചക്ക് ശേഷം ആണ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. വൈസ് പ്രസിഡന്റ് സ്ഥാനം വനിതയ്ക്കാണ്. യുഡിഎഫിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ആരെന്ന് ഇതുവരെ തീരുമാനിക്കാൻ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. അധികം വൈകാതെ ഉടനെ അംഗത്വം ഉൾപ്പടെ രാജി വെക്കുന്നതിന് തയ്യാർ ആണെങ്കിൽ ഇപ്പോൾ വൈസ് പ്രസിഡന്റ് സ്ഥാനം നൽകാമെന്നാണ് യുഡിഎഫ് മുന്നോട്ട് വെച്ചിരിക്കുന്ന ആദ്യ നിബന്ധന. ഇങ്ങനെ രാജി വെച്ചാൽ ഉപ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ പറ്റുന്ന ആളെ ജയിപ്പിക്കാൻ സാധിക്കുന്ന വാർഡ് ആയിരിക്കണം ഇപ്പോൾ വൈസ് പ്രസിഡന്റ് ആകുന്ന മെമ്പറുടേത് എന്ന നിബന്ധനയാണ് അടുത്തത്. ഈ രണ്ട് നിബന്ധനകൾക്കും പറ്റിയ ആളെ ആണ് ഇപ്പോൾ വൈസ് പ്രസിഡന്റ് ആക്കുക എന്ന് നേതൃത്വം ഇന്നലെ കോൺഗ്രസ് യോഗവും യുഡിഎഫ് യോഗവും വിളിച്ചു ചേർത്ത് അറിയിച്ചു. എന്നാൽ വനിതാ അംഗങ്ങൾ ആരും തന്നെ അനുകൂല പ്രതികരണം നൽകിയില്ല. ഇതോടെ ശനിയാഴ്ച രാവിലെ യോഗം ചേർന്ന് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയുടെ പേര് പ്രഖ്യാപിക്കുമെന്നാണ് നേതൃത്വം അറിയിച്ചത്.
ശനിയാഴ്ച പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിട്ടു നിന്നാൽ ക്വോറം ഇല്ലാത്തത് മൂലം തെരഞ്ഞെടുപ്പ് നടത്താനാകാതെ യോഗം റദ്ദാകുമെങ്കിലും പിറ്റേന്ന് ക്വോറം ഇല്ലാതെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്താമെന്നാണ് പഞ്ചായത്ത് രാജ് നിയമ വ്യവസ്ഥ. യുഡിഎഫ് വിട്ടു നിന്നാൽ ഈ ചട്ടം പ്രകാരം നാളെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. പട്ടിക വർഗ സംവരണമായ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ആകെ രണ്ട് പേരാണ് പട്ടിക വർഗ പ്രതിനിധികളായി ജയിച്ചിട്ടുള്ളത്. ഒരാൾ ഏഴ് അംഗങ്ങൾ ഉള്ള ഇടതുപക്ഷത്തുള്ള ഒരു സിപിഎം അംഗമായ ശ്രീനിപുരം വാർഡിൽ ജയിച്ച അമ്പിളി സജീവനാണ്. മറ്റൊരാൾ രണ്ട് അംഗങ്ങൾ ഉള്ള ബിജെപിയിൽ ഉമ്മിക്കുപ്പ വാർഡിൽ ജയിച്ച കെ കെ രാജനാണ്. നാളെ യുഡിഎഫ് വിട്ടു നിന്നാലും ക്വോറം ഇല്ലെന്ന കാരണം പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബാധകമാകില്ല. എൽഡിഎഫിലെ അമ്പിളി സജീവനും ബിജെപിയിലെ കെ കെ രാജനും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നാണ് ഇരു മുന്നണി നേതൃത്വങ്ങളും അറിയിച്ചിട്ടുള്ളത്. ഏഴ് അംഗങ്ങൾ ഉള്ള എൽഡിഎഫിലെ അമ്പിളി സജീവൻ ആണ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടാൻ ഭൂരിപക്ഷ പ്രകാരം ഈ നിലയിൽ സാധ്യത ഉള്ളത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എൽഡിഎഫിൽ ചേനപ്പാടി വാർഡ് അംഗം സുധ വിജയൻ, ബിജെപിയിലെ മൂക്കൻപെട്ടി വാർഡ് അംഗം പി എസ് സുരണ്യ എന്നിവർ ആണ് സ്ഥാനാർത്ഥികളായി ഇടതുപക്ഷത്തും ബിജെപിയിലും നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഭൂരിപക്ഷമുള്ള യുഡിഎഫിൽ തീരുമാനം വൈകുകയാണ്.
24 അംഗങ്ങളിൽ കോൺഗ്രസ് 11, മുസ്ലിം ലീഗ് 2, ആർഎസ്പി ഒന്ന് എന്നിങ്ങനെ യുഡിഎഫിന് 14 അംഗങ്ങളുണ്ട്. എൽഡിഎഫിൽ സിപിഎം അഞ്ച്, സിപിഐ രണ്ട് എന്നിങ്ങനെ ഏഴും ബിജെപിയ്ക്ക് രണ്ട് അംഗങ്ങളും ഇത് കൂടാതെ ഒരു സ്വതന്ത്രനുമാണ് കക്ഷി നില.
