KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ സർവീസുകൾ നിർത്തലാക്കാൻ നീക്കം.

ഈരാറ്റുപേട്ട : കെ.എസ്.ആർ.ടി. സി. ഡിപ്പോയിൽനിന്ന് മൂന്ന് ദീർഘ ദൂര സർവീസുകളും ഒരു ഓർഡിനറി സർവീസും നിർത്തലാക്കാൻ നീക്കം. ഡിപ്പോയുടെ ഏക അന്തർ സംസ്ഥാന സർവീസായ കോയമ്പത്തൂരും നിർത്തലാക്കൽ ഭീഷണിയിലാണ്.

കോയമ്പത്തൂരിനു പുറമേ രാവിലെ 7.15-നുള്ള ചേന്നാട്-തിരുവനന്തപുരം, വെള്ളാനി-കോട്ടയം എന്നിവയും ഓർഡിനറി സർവീസായ ആറിനുള്ള തലനാട് എന്നിവയുമാണ് നിർത്തുന്നത്. കോവിഡ് കാലത്തിനുശേഷമാണ് ഇത്രയധികം ബസുകൾ നിർത്താലാക്കുന്നത്. വിവിധ കാരണങ്ങൾ പറഞ്ഞ് നിർത്തലാക്കുകയോ സമീപ ഡിപ്പോകളിലേക്ക് മാറ്റുകയോ ചെയ്ത സർവീസുകളൊന്നും പിന്നീട് പുനരാരംഭിച്ചില്ല. ഈരാറ്റുപേട്ടയിൽനിന്ന് ലാഭകരമായി സർവീസ് നടത്തിയിരുന്ന അന്തർസ്സംസ്ഥാന സർവീസായ തെങ്കാശി ബസ് പാലാ ഡിപ്പോയിലേക്ക് മാറ്റിയിരുന്നു.

ഈരാറ്റുപേട്ട – കോയമ്പത്തൂർ സർവീസും പാലായിലേക്ക് മാറ്റാനുള്ളനീക്കം നടക്കുന്നുവെന്ന ആരോപണം ഉയരുന്നുണ്ട്. ഈരാറ്റുപേട്ട
വഴി സർവീസ് നടത്തിയിരുന്ന കൊട്ടാരക്കര-ബെംഗളൂരു സ്ലീപ്പർ കം സീറ്റർ എ.സി. ബസ് റൂട്ട് മാറ്റി പൊൻകുന്നം പാലാ വഴി ആക്കിയിരുന്നു. ശബരിമല സീസണിൽ എരുമേലിയിലെ ഗതാഗതക്കുരുക്കിൽനിന്ന് ഒഴിവാകാനാണ് പുതിയ റൂട്ടിലൂടെ സർവീസ് നടത്തുന്നതെന്നും സീസൺ കഴിഞ്ഞാൽ പഴയ റൂട്ടിലൂടെ വരുമെന്നും കൊട്ടാരക്കര ഡിപ്പോ അധികൃതർ അറിയിച്ചിരുന്നു. എന്നാൽ, അത് പാഴ് വാക്കായി തുടരുന്നു.

പാലാ എ.ടി.ഒ.യുടെ കീഴിലാണ് ഈരാറ്റുപേട്ട ഡിപ്പോ പ്രവർത്തിക്കുന്നത്. എറണാകുളം സോണിലെ മികച്ച ഡിപ്പോ ആയിരുന്ന ഈരാറ്റു പേട്ട ഡിപ്പോയിൽ മുമ്പ് 73 ഷെഡ്യൂളുകൾ ഓപ്പറേറ്റ് ചെയ്തിരുന്നു. ഇപ്പോൾ 32 സർവീസുകളായി കുറഞ്ഞു.

30-ൽ താഴെ സർവീസ് നടക്കുമ്പോൾ ഡിപ്പോ എന്ന പദവിയിൽ നിന്ന് ഓപ്പറേറ്റിങ് സെന്റർ ആക്കി തരം താഴ്ത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന ആരോപണവും ശക്തമാണ്. ജനപ്രതിനിധികൾ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നാണ് ആവശ്യം.

error: Content is protected !!