കേരള കോൺഗ്രസ് (എം ) സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി യോഗം ചേർന്ന് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി.
തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനും, പരാജയം ചർച്ച ചെയ്യുന്നതിനും കേരള കോൺഗ്രസ് (എം) യോഗം കോട്ടയത്ത് സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്നു. പ്രതിസന്ധികളെ അവസരങ്ങളായി മാറ്റി ശക്തമായ സംഘടന പ്രവർത്തനം നടത്തിക്കൊണ്ട് പാർട്ടി ചെയർമാൻ ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ ഒറ്റക്കെട്ടായി മുന്നോട്ടു പോകുന്നതിന് യോഗം തീരുമാനിച്ചു.
ആറ് പതിറ്റാണ്ടായി കേരള രാഷ്ട്രീയത്തിൽ ശക്തമായി നിലകൊള്ളുകയും, കേരളത്തിന്റെ വികസനത്തിന് ഉജ്ജ്വലമായ സംഭാവനകൾ നൽകുകയും ചെയ്ത കേരള കോൺഗ്രസ് ( എം) -ന്റെ രാഷ്ട്രീയ പ്രസക്തിക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല എന്നും സ്റ്റിയറിങ് കമ്മിറ്റി യോഗം വിലയിരുത്തി. അതുകൊണ്ടാണ് വലിയ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോഴും കേരള കോൺഗ്രസ് (എം )ന്റെ പകുതിയോളം സ്ഥാനാർത്ഥികളും പതിനായിരത്തിൽ താഴെ മാത്രം വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. രണ്ടില ചിഹ്നത്തിൽ മത്സരിച്ച 12 സ്ഥാനാർത്ഥികൾകും കൂടി 5 ലക്ഷത്തിലധികം വോട്ടുകളും നേടാനായി.
മാണി സാറിന്റെ നേതൃത്വത്തിൽ മുൻകാലങ്ങളിൽ കാർഷിക പ്രശ്നങ്ങൾ, പട്ടയ പ്രശ്നങ്ങൾ ഉൾപ്പെടെ നിരവധിയായ ജനകീയ വിഷയങ്ങൾ പരിഹരിക്കുന്നതിന് കേരള കോൺഗ്രസ് (എം) നേതൃത്വം നൽകിയിട്ടുണ്ട്. കൂടാതെ ക്ഷേമ പെൻഷനുകൾക്ക് തുടക്കം കുറിക്കൽ, റവന്യൂ ടവറുകൾ സ്ഥാപിച്ചുകൊണ്ട് ഭരണസംവിധാനങ്ങൾ ഒരു മേൽക്കൂരയ്ക്ക് കീഴിൽ കൊണ്ടുവരൽ, കാരുണ്യ ചികിസാ പദ്ധതി, റബർ വില സ്ഥിരത ഫണ്ട്, വെളിച്ച വിപ്ലവം, സാമൂഹിക ജലസേചന പദ്ധതി തുടങ്ങി ആധുനിക കേരളത്തിന്റെ വികസന-ക്ഷേമ രംഗങ്ങളിൽ തങ്കലിപികളിൽ രേഖപ്പെടുത്തപ്പെട്ട എത്രയോ ജനകീയ പദ്ധതികൾക്ക് കെ.എം. മാണി സാറിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.
അതേപോലെതന്നെ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് (എം )ന്റെ ഇടപെടലിലൂടെ ബഫർ സോൺ വിഷയത്തിൽ കർഷക അനുകൂല പരിഹാരമാർഗങ്ങൾ, ഇടുക്കി ജില്ലയിലെ ഉൾപ്പെടെയുള്ള ഭൂപ്രശ്നങ്ങളിൽ നടത്തിയ ഇടപെടലുകൾ, റബർ വിലസ്ഥിരത ഫണ്ടിന്റ പരിധി വർദ്ധിപ്പിക്കൽ മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവർക്കുള്ള EWS സംവരണം, ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലൂടെ നടപ്പിലാക്കിയ ആനുകൂല്യങ്ങൾ, ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് അധ്യാപക നിയമനത്തിൽ ഉണ്ടായിരുന്ന പ്രതിസന്ധിക്ക് പരിഹാരം.കന്യാസ്ത്രീകൾക്ക് റേഷൻ കാർഡ്, പെൻഷൻ തുടങ്ങി എത്രയോ വിഷയങ്ങളിൽ കേരള കോൺഗ്രസ് (എം )ന്റെ ഇടപെടലിലൂടെ യാഥാർത്ഥ്യമായിട്ടുണ്ട്. ഇങ്ങനെ എല്ലാക്കാലത്തും മുന്നോട്ടുള്ള പ്രയാണത്തിൽ തനതായ പങ്കുവഹിച്ചിട്ടുള്ള, കേരളത്തിൽ അങ്ങോളമിങ്ങോളം ജനകീയ അടിത്തറയുള്ള, കാർഷിക മലയോര മേഖലകളിൽ സജീവ സാന്നിധ്യമായി കേരള കോൺഗ്രസ് (എം) മുന്നോട്ടു പോകും. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരത്തിനായി നിയമഭേദഗതി ആദ്യമായി പാർലമെന്റിലും, കേരള നിയമസഭയിലും ആവശ്യപ്പെട്ടതും കേരള കോൺഗ്രസ് (എം) തന്നെയാണ്.
എപ്പോഴും ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് മുന്നോട്ടു പോകുന്ന കേരള കോൺഗ്രസ് (എം )നെ ഒരു തിരഞ്ഞെടുപ്പ് പരാജയത്തിലൂടെ തളർത്താൻ കഴിയുമെന്ന് രാഷ്ട്രീയ ശത്രുക്കൾ കരുതേണ്ട. പരാജയം വിജയത്തിന്റെ മുന്നോടിയാണ്. പൂർവാധികം ശക്തിയായി ഈ പാർട്ടി തിരികെ വരും. ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് ക്രിയാത്മക പ്രതിപക്ഷമായി ഈ പാർട്ടി നാടിന്റെ മുഖ്യധാരയിൽ ഉണ്ടായിരിക്കുമെന്നും യോഗം പ്രഖ്യാപിച്ചു.
