KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാടുമൂടി കിടക്കുന്ന കാഞ്ഞിരപ്പള്ളി ബൈപാസ്സിന് ശാപമോക്ഷം ഉടൻ ..പുതിയ കരാറുകാരൻ സ്ഥലം സന്ദർശിച്ചു പ്രാരംഭ പ്രവർത്തങ്ങൾക്ക് തുടക്കമിട്ടു.. എട്ട് മാസം കൊണ്ട് പണികൾ പൂർത്തിയാക്കുമെന്ന് ഉറപ്പു നൽകി .

കാഞ്ഞിരപ്പള്ളി : ഓരോ കാഞ്ഞിരപ്പള്ളിക്കാരുടെയും, ഒപ്പം കാഞ്ഞിരപ്പള്ളി എം. എൽ. എ. ഡോ. എൻ. ജയരാജിന്റെയും സ്വപ്ന പദ്ധതിയായ, ഏറെ നാളുകളായി മുടങ്ങികിടക്കുകയായിരുന്ന കാഞ്ഞിരപ്പള്ളി ബൈപാസ് നിർമ്മാണത്തിന്, വീണ്ടും പുതുജീവൻ വയ്ക്കുന്നു.

കരാർ വെച്ച തുക തികയുകയില്ല എന്നും , കൂടുതൽ തുക അനുവദിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് , കരാർ ഏറ്റെടുത്തു പണികൾ നടത്തിക്കൊണ്ടിരുന്ന ഗുജറാത്തിലെ ബാക്ക്ബോൺ കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി, പണികൾ പൂർണമായും നിർത്തിവച്ചതോടെയാണ് കാഞ്ഞിരപ്പള്ളി ബൈപാസ് പ്രതിസന്ധിയിലായത് . 2025 മാർച്ച് മൂന്നിന് പണികൾ തീരുമെന്ന ഉറപ്പിലാണ് കരാർ ബാക്ക് ബോൺ കമ്പനി ടെൻഡർ ഉറപ്പിച്ച് പണികൾ ആരംഭിച്ചത് . എന്നാൽ കമ്പനിയുടെ അപ്രതീക്ഷിത നീക്കം നിർമ്മാണം പ്രതിസന്ധിയിലാക്കി. പുതിയ കമ്പനിയെ പണികൾ ഏൽപ്പിക്കേണ്ടതിനായി റീ ടെണ്ടർ ചെയ്തതിനെ തുടർന്ന് തെരുവത്ത് കൺസട്രക്ഷൻസ് കരാർ വയ്ക്കുകയും നിർമ്മാണ ജോലികൾ അടുത്തയാഴ്ച പുനരാരംഭിക്കുകയാണ്. ഇതോടെ ബൈപ്പാസ് നിർമ്മാണത്തിനുള്ള താൽക്കാലിക പ്രതിസന്ധി ഒഴിവായി. പുതിയ കരാറുകാരൻ സ്ഥലം സന്ദർശിച്ചു പ്രാരംഭ പ്രവർത്തങ്ങൾക്ക് തുടക്കമിട്ടു.. പണി ആയുധങ്ങൾ നിർമ്മാണ സ്ഥലത്ത് എത്തിക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത് . എട്ട് മാസം കൊണ്ട് പണികൾ പൂർത്തിയാക്കുമെന്ന് പുതിയ കരാറുകാരൻ ഉറപ്പു നൽകി.
ദിനംപ്രതി ഗതാഗതക്കുരുക്കിൽ പൊറുതിമുട്ടുന്ന കാഞ്ഞിരപ്പള്ളിക്കാർ, ബ്ലോക്കില്ലാതെ, സുഗമമായി യാത്ര ചെയ്യുവാൻ ഇനി കാത്തിരിക്കേണ്ടത് എട്ട് മാസങ്ങൾ കൂടി.

കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ. എൻ ജയരാജ് മുൻകൈയെടുത്ത് 2023 സെപ്റ്റംബർ മൂന്നിന് തുടക്കം കുറിച്ച നിർമ്മാണ പ്രവർത്തികൾ 2025 മാർച്ച് മൂന്നിന് പൂർത്തീകരിക്കുമെന്നാണ് പഴയ കരാറിൽ സമ്മതിച്ചിരുന്നത്. 26.16 – കോടി രൂപായ്ക്ക് ഗുജറാത്ത് ബാക്ക്ബോൺ കമ്പനിയാണ് നിർമ്മാണത്തിന് ടെന്റർ എടുത്തിരുന്നത്. എം.എൽ.എയും, പദ്ധതി നിർവഹണം നടത്തേണ്ട റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിന്റെ ഉയർന്ന ഉദ്യോഗസ്ഥരും, പദ്ധതിയുടെ കൺസൾട്ടന്റെ ആയ ബ്രൈറ്റ്സ് ലിമിറ്റഡിൻ്റെ ഉദ്യോഗസ്ഥരും പുതിയ കരാറുകാരുമായി ചർച്ച നടത്തി.

.മുൻപ് ഗ്രാമപഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്തിരുന്ന ഭാഗത്ത് ദേശീയ പാത 183 യില്‍ ഉള്ള വളവില്‍ നിന്ന് ആരംഭിച്ച് കാഞ്ഞിരപ്പള്ളി മണിമല റോഡിനു കുറുകെ മേല്‍പ്പാലം നിര്‍മ്മിച്ച് ദേശീയപാതയിലെ റാണി ഹോസ്പിറ്റലിനും സമീപം എത്തുന്ന രീതിയില്‍ 1.626 കിലോമീറ്റര്‍ നീളത്തില്‍ 15 മുതല്‍ 18 മീറ്റര്‍ വീതിയില്‍ ബൈപാസ് നിര്‍മ്മിക്കുന്നതാണ് പദ്ധതി. ഇതിനായി മൂന്ന് ഹെക്ടര്‍ 49 ആര്‍ 84 ച.മീ. സ്ഥലം ആണ് പദ്ധതിക്ക് ആകെ ആവശ്യമായിരുന്നത്. (8 ഏക്കര്‍ 42.8 സെന്റ് സ്ഥലം). 29 വസ്തു ഉടമസ്ഥരില്‍ നിന്ന് 13 സര്‍വേ നമ്പറുകളിലായി കിടന്ന ഭൂമി സര്‍ക്കാര്‍ 24.76 കോടി രൂപ നല്‍കിയാണ് സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയത്.

കാഞ്ഞിരപ്പള്ളിക്ക് ഒരു ബൈപാസ് എന്ന ആശയത്തിന് തുടക്കമിട്ടത് 2004 ആണ്. വിവിധ കാരണങ്ങളാല്‍ അന്ന് മുതൽ പലവിധ തടസ്സങ്ങളാൽ അത് നടന്നില്ല. ചട്ടപ്രകാരമുള്ള സ്റ്റേറ്റ് ലെവല്‍ എംപവേര്‍ഡ് കമ്മിറ്റിയുടെ, അനുമതിയോടെ 16-01-2016 ല്‍ കാഞ്ഞിരപ്പള്ളി വില്ലേജിലെ 308.13 ആര്‍ സ്ഥലം ഏറ്റെടുക്കാന്‍ ഉത്തരവായി. 2016-17 ലെ സംസ്ഥാന ബജറ്റില്‍ 20 കോടി രൂപ ആദ്യഘട്ടം പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചു. 2016-17 പുതിയ സര്‍ക്കാരിന്റെ പുതുക്കിയ ബജറ്റില്‍ ബൈപാസ് കിഫ്ബി പദ്ധതിയായി പ്രഖ്യാപിച്ചു. ബൈപാസിന്റെ വിശദമായ ഡിസൈനും റിപ്പോര്‍ട്ടും എസ്റ്റിമേറ്റും തയാറാക്കാന്‍ കേരളാ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പേറേഷന്‍ ലിമിറ്റഡിനെ ചുമതലപ്പെടുത്തി. അവര്‍ തയാറാക്കിയ ഡിസൈന്‍ പ്രകാരം 15 മീറ്റര്‍ വീതി ആയിരുന്നത് ഒരു ഘട്ടത്തില്‍ 12 മീറ്റര്‍ ആക്കി മാറ്റുന്നതിനായി കിഫ്ബിയുടെ ഭാഗത്തുനിന്നും നീക്കമുണ്ടായി. എന്നാല്‍ ഈ വിഷയം അറിഞ്ഞപ്പോള്‍ തന്നെ 4.4.2018 ല്‍ ഡോ.എൻ ജയരാജ് എം.എൽ.എ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ആ നീക്കം മരവിപ്പിച്ചു. 25-05-2018 ലെ കിഫ്ബി എക്‌സിക്യൂട്ടീവി കമ്മിറ്റി തീരുമാന പ്രകാരം ആവശ്യമായ സ്ഥലമേറ്റെടുക്കാനുള്‍പ്പെടെ ബൈപാസ് നിര്‍മ്മാണത്തിനായി 78.69 കോടി രൂപ അനുവദിച്ച് ഉത്തരവായി.

