വെബ്ലിയിൽ ചങ്ങലപ്പാലം തൂക്കുപാലമായിട്ട് കാലമേറെ ; കോൺക്രീറ്റ് പാലം വേണമെന്ന ആവശ്യം ശക്തം.
കൊക്കയാർ : അഞ്ചു പതിറ്റാണ്ട് മുൻപ് മലയോര മേഖലയായ വെംബ്ലി, ഉറുമ്പിക്കര തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ പ്രധാന ടൗണുകളായ മുണ്ടക്കയം കൂട്ടിക്കൽ എന്നിവിടങ്ങളിലേക്ക് എത്താൻ ഉപയോഗിച്ച ചങ്ങലപ്പാലം ഉണ്ടായിരുന്നു വെംബ്ലിയിൽ. പിന്നീട് അറ്റകുറ്റപ്പണി നടത്തി ഇത് തൂക്കുപാലമാക്കി മാറ്റി. നിരന്തരമായ ആവശ്യം പരിഗണിച്ച് തൂക്കുപാലത്തിനു പകരം കോൺക്രീറ്റ് പാലം നിർമിക്കുമെന്ന് പ്രഖ്യാപനങ്ങൾ പലതുണ്ടായെങ്കിലും നാട്ടുകാരുടെ യാത്ര ഇപ്പോഴും തൂക്കുപാലത്തിൽ തന്നെ.
ഇടുക്കി കോട്ടയം ജില്ലയുടെ അതിർത്തിയിൽ കൂട്ടിക്കൽ തേൻപുഴ, കൊക്കയാർ വെംബ്ലി എന്നീ ഗ്രാമങ്ങളെ ബന്ധിപ്പിക്കും വിധം സ്വകാര്യ എസ്‌റ്റേറ്റിലെ തൊഴിലാളികൾക്ക് സഞ്ചരിക്കാനാണ് ആദ്യം ചങ്ങലപ്പാലം നിർമിച്ചത്.
പാലം നാടിന്റെ പ്രധാന ആശ്രയം ആയതോടെ പിന്നീട് പഞ്ചായത്തുകൾ പാലം ഏറ്റെടുത്തു. ചങ്ങലപ്പാലം കൂടുതൽ ബലപ്പെടുത്തി തൂക്കുപാലം ആക്കി മാറ്റി. ഇതിനിടെ തന്നെ കോൺക്രീറ്റ് പാലം വേണമെന്ന ആവശ്യം ഉയർന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. പിന്നീട് പാലത്തിന് 5 കോടി രൂപ അനുവദിച്ചതായി പ്രഖ്യാപനം ഉണ്ടായി. ഓരോ വർ ഷം കഴിയുന്തോറും തുക കൂടിക്കൂടി ജനപ്രതിനിധികളുടെ പ്രഖ്യാപനത്തിൽ ഇത് 18 കോടി വരെയായി. പക്ഷേ, നടപടികൾ പാലം കടന്നില്ല. 2021ലെ പ്രളയത്തിൽ തൂക്കുപാലത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു.
വീണ്ടും നവീകരിച്ചെങ്കിലും സമീപത്തെ മരം ഒടിഞ്ഞു വീണ് പാലത്തിന് കേടുപാടുകൾ സംഭവിച്ചു . തുടർന്ന് പുതിയ പ്ലാറ്റ്ഫോം സ്ഥാപിച്ചാണ് നാട്ടുകാർ ഇപ്പോൾ യാത്ര തുടരുന്നത്.
