മുണ്ടക്കയത്തെ നൊമ്പരപ്പെടുത്തി ഉറ്റസുഹൃത്തുക്കളുടെ വേർപാട് , വാഹനാപകടത്തിൽ മരണം രണ്ടായി ..
മുണ്ടക്കയം: കളിക്കൂട്ടുകാരായി ചെറു പ്രായത്തിലെ തോളിൽ കൈയിട്ട് നടന്നു. പഠനത്തിലും ഒരുമിച്ചായിരുന്ന ആ ഉറ്റസുഹൃത്തുക്കൾ ഒടുവിൽ മരണത്തിലും ഒരുമിച്ച് യാത്രയായി . ബുധനാഴ്ച കോഴിക്കോട് വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മുണ്ടക്കയം പുത്തൻചന്ത സ്വദേശി അൻസിൽ (21) ആണ് ഇന്ന് മരണപ്പെട്ടത് . ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. അൻസിലിന്റെ ഉറ്റസുഹൃത്ത് പുത്തൻചന്ത പുതുപറമ്പിൽ നെബീൽ ഷാജി (22) അപകട ദിവസം തന്നെ മരണപ്പെട്ടിരുന്നു. മുണ്ടക്കയം ടൗണിലെ മത്സ്യ വ്യാപാരി സാബു (നജീബ് ) – നജ്മ ദമ്പതികളുടെ മകനാണ് അൻസിൽ. മുണ്ടക്കയം പുത്തൻ ചന്ത പുതുപറമ്പിൽ ഷാജി -ഷീജ ദമ്പതികളുടെ മകൻ നബീൽ മുഹമ്മദ്.
പഠനത്തിന്റെ ഭാഗമായുള്ള ഇന്റേൺഷിപ്പിനായിട്ടാണ് അൻസിലും നെബീലും കൂടി കോഴിക്കോട്ടേക്ക് പോയത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു നാടിനെ നടുക്കിയ ആ അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു. നെബീൽ ഷാജി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. തലക്ക് ഗുരുതരമായി പരുക്കേറ്റ അൻസിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്.
ചെറുപ്പം മുതലേ ഒന്നിച്ചു വളർന്നവരായിരുന്നു നെബീലും അൻസിലും. സ്കൂൾ പഠനകാലം മുതൽ ഉറ്റ സുഹൃത്തുക്കളായിരുന്ന ഇവർ ഉപരിപഠനത്തിനും, ജോലി സംബന്ധമായ പരിശീലനങ്ങൾക്കും ഒരുമിച്ചാണ് പോയിരുന്നത്. പ്രതീക്ഷകളോടെ കോഴിക്കോട്ടേക്ക് വണ്ടി കയറിയ പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങേണ്ടി വന്നതിന്റെ ആഘാതത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.
രണ്ട് യുവാക്കളുടെയും അപ്രതീക്ഷിത വേർപാട് മുണ്ടക്കയം പുത്തൻചന്ത മേഖലയെ ഒന്നടങ്കം വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. അൻസലിന്റെ മൃതദേഹം പുത്തൻചന്തയിലെ വീട്ടിലെ പൊതു ദർശനത്തിനുശേഷം വരിക്കാനി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