ദേശീയപാതയുമായി ചേരുന്ന രണ്ട് ഭാഗങ്ങളിലും സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വെല്‍മൗത്തും ഡിവൈഡറുകളും കൂടി ഉള്‍പ്പെടുത്തി പുതുക്കിയ ഡിസൈന്‍ തയാറാക്കി. ഇതനുസരിച്ച് ആര്‍. ബി. ഡി. സി. കെ ചുമതലപ്പെടുത്തി കിറ്റ്‌കോ തയാറാക്കിയ പുതിയ ഡിസൈന്‍ പ്രകാരം ആദ്യം ആവശ്യമായിരുന്ന സ്ഥലം കൂടാതെ അധിക സ്ഥലം ഏറ്റെടുക്കേണ്ടതായി വന്നു. 2015 ലെ ചട്ടപ്രകാരം ഭൂമിയേറ്റെടുക്കാന്‍ പ്രാരംഭചെലവിനായി കിഫ്ബി റവന്യൂ വകുപ്പിന് 50 ലക്ഷം രൂപ കൈമാറി. രണ്ട് പ്രളയങ്ങളും, കോവിഡ് ലോക് ഡൗണ്‍ മൂലമുള്ള അരക്ഷിതാവസ്ഥ, നിരവധി ഇലക്ഷന്‍ പെരുമാറ്റ ചട്ടങ്ങള്‍ എന്നീ കടമ്പകളുടെ ഇടയിലൂടെയാണ് ഇത് സാധിച്ചെടുത്തത്.

ബൈപാസിന് ഏഴ് മീറ്റര്‍ വീതിയുള്ള അവിഭക്ത രണ്ട്-വരി കാരിയേജ് വേ ഉണ്ട്. ഇരുവശത്തും 1.5 മീറ്റര്‍ ടൈല്‍ഡ് ഫുട്പാത്ത്, അതിന് പുറമേ ഇരുവശത്തും ഒരു മീറ്റര്‍ വീതിയില്‍ മണ്‍ പ്രദേശം, ആവശ്യമായ സ്ഥലങ്ങളില്‍ ഫുട്പാത്ത് കം ഡ്രെയിനേജും നിര്‍ദേശിച്ചിട്ടുണ്ട്. മണിമല റോഡിനും ചിറ്റാര്‍പുഴയ്ക്കും കുറുകെയുള്ള പാലത്തിന് 90 മീ നിളമാണ് ആണ് ഉള്ളത്. ആകെയുള്ള വീതി 14.50 മീറ്ററില്‍ 7.50 മീറ്റര്‍ വീതിയുള്ള അവിഭക്ത രണ്ടുവരി പാത, 1.50 മീറ്റര്‍ നടപ്പാത എന്നിവ ഉള്‍പ്പെടുന്നു. 1.50 മീറ്റര്‍ ഫുട്പാത്ത്, 0.25 മീറ്റര്‍ ഹാന്‍ഡ് റെയില്‍, ഇരുവശങ്ങളിലും 0.50 മീറ്റര്‍ ക്രാഷ് ബാരിയറുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു.

error: Content is protected !!