KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മതമൈത്രിയുടെ പ്രതീകമായ എരുമേലി ചന്ദനക്കുടം മഹോത്സവത്തിന് കൊടിയേറി ..ജനുവരി 10നാണ് ചന്ദനക്കുട മഹോത്സവം.

എരുമേലി : ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ സന്ദേശവുമായി, എരുമേലി മഹല്ലാ മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന മതമൈത്രിയുടെ പ്രതീകമായ എരുമേലി ചന്ദനക്കുടം മഹോത്സവത്തിന് കൊടിയേറി,
ബുധനാഴ്ച വൈകിട്ട് നൈനാർ ജുമാ മസ്ജിദിൽ ജമാഅത്ത് പ്രസിഡന്റ് നാസർ പനച്ചി കൊടി ഉയർത്തി. സെക്രട്ടറി മിഥുലാജ് പുത്തൻവീട് അധ്യക്ഷനായിരുന്നു. ഭജമാഅത്ത് ഭാരവാഹികളും കമ്മറ്റി അംഗങ്ങളും നേതൃത്വം നൽകി.
ചെണ്ടകളും ചേങ്കിലകളും തീർത്ത നാദ പ്രകമ്പനത്തിൽ കൊടിയേറ്റ് കാണാൻ അയ്യപ്പഭക്തരും മുസ്ലിം ജമാഅത്ത് അംഗങ്ങളും നാട്ടുകാരും ഒരുമിച്ചു നിന്നു. ഇനി പത്ത് ദിനരാത്രങ്ങൾ പൂർത്തിയാകുമ്പോൾ ചന്ദനക്കുട ആഘോഷം അരങ്ങേറും. രാത്രിയിൽ തുടങ്ങി പുലരുമ്പോൾ തീരുന്ന ആഘോഷത്തിന് തൊട്ട് പിന്നാലെ ചരിത്ര പ്രസിദ്ധമായ അമ്പലപ്പുഴ, ആലങ്ങാട്ടു സംഘങ്ങളുടെ പേട്ടതുള്ളൽ. ഇതിന് പിന്നാലെ നാല് ദിവസങ്ങൾക്ക് ശേഷം മകരജ്യോതി ദർശനം. ഇതോടെ ഇത്തവണത്തെ ശബരിമല തീർത്ഥാടന കാലത്തിന് പരിസമാപ്തിയാകും.

ജനുവരി 10 നാണ് ചന്ദനക്കുട ആഘോഷം. അന്ന് വൈകിട്ട് വർണ ശബളമായ ഘോഷയാത്ര നാട് ചുറ്റും. മന്ത്രിമാരും ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും സർക്കാർ വകുപ്പുകളും ഉദ്യോഗസ്ഥരും വ്യാപാരി സംഘടനകളും നാട്ടുകാരും ചേർന്ന് സ്വീകരണം നൽകിയതിനൊടുവിൽ ക്ഷേത്രത്തിൽ ജമാഅത്ത് ഭാരവാഹികളെ സ്വീകരിച്ച് ഘോഷയാത്രയെ വരവേൽക്കും. പുലർച്ചെയോടെ ചന്ദനക്കുട റാലി മസ്ജിദിൽ മടങ്ങി വന്ന ശേഷം രാവിലെ ആണ് ഐതിഹ്യ പ്രസിദ്ധമായ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിക്കുന്നത്.

error: Content is protected !!