എരുമേലിയുടെ ചരിത്രത്തിൽ ആദ്യം .. എൽഡിഎഫ് പ്രസിഡന്റ്, യുഡിഎഫ് വൈസ് പ്രസിഡന്റിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത് സ്ഥാനാരോഹണം നടത്തി.
എരുമേലി : യുഡിഎഫിന് വ്യക്തമായ ഭരണഭൂരിപക്ഷമുള്ള എരുമേലി പഞ്ചായത്തിൽ, പ്രസിഡന്റ് ആയി സ്ഥാനമേറ്റത് എൽഡിഎഫ് മെമ്പറായ അമ്പിളി സജീവൻ. എരുമേലി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടിക വർഗ്ഗ സംവരണം ആയതിനാൽ, 14 പേർ ജയിച്ചെങ്കിലും, പട്ടിക വർഗ്ഗത്തിൽ നിന്നും ഒരു മെമ്പർ പോലും ഇല്ലാതിരുന്നതിനാൽ, യുഡിഎഫിന് പ്രസിഡന്റ് സ്ഥാനം അപ്രാപ്യമായി . അതിനാൽ ഏഴു മെമ്പർമാർ മാത്രമുള്ള എൽഡിഎഫിൽ നിന്നുള്ള മെമ്പർ അമ്പിളി സജീവൻ, പ്രസിഡന്റ് ആയി സ്ഥാനമേറ്റു.
വ്യാഴാഴ്ച നടന്ന ചടങ്ങിൽ പ്രസിഡന്റ് അമ്പിളി സജീവൻ, യുഡിഎഫിലെ സാറാമ്മ എബ്രഹാമിന് വൈസ് പ്രസിഡന്റ് ആയി സത്യവാചകം ചൊല്ലിക്കൊടുത്ത് സ്ഥാനാരോഹണം നടത്തി.
കോൺഗ്രസ് അംഗമായ വൈസ് പ്രസിഡന്റിന് സിപിഎം അംഗമായ പ്രസിഡന്റ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാൻ വിസമ്മതിച്ചെന്ന രാഷ്ട്രീയ വിവാദം നിറഞ്ഞ തർക്കത്തിന് പുതുവത്സര ദിനത്തിൽ സമരസ പര്യവസാനം. എരുമേലി പഞ്ചായത്ത് ഭരണസമിതിയിൽ വൈസ് പ്രസിഡന്റ് ചുമതല ഏൽക്കുന്നത് സംബന്ധിച്ച വിവാദങ്ങൾക്കാണ് ഇന്നലെ വൈസ് പ്രസിഡന്റിന്റെ ചുമതല ഏൽക്കലോടെ വിരാമമായത്. ഇന്നലെ രാവിലെ 11 ന് പഞ്ചായത്ത് ഹാളിൽ ചേർന്ന ഭരണസമിതി യോഗത്തിൽ വെച്ച് പ്രസിഡന്റ് അമ്പിളി സജീവൻ വൈസ് പ്രസിഡന്റ് സാറാമ്മ എബ്രഹാമിന് സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ഇരുവരും ഹസ്തദാനം ചെയ്തു. വാർഡ് അംഗങ്ങളും വിവിധ കക്ഷി നേതാക്കളും ആശംസകൾ അറിയിച്ച് സംസാരിച്ചു.
ഒറ്റക്കെട്ടായി ഭരണം നടത്തുമെന്ന് അമ്പിളി സജീവനും എല്ലാ സഹകരണവും നൽകുമെന്ന് സാറാമ്മ എബ്രഹാമും പ്രസംഗത്തിൽ പറഞ്ഞു. 24 അംഗങ്ങൾ ഉള്ള എരുമേലി പഞ്ചായത്ത് ഭരണസമിതിയിൽ 14 അംഗങ്ങളുമായി യുഡിഎഫിനാണ് ഭൂരിപക്ഷം. എന്നാൽ പട്ടിക വർഗ സംവരണമായ പ്രസിഡന്റ് സ്ഥാനത്തേക്ക് യുഡിഎഫിൽ പട്ടിക വർഗ അംഗം ഇല്ല. ഇതേതുടർന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് പങ്കെടുത്തില്ല. അതേസമയം വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പങ്കെടുക്കുകയും വോട്ടെടുപ്പിലൂടെ കോൺഗ്രസ് അംഗം സാറാമ്മ എബ്രഹാം വൈസ് പ്രസിഡന്റ് ആവുകയും ചെയ്തു. എന്നാൽ യുഡിഎഫ് വിട്ടു നിന്നത് മൂലം ക്വോറം ഇല്ലാഞ്ഞതിനാൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നില്ല. ചട്ട പ്രകാരം ക്വോറം ബാധകമാകാതെ അടുത്ത ദിവസം പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നപ്പോഴും യുഡിഎഫ് വിട്ടുനിന്നു. സിപിഎമ്മും ബിജെപിയും പങ്കെടുത്തു. പട്ടിക വർഗ അംഗങ്ങളായ സിപിഎമ്മിലെ അമ്പിളി സജീവനും ബിജെപി അംഗം കെ കെ രാജനും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയും എൽഡിഎഫിലെ ഏഴ് അംഗങ്ങളുടെ വോട്ട് നേടി അമ്പിളി സജീവൻ പ്രസിഡന്റായപ്പോൾ വൈസ് പ്രസിഡന്റിന് സത്യപ്രതിജ്ഞ നൽകണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. എന്നാൽ വൈസ് പ്രസിഡന്റിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തില്ല. ഇതിനെതിരെ യുഡിഎഫ് നേതൃത്വം ജില്ലാ കളക്ടർക്ക് ഉൾപ്പടെ പരാതി നൽകിയതോടെ ആണ് ഇന്നലെ
സത്യപ്രതിജ്ഞ നടന്നത്..
