ഡോക്ടറെയും ഭാര്യയെയും വീട്ടിൽ എത്തി മർദ്ദിച്ചെന്ന് പരാതി.
മുക്കൂട്ടുതറ : ഡോക്ടറെയും ഭാര്യയെയും വീട് കയറി ആക്രമണം നടത്തിയെന്ന് പരാതി. സംഭവം നടന്നിട്ട് ഒരാഴ്ച ആയിട്ടും പ്രതികളെ പിടിക്കാതെ പോലിസ്. റിട്ട. വെറ്ററിനറി ഡോക്ടർ അനിൽ കുമാറിനെയും ഭാര്യ സമനിസയെയും രണ്ട് പേർ ആക്രമിച്ചെന്നാണ് പരാതി.
കഴിഞ്ഞ ശനി രാത്രിയിൽ മുക്കൂട്ടുതറയ്ക്ക് സമീപം ഓലക്കുളത്ത് ഡോ. അനിൽ കുമാറിന്റെ വീട്ടിൽ വെച്ചാണ് സംഭവം. മുക്കൂട്ടുതറ സ്വദേശികളായ മനുസദനം മനു, മകൻ അഖിൽ എന്നിവർ വളർത്തുനായയുമായി നായക്ക് ചികിത്സ തേടി ഡോക്ടറുടെ വീട്ടിൽ എത്തിയതായിരുന്നു. ഈ സമയം ഡോക്ടർ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണെന്നും ഉടനെ വരുമെന്നും അതുവരെ നായയെ സിറ്റൗട്ടിൽ നിർത്താതെ മുറ്റത്ത് നിർത്താനും ഡോക്ടറുടെ ഭാര്യ പറഞ്ഞു. ഇതിൽ പ്രകോപിതനായ മനു ഇവരെ കയ്യേറ്റം ചെയ്യുകയും തുടർന്ന് മർദ്ദിക്കുകയുമായിരുന്നു എന്നും ഇറങ്ങി വന്ന ഡോക്ടറെയും മനുവും ഒപ്പമുണ്ടായിരുന്ന മകൻ അഖിലും ചേർന്ന് മർദ്ദിച്ചെന്നും ഡോക്ടറും ഭാര്യയും വെച്ചൂച്ചിറ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
സംഭവത്തിന്റെ സിസി ക്യാമറ ദൃശ്യങ്ങൾ പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. പരിക്കേറ്റ ഡോക്ടറും നെഞ്ചിൽ സാരമായി പരിക്കേറ്റ ഭാര്യ സമനിസയും ആശുപത്രിയിൽ ചികിത്സ തേടി. സംഭവം സംബന്ധിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും ഒളിവിലായ പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയെന്നും വെച്ചൂച്ചിറ പോലിസ് പറഞ്ഞു.
